കവിയും കവിതയും അയ്യപ്പൻ്റെ കവിതകളിൽ

World of Letters

കവിയും കവിതയും അയ്യപ്പൻ്റെ കവിതകളിൽ


കവിയും കവിതയും തമ്മിൽ ഒരു വൈരുധ്യാത്മക ബന്ധമാണുള്ളത്. വൈരുധ്യാത്മികതയുടെ ആഴം വർദ്ധിക്കുന്നത് കവിയോ കവിതയോ ഏതാണ് സമീപനങ്ങളിൽ കൂടുതൽ പ്രശ്നബദ്ധതലം ഉന്നയിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ്. ഒരു പ്രത്യേക കവിയുടെ ജീവിതവും കവിതകളും നേർനിർത്തി 'കവിയും കവിതയും' പരിശോധിച്ചിരുന്ന തലം ആധുനികതയോടെ ഏതാണ്ട് കെട്ടടങ്ങിയിരുന്നു. ഉത്തരാധുനിക പരിസരത്തിൽ എഴുത്തുകാരനും എഴുത്തും തമ്മിലുള്ള ബന്ധം തന്നെ സൈദ്ധാന്തിക വിശകലനങ്ങൾക്ക് വിധേയമായപ്പോൾ കവിയും കവിതയും തമ്മിലുള്ള ബന്ധത്തിലേക്കുള്ള അന്വേഷണങ്ങൾ പുതിയ നിലപാടുകളും അർത്ഥങ്ങളുമുള്ളതായി.

ഈ ദിശയിൽ ഏറ്റവും പ്രസക്തമായ ചിന്ത ഉന്നയിച്ചത് റൊളാങ് ബാർത്ത് തന്നെയാണ്. ബാർത്തിൻ്റെ 'എഴുത്തുകാരൻ്റെ മരണം' (Death of the Author) എന്ന ഘടനാ വാദ-ഘടനാ വാദാനന്തര സംക്രമണ കാല (structural to poststructural) ലേഖനത്തിൽ എഴുത്തിൻ്റെ സാംഗത്യവും എഴുത്തുകാരൻ്റെ പ്രസക്തിയും തമ്മിലുള്ള അതീവ സങ്കീർണമായ തലം അനാവരണം ചെയ്യപ്പെടുന്നത് എഴുത്തുകാരൻ്റെ മരണം ഉദ്ഘോഷിച്ചു കൊണ്ടാണ്. പക്ഷേ, എഴുത്തുകാരൻ്റെ മരണം വായനക്കാരൻ്റെ ജനനമായി നിരീക്ഷിക്കപ്പെടുന്നു. ഈ സമർത്ഥനത്തിലെത്തിച്ചേരാൻ ബാർത്ത് സഞ്ചരിക്കുന്ന പഥങ്ങളിൽ എഴുത്തുകാരനെ ഭാഷയ്ക്ക് മുൻപോ വെളിയിലോ കരുതുവാനാവുകയില്ലെന്ന പലതരം ആശയങ്ങൾ തെളിയുന്നുണ്ട്. എന്നു മാത്രമല്ല, എഴുത്തുകാരന് തൻ്റെ പേരിലുള്ള കൃതിയിൽ ഏറെ അവകാശങ്ങളോ ആധിപത്യമോ ഉറപ്പിക്കാനുമാവില്ല, കാരണം, എഴുത്തുകാരൻ അത് സ്വയമേവ എഴുതുന്നില്ല.

അപ്പോൾ എഴുത്തുകാരനും കൃതിയും തമ്മിലുള്ള ബന്ധത്തിൻ്റെ വൈരുധ്യാത്മകത ഏറുന്നു. കൃതിയുടേയോ ഗ്രന്ഥത്തിൻ്റെയോ നിയാമകതകളിൽ നിന്ന് എഴുതുക എന്ന പ്രക്രിയയെത്തന്നെ മോചിപ്പിക്കേണ്ടതായുണ്ട്. എഴുത്തുകാരനിൽ നിന്ന് രചനയെ മോചിപ്പിക്കുക വഴി എഴുത്തിനെത്തന്നെ ഒറ്റ അധികാര കേന്ദ്രത്തിൽ നിന്ന് മോചിപ്പിക്കുവാനും അതുവഴി ഓരോ വ്യത്യസ്ത വായനക്കാരനും തൻ്റേതായ തലത്തിൽ കൃതിയെ പുന:നിർമിക്കുവാനും കൂട്ടിച്ചേർക്കാനും മാറ്റി മറിക്കുവാനും മറ്റും കഴിയുന്നു. അപ്പോൾ എഴുത്തുകാരൻ്റെ സ്വത്വത്തിലൂന്നി കൃതി വിലയിരുത്തപ്പെടുന്ന തലം അവസാനിക്കുന്നു. സാഹിത്യത്തെ രചയിതാവിൻ്റെ വ്യക്തിത്വത്തിലൂന്നി വിലയിരുത്തുന്ന രീതി അവസാനിക്കുമ്പോൾ എഴുത്തുകാരൻ രചയിതാവിൻ്റെ (ടcriptor) തലത്തിൽ മാത്രം പരിഗണിക്കപ്പെടുന്നു. ബാർത്ത് തന്നെ പിന്നീട്, തൻ്റെ എഴുത്തുകാരും രചയിതാക്കളും (Authors and Writers) എന്ന ലേഖനത്തിൽ, ഭാഷയും സാഹിത്യ നിർമിതിയും തമ്മിലുള്ള ബന്ധങ്ങളെ വിശകലനം ചെയ്തു കൊണ്ട് ഇതിന് പുതിയ മാനങ്ങൾ നിർവചിക്കുന്നുണ്ട്.


Related Articles