ഹൃദയം കൊടുത്ത് എഴുതിയ കഥകള്‍

World of Letters

ഹൃദയം കൊടുത്ത് എഴുതിയ കഥകള്‍


2024-ന്റെ അവസാനനാളിലാണ് ഇതെഴുതുന്നത്. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി എഴുതിയ ഏഴു കഥകൾ സമാഹരിക്കുകയാണ്. അത്ര വലിയ കഥകളല്ല. പക്ഷേ, ഹൃദയം കൊടുത്ത് എഴുതിയവയാണ് ഓരോന്നും. കോവിഡ്കാലത്ത് ഒരു ഹൃദയമിടിപ്പിന്റെ ഹ്രസ്വനേരംകൊണ്ട് മരണം വിളിച്ചുകൊണ്ടുപോകുന്ന ഒരു ഡോക്ടറുടെ കഥയായ "ടിക് ടിക്' ഉൾപ്പെടെ. കഥയെഴുത്ത് അവസാ നത്തെ പിടിവള്ളിയായി തുടരുകയാണിപ്പോഴും. അത് വല്ലപ്പോഴുമേ സാധിക്കുന്നുള്ളൂ എങ്കിലും. ബാക്കി സമയമത്രയും വാർത്തകളുടെ തിരത്തള്ളലിൽപെട്ട് കിടക്കുകയാണ്. നില്‍ക്കക്കള്ളിയില്ലാത്ത നില. പക്ഷേ, കഥ ഏറ്റവുമാദ്യം മനസ്സിൽ ഉദിച്ചതിനെക്കുറിച്ചും അവിടുന്നുള്ള യാത്രയെക്കുറിച്ചുമൊക്കെ ഓർക്കുമ്പോൾ കുറച്ച് സന്തോഷം വരും. ഇനിയും അങ്ങനത്തെ കഥകൾ വരുന്നുണ്ടോ എന്ന് വെറുതേ മനസ്സിന്റെ തട്ടകത്തിൽ അരിച്ചുപെറുക്കിനോക്കും. ഒരു വ്യവസ്ഥയുമില്ലാതെ ചിലതെല്ലാം സങ്കല്പിച്ചുനോക്കും. ഉദാഹരണത്തിന്, ഒരിക്കൽ ആലോചിച്ച കാര്യം ഒരു മധ്യവയസ്കനായ ആൾ തീവണ്ടിയിൽ എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്യുന്നതാണ്.

എറണാകുളത്തുനിന്ന് പുറപ്പെട്ടതാകണം. എങ്ങോട്ടാണു പോകുന്നതെന്നോ വണ്ടി ഏതാണെന്നോ അറിയില്ല. റിസർവേഷന്‍ കമ്പാർട്ട്മെന്റല്ല. പക്ഷേ, ആളധികമില്ല. കുറച്ചു കഴിഞ്ഞപ്പോൾ അടുത്തൊരു പെൺകുട്ടി വന്ന് ഇരിക്കുന്നുണ്ട്. ഏകദേശം 20 വയസ്സുണ്ടാകും. നമ്മുടെ നായകന്‍ അവളോട് സംസാരിച്ചുതുടങ്ങുന്നു. അവൾ വലിയ ദൂരെയല്ലാത്തൊരു സ്ഥലത്തേക്കാണ് യാത്ര. ഒറ്റയ്ക്കാണ്. കോളേജിൽ കൂടെപ്പഠിക്കുന്ന കൂട്ടുകാരനെക്കണ്ട് ഒരു ദിവസം ചെലവിട്ട് വൈകിട്ട് തിരിച്ച് എറണാകുളത്ത് എത്തും. ആലോചിച്ചപ്പോൾ ഏതാണ്ട് ഇവളുടെ കൂട്ടുകാരന്റെ പ്രായത്തിൽ ഇതു പോലെ പുറപ്പെട്ട ഒരു യാത്രയാണോ തന്റേതെന്ന് അയാൾക്കു തോന്നും. ആ കുട്ടി ഇറങ്ങാന്‍‌ നേരത്ത് നീ എന്തിനായിരുന്നു എന്നെ വിട്ട് പോയതെന്നു ചോദിക്കും. ഈ കഥാനാളം മനസ്സിൽ കൊളുത്തിയ നിമിഷം ഞാനേറെ സന്തോഷിച്ചു. പക്ഷേ, എന്തു കാര്യം. അതിനപ്പുറം അതു മുന്നോട്ടുപോയില്ല.


Related Articles