2018 ജനുവരി 23, 5:45 AM
ചെന്നൈ സെൻട്രൽ റെയിൽവേസ്റ്റേഷന് ഏതാനും കിലോമീറ്ററുകൾക്കു മുൻപുള്ള ആവടി എന്ന ചെറിയ റെയിൽവേസ്റ്റേഷൻ. അതിരാവിലെ ട്രാക്കിലും ട്രാക്കിന്റെ പരിസരത്തുമൊക്കെയായി വെളിക്കിറങ്ങാനിരുന്നവർ സുരക്ഷിതമായ മറ്റുസ്ഥാനങ്ങളിലേക്ക് മാറിയിരുന്നു. ഹോൺ മുഴക്കി വേഗത കുറച്ച് നാലാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് ആലപ്പി ചെന്നൈ എക്സ്പ്രസ്സ് വന്ന് നിൽക്കുമ്പോഴേക്കും പുറത്തേക്കിറങ്ങുവാനുള്ള ആളുകളുടെ തിരക്ക് വാതിലിനരികിൽ രൂപപ്പെട്ടുകഴിഞ്ഞിരുന്നു. ട്രെയിൻ നിൽക്കുന്നതിനു മുൻപേതന്നെ ആളുകൾ തിക്കിത്തിരക്കി ഇറങ്ങിത്തുടങ്ങി. ചെന്നൈ സിറ്റിയുടെ ഔട്ടറിൽ താമസിക്കുന്നവരും ജോലിചെയ്യുന്നവരുമൊക്കെയാണ് സാധാരണ ആ സ്റ്റേഷൻ ഉപയോഗിക്കാറുള്ളത്. തിരക്കുകൾക്കിടയിൽപ്പെട്ട് ഞെരിഞ്ഞമർന്ന ബാഗുകളുമായി ഒരുവിധത്തിൽ ശ്രീറാമും പുറത്തേക്കിറങ്ങി.
വലിയ കേടുപാടുകളില്ലാതെ പുറത്തേക്കിറങ്ങിയ സമാധാനത്തിൽ അവൻ പ്ലാറ്റ്ഫോമിൽ നിന്ന് ഒന്ന് നടുനിവർത്തി. ആ സ്റ്റേഷനിൽ ഇറങ്ങിയ ആളുകളൊക്കെയും നിമിഷനേരംകൊണ്ട് പല ഭാഗത്തേക്കും ചിതറിപ്പോയി. ആ സമയത്ത് ട്രെയിൻ ഹോൺ മുഴങ്ങിക്കൊണ്ട് വീണ്ടും മുന്നോട്ട് നീങ്ങിത്തുടങ്ങിയിരുന്നു. ചുമലിലും തോളിന്റെ ഇരുവശങ്ങളിലും തൂക്കിയിട്ടിരുന്ന ബാഗുകൾ നിലത്തേക്ക് ഊരിവച്ചിട്ട് അവൻ പ്ലാറ്റ്ഫോമിൽ മൊത്തമായി ഒന്ന് കണ്ണോടിച്ച് നോക്കി. തന്നെ കൂട്ടുവാനായി ബിനീഷേട്ടൻ എത്തിയിട്ടില്ല. നിലത്തിരിക്കുന്ന ബാഗുകൾ സമീപത്തെ സിമന്റ് ബെഞ്ചിലേക്ക് കയറ്റിവച്ച് പ്ലാറ്റ്ഫോമിലെ ഡ്രിങ്കിങ് വാട്ടർടാപ്പിനരികിലേക്ക് മുഖം കഴുകാനായി ശ്രീറാം നടന്നു.
