പ്രണയധ്വനി: അദ്ധ്യായം ഒന്ന്

World of Letters

പ്രണയധ്വനി: അദ്ധ്യായം ഒന്ന്


2009–ലെ ഒരു ദിനം

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഗ്ലാസ് വാതിലുകൾ കടന്ന് പുറത്തേക്കിറങ്ങിയ സാറയെ ആദ്യം തഴുകിയത് പരിചയമില്ലാത്തൊരു ചൂടായിരുന്നു. ആ ഇളം ചൂട് അവളുടെ മനസ്സിൽ വല്ലാത്തൊരു ആശ്വാസം പകർന്നു. ലണ്ടനിലെ കൊടുംതണുപ്പിൽ നിന്ന് കേരളത്തിന്റെ ഉഷ്ണമാർന്ന വായുവിലേക്കുള്ള മാറ്റത്തെ അവൾ സന്തോഷ​ത്തോടെയാണ് വരവേറ്റത്. നീണ്ട ഇരുപത്തിയഞ്ച് വർഷങ്ങൾക്കുശേഷം സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തിയതിന്റെ നിറവായിരുന്നു ആ നിമിഷം അവളുടെ ഉള്ളിൽ നിറഞ്ഞുനിന്നത്. വർഷങ്ങളായി നഷ്ടപ്പെട്ടുപോയ എന്തോ തിരിച്ചുകിട്ടിയതുപോലെ അവളുടെ മനസ്സ് അപൂർവമായൊരു ശാന്തതയാൽ നിറഞ്ഞു.

പ്രി പെയ്ഡ് ടാക്സിയിലെ എ.സിയുടെ തണുപ്പിലും സാറയുടെ നെറ്റിയിൽ വിയർപ്പുപൊടിയുന്നുണ്ടായിരുന്നു. എം.സി. റോഡി​ലൂടെ കാർ കോട്ടയത്തേക്ക് കുതിക്കുമ്പോൾ, പുറത്തെ കാഴ്ചകൾ അവളിൽ യാതൊരു കൗതുകവും ഉണ്ടാക്കിയില്ല. റബ്ബർ തോട്ടങ്ങളും വലിയ കോൺക്രീറ്റ് കെട്ടിടങ്ങളും അതിവേഗം മാറിമറിയുന്നു. കാറിന്റെ ഗ്ലാസ്സിൽ പ്രതിഫലിക്കുന്ന സ്വന്തം മുഖത്തേക്ക് അവൾ വെറുതെ നോക്കി. നാൽപ്പത്തിയഞ്ച് വയസ്സിന്റെ അടയാ​ളങ്ങൾ ആ മുഖത്തുണ്ട്. കണ്ണുകൾക്ക് താഴെ ചെറിയ കറുപ്പ് പടർ​ന്നിരിക്കുന്നു. നരച്ചുതുടങ്ങിയ മുടിയിഴകൾ ബർഗണ്ടി നിറം നൽകി ഭംഗിയാക്കിവെച്ചിട്ടുണ്ട്. പക്ഷേ, കണ്ണുകളിലെ ആ വലിയ ശൂന്യത മറയ്ക്കാൻ ലോകത്തൊരു മേക്കപ്പിനും കഴിയില്ലെന്ന് അവൾ​ക്കറിയാമായിരുന്നു.


Related Articles