ഗാസയിൽ കഴിഞ്ഞ രണ്ടു വർഷമായി നടന്നത് കൂട്ടക്കൊല മാത്രമല്ല. വംശീയ ഉന്മൂലനത്തിനുവേണ്ടിയുള്ള പദ്ധതിയുടെ സൂക്ഷ്മമായ നിർവഹണംതന്നെയാണ്. ഗാസയിൽ പലസ്തീനികളെ സമ്പൂർണമായി കൊന്നൊടുക്കുക എന്നതാണ് ഇസ്രയേലിന്റെ ആ പദ്ധതി. 2023 ഒക്ടോബർ ഏഴിന് നടന്ന ഹമാസിന്റെ ആക്രമണം അതിനുള്ള ഒന്നാന്തരം കാരണമായി. അതിന് തൊട്ടുമുമ്പുവരേക്കും ഗാസയിലെ മനുഷ്യർ ദൈനംദിനം അനുഭവിച്ചുകൊണ്ടിരുന്ന ഇസ്രയേലിന്റെ വേട്ട അതോടെ എല്ലാവരും മറന്നു. ചരിത്രം ആരംഭിച്ചത് ഒക്ടോബർ ഏഴിനാണെന്നമട്ടിൽ ഇസ്രയേലുകാർ ഹമാസ് തീവ്രവാദികളിൽനിന്ന് നേരിട്ട കൊടിയ അക്രമത്തിന്റെ ദാരുണവിവരണങ്ങൾ ആഗോളതലത്തിൽ പടർന്നു. അതിന്റെ പശ്ചാത്തലത്തിൽ പിന്നീടിങ്ങോട്ട് ഇസ്രയേൽ തുറന്നുവിട്ട അഗ്നിഭൂതങ്ങൾ ഗാസയെ, ബെഞ്ചമിൻ നെതന്യാഹുവെന്ന കൊലയാളിരാഷ്ട്രത്തലവന്റെ ഭാഷയിൽ പറഞ്ഞാൽ, നരകമാക്കാൻവേണ്ടിയുള്ളതായിരുന്നു. ഓരോ പലസ്തീനിയെയും കൊന്നൊടുക്കുമെന്ന് നെതന്യാഹു പച്ചയ്ക്കുതന്നെ പറഞ്ഞു. എന്നാലും യഥാർഥത്തിൽ നാം കണ്ടത് അതിനപ്പുറം വരുന്ന ആക്രമണമാണ്. ഗാസയെ അയാൾ ഒരു നരകമല്ല, ആയിരം നരകങ്ങളാക്കി. ഇതുവരെ കണക്കാക്കിയ മനുഷ്യനഷ്ടംതന്നെ എഴുപതിനായിരമാണ്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇപ്പോൾ വ്യാപകമായി മൃതദേഹങ്ങൾ കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. അതിനാൽ ദിവസംതോറും മരണസംഖ്യ ഉയരുകയാണ്. അത് ലക്ഷങ്ങൾ വരെയായാലും അദ്ഭുതപ്പെടാനില്ല. കൊല്ലപ്പെട്ട പലസ്തീനിയൻ കുഞ്ഞുങ്ങളുടെ പേരുകൾ വായിക്കുന്ന "ഗാസയുടെ പേരുകൾ" എന്ന പരിപാടിയിൽ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി 18,000 പേരുകളാണ് വായിച്ചത്. ആ സംഖ്യ ഇത് എഴുതുന്ന സമയം കൊണ്ടുതന്നെ ഇരുപതിനായിരം വരെയായിട്ടുണ്ട്. ബെഞ്ചമിൻ നെതന്യാഹുവും ഡോണൾഡ് ട്രംപും ചേർന്ന് മധ്യപൗരസ്ത്യദേശത്ത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വംശഹത്യയുടെ ഏറ്റവും ഹീനമായ അധ്യായമാണ് കൂട്ടിച്ചേർത്തത്. വീടുകൾ, ഓഫീസുകൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ ഇങ്ങനെ ഗാസ എന്ന 365 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ സകലമാന കെട്ടിടങ്ങളും തകർത്തു. ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞവരെയും വല്ലപ്പോഴും അന്താരാഷ്ട്ര ഏജൻസികൾ എത്തിക്കുന്ന ആഹാരത്തിനായി ക്യൂ നിന്ന പട്ടിണിക്കോലങ്ങളെയും കൃത്യമായി ലക്ഷ്യംവച്ചുള്ള ആക്രമണത്തിലൂടെ കൊലപ്പെടുത്തി. റഫ അതിർത്തിയിലേക്ക് പലായനം ചെയ്തവരിൽ വെടിനിർത്തലിനുശേഷം തിരിച്ചെത്തിയ ചെറിയൊരു വിഭാഗം മനുഷ്യർക്ക് കാണാൻ സാധിച്ചത് ഒരു തുണ്ടുഭൂമിപോലും പൊട്ടിത്തകരാൻ ബാക്കിയില്ലാത്ത നാടാണ്.
