(thewire.in-ൽ പ്രസിദ്ധീകരിച്ച ലേഖനം വിവർത്തനം ചെയ്തത് ബിജീഷ് ബാലകൃഷ്ണൻ)
വർഷങ്ങൾക്കുശേഷം ആദ്യമായി, ഒരു ഇന്ത്യക്കാരിയായിരിക്കുന്നതിൽ അതിയായ അഭിമാനം തോന്നുന്നു. പ്രതീക്ഷകളെല്ലാം നഷ്ടമായെന്നു കരുതിയ നിമിഷത്തിൽ അവർ എത്തി. മഴയത്ത് കടന്നുവന്ന ആ യുവ പാറ്റകൾ. ഒരു ന്യായാധിപന്റെ അഹങ്കാരവും ഒരു തമാശയും തമ്മിലുള്ള അവിശുദ്ധ സമാഗമത്തിൽ നിന്നാണ് അവർ പിറവിയെടുത്തത്.
നമുക്കെല്ലാവർക്കും അറിയാമെങ്കിലും ആ കഥ ഒരിക്കൽ കൂടി എഴുതട്ടെ. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, തൊഴിൽരഹിതരായ ചില യുവജനങ്ങളെ ‘പാറ്റകൾ’ എന്നു വിളിച്ച് അധിക്ഷേപിച്ചപ്പോൾ, ബോസ്റ്റണിൽ പഠിക്കുന്ന അഭിജീത് ദിപ്കെ എന്ന വിദ്യാർഥി ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചു: ‘എല്ലാ പാറ്റകളും ഒന്നിച്ചുവന്നാൽ എന്തു സംഭവിക്കും?’ ദശലക്ഷക്കണക്കിന് ആളുകളാണ് അതിനോട് പ്രതികരിച്ചത്. അങ്ങനെയാണ് കോക്രോച്ച് ജനതാ പാർട്ടി ജനിക്കുന്നത്. ദിപ്കെ ആ പാറ്റകളുടെ വഴികാട്ടിയായി മാറി.
