ഒരിടത്ത് ഒരു വെള്ളാടുണ്ടായിരുന്നു. പെണ്ണായ അതിന്റെ ജനനം എവിടെയായിരുന്നു എന്നറിയില്ല. നിസ്സാരജീവികളുടെ ജനനത്തിന് എന്തടയാളമാണുള്ളത്? പക്ഷേ, അതിന്റെ വരവ് അല്പം അസാധാരണംതന്നെയാണ്. അത് ജീവിച്ചിരുന്ന സ്ഥലം ഓടക്കാൻ കാട് എന്നറിയപ്പെടുന്ന വരണ്ട മേട്ടുക്കാടാണ്. ആ വർഷം കാര്യമായ മഴയില്ലായിരുന്നു. കുറേ വർഷങ്ങളായിട്ട് അങ്ങനെയാണ്. പെട്ടെന്നൊരു ദിവസം അരമണിക്കൂർ മഴ പെയ്താൽതന്നെ, കൊച്ചു കുഞ്ഞുങ്ങളും പ്രായംചെന്നവരുമെല്ലാം "ഭയങ്കര മഴ' എന്നു പറയും. ദിവസം മുഴുവൻ ഇടതടവില്ലാതെ, മാസക്കണക്കിന് പെയ്തൊഴിഞ്ഞ മഴക്കാലങ്ങൾ അവർക്ക് പരിചിതമേയല്ലായിരുന്നു. പെരുമഴ പെയ്താൽ, “ഇതെന്താ ഇങ്ങനെ പെയ്യുന്നത്?” എന്ന് അവർ ശകാരിക്കും. തങ്ങളുടെ വസ്തുക്കളെല്ലാമെടുത്ത് സുരക്ഷിതമാക്കാനും നനഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങാനും അവർ മടിച്ചുനിൽക്കും. ശത്രുവാണെങ്കിലും വന്നുകഴിഞ്ഞാൽപ്പിന്നെ, കൈ കൂപ്പിത്തന്നെ സ്വീകരിക്കണം. ഐശ്വര്യം കൊണ്ടുവരുന്ന മഴയെ ശകാരിച്ച് അടിച്ചോടിച്ചാൽ, അതു പിന്നീട് ഈ വഴിക്ക് വരുമെന്നു തോന്നുന്നുണ്ടോ?
ഇങ്ങനെ ചിന്തിച്ചുകൊണ്ട് തന്റെ പറമ്പിൽനിന്നും അല്പം ദൂരത്തായുള്ള കൊച്ചു കരട്ടുമലയിലിരുന്നുകൊണ്ട് അയാൾ മാനത്തേക്കുതന്നെ നോക്കിയിരുന്നു. അസുരജാതിയിൽപ്പെട്ട കിഴവനായ കർഷകനാണയാൾ. എല്ലാ നിലങ്ങളിലും അന്നേരം കൊയ്ത്തു കഴിഞ്ഞിരുന്നു. തരക്കേടില്ലാത്ത വിളവായിരുന്നു. എന്നാൽ കൊയ്ത്തിനുശേഷവും പാടത്ത് അല്പം പുല്ലുകൾ പച്ചപ്പായി നിന്നിരുന്നു. ഇനിയങ്ങോട്ട് മഞ്ഞുപെയ്യുന്ന കാലമാണ്. ഈ പുല്ലുകൾക്ക് കുറേ ദിവസത്തേക്ക് വെയിലും സഹിച്ച് ജീവിക്കാൻ പുകമഞ്ഞ് സഹായകമാവും. പിന്നീടവ ഉണങ്ങിപ്പോവും. അത് കാണുന്തോറും ഇനി അല്പദിവസങ്ങൾക്കകം ഈ പുല്ലുകൾ ഉണങ്ങി പാഴായിപ്പോകുമല്ലോയെന്ന് കിഴവൻ ദുഃഖിച്ചു. അയാളുടെ പക്കൽ കുറേ വെള്ളാടുകളുണ്ടായിരുന്നു. അവയെ മേയ്ക്കാം. എന്നിരുന്നാലും, എല്ലാ കൃഷിക്കാർക്കും ഉണ്ടാവാറുള്ള തോന്നൽ അയാൾക്കുമുണ്ടായി. ഒരു വെള്ളാടുകൂടി ഉണ്ടായിരുന്നെങ്കിൽ ഈ പുല്ലുകളിൽ മേയാൻ വിട്ട്, രണ്ടു മാസംകൊണ്ട് വളർത്തി വലുതാക്കാമായിരുന്നു.
കരട്ടുമലയ്ക്കു കീഴിലായി ചെറിയൊരു കുഴിയും അവിടെനിന്നും തുടങ്ങുന്ന വരണ്ട കാടുകളും കാണാം. മൂവന്തിനേരത്ത് അവിടെയിരുന്നുകൊണ്ട് എല്ലായിടത്തും ചുമന്ന പുതപ്പ് വിരിയുന്ന കാഴ്ച കാണാൻ അയാൾക്ക് വളരെ ഇഷ്ടമാണ്. വെള്ളാടുകളെ മേയ്ക്കുമ്പോഴും, മറ്റു ദിവസങ്ങളിലും മാനത്തെ ചിത്രങ്ങൾ കണ്ടിട്ടേ അയാൾ മടങ്ങാറുള്ളൂ. ഏതെങ്കിലും ഒരു ദിവസം അതു കാണാൻ കഴിഞ്ഞില്ലെങ്കിൽ, അയാൾക്ക് നഷ്ടബോധമായിരിക്കും. "കരട്ടുമലയിൽ ചെന്നിരുന്ന് കാഴ്ച കണ്ടിട്ടു വാ. അപ്പോഴേ നിങ്ങളുടെ ബുദ്ധി തെളിയൂ'' എന്നു പറഞ്ഞ് കിഴവി അയാളെ കളിയാക്കും. അങ്ങനെ അയാൾ ചിന്തയിൽ മുഴുകിയിരിക്കുന്ന നേരത്ത്, ആ വശത്ത് നീണ്ടുകിടക്കുന്ന മൺപാതയിൽ ഒരു വിചിത്രമായ കാഴ്ച കണ്ടു. വലിയൊരു നിഴൽരൂപം അങ്ങകലത്തായി അനങ്ങുന്നുണ്ടായിരുന്നു. കൊമ്പുകൾ വെട്ടിയ മരം കടപുഴക്കിക്കൊണ്ട് നടന്നുവരുന്നതുപോലെ തോന്നി. കിഴവൻ സ്വയമറിയാതെ എഴുന്നേറ്റു നിന്നു. അല്പനിമിഷങ്ങൾക്കുള്ളിൽ അതൊരു മനുഷ്യരൂപമാണ് എന്നു വ്യക്തമായി. അന്തിവെളിച്ചത്തിൽ രൂപം നീണ്ടു കാണുന്നതാണോ എന്നയാൾ സംശയിച്ചു.