മാധ്യമപ്രവർത്തകനെന്ന നിലയ്ക്ക് ഈ നിഷ്ഠുരമായ വംശഹത്യയെ റിപ്പോർട്ടിങ്ങിലൂടെ നോക്കിക്കാണുകയും ആകാവുന്നത്ര ഉറക്കെ അതിനെതിരേ പ്രതികരിക്കുകയും ചെയ്ത ഒരാളാണ് ഞാൻ. ഇസ്രയേലിന്റെ സയണിസ്റ്റ് വംശഹത്യയുടെ ദീർഘചരിത്രവും അതിന്റെ രക്തപങ്കിലമായ വർത്തമാനവും ചർച്ചയിൽ വരാതെ ഒരു വാർത്താദിനവും ഇക്കാലയളവിൽ ഞങ്ങളുടെ ന്യൂസ്റൂമിൽ കടന്നുപോയിട്ടില്ല. ആദ്യമൊക്കെ കണ്ടതിനെയും കേട്ടതിനെയുമെല്ലാം അപ്രസക്തമാക്കിക്കൊണ്ട് ദിവസം ചെല്ലുന്തോറും ഇസ്രയേലെന്ന ക്രിമിനൽ ഭരണകൂടത്തിന്റെ ക്രൂരതകൾ വർധിച്ചുവരികയായിരുന്നു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൃത്യമായി ലാക്കാക്കിക്കൊണ്ട് ഐ.ഡി.എഫിന്റെ ബോംബർ വിമാനങ്ങളും ഡ്രോണുകളും പറക്കുകയാണെന്ന് വ്യക്തമായി. തുടക്കത്തിൽ ചില്ലറപ്രതിരോധത്തിനു ശ്രമിച്ചെങ്കിലും പിന്നീട് ഹമാസിന് തിരിച്ചടിക്കാനുള്ള സാധ്യതകൾ മുഴുവൻ അവസാനിച്ചു. രണ്ട് ചേരികൾ തമ്മിലുള്ള യുദ്ധമെന്ന് വിളിക്കാൻ കഴിയാത്തവിധം സംഭവങ്ങൾ ഏകപക്ഷീയമായ ഉന്മൂലനത്തിലേക്ക് പരിണമിച്ചു. ലോകചരിത്രം ഹോളോകാസ്റ്റിനുശേഷം കണ്ട ഏറ്റവും വലിയ വംശഹത്യയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് മനസ്സിലായപ്പോൾ ന്യൂസ്റൂമിലെ മനസ്സുകൾപോലും മരവിച്ചുപോയി. ഇസ്രയേലിന്റെ മനുഷ്യവിരുദ്ധതയെ വിവരിക്കാനും വിമർശിക്കാനും ഭാഷയിൽ വാക്കുകളില്ലെന്ന് ചിന്തിച്ചുപോയി.
