കാഥികന്‍ മറഞ്ഞു, കഥ തുടരുന്നു...

World of Letters

കാഥികന്‍ മറഞ്ഞു, കഥ തുടരുന്നു...


കാലം ഒരു വർഷം മുന്നോട്ടു നീങ്ങിയിട്ടും, എം.ടി. വാസുദേവൻ നായർ എന്ന പേര് മലയാളിയുടെ മനസ്സിൽ ഇന്നും ഒരു നിശ്ശബ്ദ സംഗീതം പോലെ മുഴങ്ങിക്കൊണ്ടിരിക്കുന്നു. അദ്ദേഹം പോയെന്ന സത്യം അംഗീകരിക്കാൻ മലയാളികളുടെ മനസ്സ് ഇനിയും പഠിച്ചിട്ടില്ല; കാരണം, അദ്ദേഹം കഥകളായി, വാക്കുകളായി, മനുഷ്യരുടെ വേദനകളായി നമ്മിൽ തന്നെ തുടരുകയാണ്. ഭാരതപ്പുഴയുടെ തീരങ്ങളിൽ നിന്നുയർന്ന ആ ശബ്ദം, മനുഷ്യജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നു മടങ്ങിയ കഥകളിലൂടെ, മലയാളിയുടെ ആത്മാവിൽ വേരൂന്നിയിരിക്കുന്നു. വേർപാടിന്റെ ഒരു വർഷം, ഓർമ്മയുടെ തീരത്ത് നിൽക്കുമ്പോൾ, എം. ടി. നമ്മെ ഓർമ്മിപ്പിക്കുന്നത് നഷ്ടത്തെക്കാൾ വലിയ ഒന്നാണ്. ജീവിതത്തെ കരുതലോടെ കാണാൻ പഠിപ്പിച്ച ഒരു ദൃഷ്ടി. ഈ എഴുത്ത്, ഒരു അനുസ്മരണമല്ല. കാലത്തെ അതിജീവിക്കുന്ന ഒരു കഥാകാരനോടുള്ള മലയാളിയുടെ മൗനനമസ്കാരമാണ്.

കാഥികൻ്റെ കല എന്ന പുസ്തകത്തിൽ എം ടി ഇങ്ങനെ എഴുതി:

"എല്ലാ എഴുത്തുകാരും ജീവിതാനുഭവങ്ങളാണ് അസംസ്കൃതവിഭവമായെടുക്കുന്നത്. പഴയ ശൈലിയിൽ പറഞ്ഞാൽ എഴുത്തുകാരന്റെ കളിമണ്ണ്. മഹാനായ ശില്പി റോദാൻ, ഒരുരുള കളിമണ്ണെടുത്ത് കൈയിൽ തിരുപ്പിടിച്ചു കൊണ്ടുനിന്ന ഒരു രംഗം, ലോകപ്രശസ്ത നർത്തകിയായിരുന്ന ഇസ്ദോരാ ഡങ്കൻ ആത്മകതയിൽ വിവരിക്കുന്നുണ്ട്. സുന്ദരിയായ നർത്തകി നോക്കിനിൽക്കേ, റോദാൻ്റെ പരുക്കൻകൈക്കകത്തു രൂപപ്പെടുന്ന കളിമൺ മുലകളിൽ ഞരമ്പുകൾ തുടിക്കുന്നത് കണ്ടു. അത്തരത്തിലൊരു മാറ്റം തന്നെയാണ് ജീവിതാനുഭവങ്ങൾ എന്ന അസംസ്കൃതവസ്തുവിൽ എഴുത്തുകാരനും ചെയ്യുന്നത്. "


Related Articles