അഭയസ്ഥാനം തേടിയലയുന്ന മനുഷ്യരുടെ ഭാവവും വികാരവും സമകാലത്തിന്റെ മുഖമുദ്രയാണ്. ജീവരാശിയെ മുന്നോട്ടുനയിക്കുന്ന മൂല്യസംഹിതയുടെ അദ്ധ്യായങ്ങൾ അവർക്ക് എളുപ്പം പ്രാപ്യമാവുന്നില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. രൂപക്രമമില്ലാത്ത നാളുകളെ നേരിടാൻ മനസ്സ് പാകപ്പെടുത്തിക്കൊണ്ട് അവർ നിയതമായ ലക്ഷ്യമില്ലാത്ത യാത്രയ്ക്കായി സദാ ഒരുങ്ങുകയാണ്.. കാതങ്ങളോളം ഭൂമിയിലും സമുദ്രത്തിലും ദിക്കറിയാതെ ഉഴറിക്കൊണ്ട് ഒടുവിൽ പൊതു അഭയകേന്ദ്രങ്ങളിൽ ചേക്കേറാനായി അവർ യത്നിക്കുന്നു. കാവൽ നില്ക്കാൻ പാറാവുകാരോ ജലയാനത്തിന്റെ അപായസാധ്യതകളെ കാലേ കൂട്ടി അറിയിക്കുന്ന ദീപസ്തംഭങ്ങളോ ഇല്ലാത്ത ഒരു പലായനപർവത്തിൽ ഹൃദയത്തോട് ചേർത്തുവെച്ച സ്വപ്നങ്ങളും പ്രതീക്ഷകളുമാണവർക്ക് കൂട്ടിനുള്ളത്. എങ്കിലും സഞ്ചാരപഥത്തിലുള്ള വിളക്കുമാടങ്ങളിലെ വെളിച്ചപ്പൊട്ടുകൾ സുരക്ഷിതമായ കരകളിലേക്കുള്ള ദിശാസൂചിയായി മാറുമെന്ന പ്രമാണം അവർക്ക് തള്ളിക്കളയാനാവില്ല.
സങ്കൽപ്പത്തിൽ കണ്ടതും കേട്ടതുമായ നല്ല നാളേയ്ക്കായുള്ള അന്വേഷണത്തിൽ ആത്മവിശ്വാസം കൈമോശം വരാതിരിക്കാൻ അവർ ശ്രദ്ധിക്കുന്നുണ്ട്. ആകാശം പോലെ നീണ്ടുകിടക്കുന്ന അനിശ്ചിതമായ യാത്രാപഥത്തിൽ ഇടത്താവളങ്ങളോ അന്തിമ ലക്ഷ്യസ്ഥാനമോ തെളിഞ്ഞു കാണുക എന്നത് പ്രയാസകരമായി തീരുന്നു. ജീവിതത്തെ ചേർത്തുപിടിക്കാനുള്ള 'വഴി' വിസ്തരിച്ചു പറയാൻ സഹയാത്രികർക്കോ സുഹൃത്തുക്കൾക്കോ കഴിയാത്ത ഒരു അവസ്ഥ നിരാശാജനകമാണ്. വ്യസനത്തിന്റെ കടലിൽ പിടയ്ക്കുന്ന മീനുകളായി അവർ കണ്ണെത്താദൂരത്തേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ദൃശ്യമാണ് സംജാതമാവുന്നത്.
