ഓജോ ബോർഡ്: അദ്ധ്യായം ഒന്ന്

World of Letters

ഓജോ ബോർഡ്: അദ്ധ്യായം ഒന്ന്


"നീതു, ഞാനിവിടെ പാർക്കിന്റെ വടക്ക് ഭാഗത്തെ ബെഞ്ചിൽ ഉണ്ടാകും. നീ വന്നിട്ട് നിന്നോട് പറയാനുള്ളത് മുഴുവൻ പറഞ്ഞുതീർത്തിട്ടേ ഞാൻ തിരിച്ച് പോകൂ.'

ഫോൺ കട്ട് ചെയ്തശേഷം ബിനോയ് പാർക്കിന്റെ വടക്ക് ഭാഗത്തുള്ള ബെഞ്ചിലേക്ക് നോക്കി. അവിടെ ഒരാൾ ഇരിപ്പുണ്ട്. ഏകദേശം ഇരുപത്തിയെട്ട് വയസ്സ് തോന്നും. ഇടയ്ക്കിടെ അയാൾ മുഖത്തെ കണ്ണാടി ചൂണ്ടുവിരൽകൊണ്ട് തള്ളിവെക്കുന്നുണ്ട്. ആരെയും ശ്രദ്ധിക്കാതെ അയാൾ പുസ്തകവായനയിൽ മുഴുകിയിരിക്കുകയാണ്. ബിനോയ് അയാളിരുന്ന ബെഞ്ചിന്റെ ഇടതുഭാഗത്ത് ചെന്നി​രുന്നു. അവനെ ഒന്ന് നോക്കിയശേഷം വീണ്ടും അയാൾ പുസ്തകവായന തുടർന്നു. അയാൾ വായിച്ചുകൊണ്ടിരുന്ന പുസ്തകം ബിനോയ് ശ്രദ്ധിച്ചത് അപ്പോഴാണ്; "GHOST RESEARCH’. അതേ വിഷയവുമായി ബന്ധപ്പെട്ട് മറ്റൊരു പുസ്തകവും അയാളി​രിക്കുന്ന ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു. ആ പുസ്തകം അവൻ കൗതുകത്തോടെ എടുത്ത് തുറന്നു. ആദ്യ പേജിൽ അലക്സ് എന്ന് എഴുതിയിരുന്നു. അവൻ ഓരോ പേജും സാവധാനം മറിച്ചു​നോക്കി. ഇടയ്ക്ക് അവൻ ബെഞ്ചിലിരിക്കുന്നയാളെ നോക്കി. വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കിവച്ച് അയാൾ പാർക്കിലേക്ക് നോക്കി ഇരിക്കുകയാണ്. ബിനോയുടെ നോട്ടം കണ്ട് അയാൾ അവനെ നോക്കി. ബിനോയ് സംശയത്തോടെ ചിരിച്ചുകൊണ്ട് പുസ്തകം മടക്കി അയാൾക്ക് നേരേ നീട്ടി.

"ഹേയ്, സാരമില്ല. അത് വെച്ചോളൂ.’
"അയ്യോ, സർ അതൊന്നും വേണ്ട. ഞാൻ ബുക്കിന്റെ പേര് കണ്ട് എടുത്ത് നോക്കിയതാ.'
"ആദ്യം താങ്കളുടെ ഈ സർ വിളി ഒന്ന് അവസാനിപ്പിക്കൂ. എന്റെ പേര് അലക്സ്, അലക്സ് എന്ന് വിളിച്ചാൽ മതി.’
"താങ്ക്സ് അലക്സ്, ഞാൻ ബിനോയ്. ഇത്തരം വിഷയങ്ങളോട് എനിക്ക് വല്ലാത്ത താത്പര്യമാണ്. അതാണ് ഈ പുസ്തകം കണ്ടപ്പോൾ എടുത്തുനോക്കിയത്.'
"അലക്സ് എന്ത് ചെയ്യുന്നു. ഈ നാട്ടുകാരൻതന്നെയാണോ?’
"ഞാൻ കാനഡയിലായിരുന്നു. വന്നിട്ട് ഒരാഴ്ചയേ ആയുള്ളൂ. പിന്നെ ഈ ബുക്കിന്റെ പുറത്ത് എഴുതിയിരിക്കുന്നത് കണ്ടില്ലേ. അതിൽ റിസർച്ച് നടത്താനായി ഇങ്ങോട്ടേക്കു വന്നതാണ്.’
അപ്പോൾ കേരളത്തിൽ എവിടെയാണ് നാട്?’
"ഞാൻ ആലപ്പുഴക്കാരൻതന്നെയാണ്. പക്ഷേ, പഴയ വീടും സ്ഥലവുമെല്ലാം കൊടുത്തിട്ടാണ് ഞങ്ങൾ കാനഡയിൽ സെറ്റിൽ ആയത്. ഇപ്പോൾ തൽക്കാലത്തേക്ക് പാർക്കിന്റെ വടക്ക് ഭാഗത്തുള്ള വീടുകളിൽ ഒന്ന് വാടകയ്ക്കെടുത്തു. ഒരു വലിയ പ്രോജക്റ്റ് ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലേക്ക് വീണ്ടും വന്നത്. ഈ പ്രോജക്റ്റ് ചെയ്യാൻ എന്റെ ചാനൽതന്നെയാണ് എന്നെ തിരഞ്ഞെടുത്തത്. ചിലപ്പോൾ ഞാൻ മലയാളിയായതുകൊണ്ടുമാകും.'
"അലക്സ് ചാനലിൽ ആണോ വർക്ക് ചെയ്യുന്നത്?’
"അതെ, കാനഡയിലെ ഒരു പ്രമുഖ ചാനലാണ് ഞങ്ങളുടേത്. വലിയ പ്രതീക്ഷയോടെയാണ് ഈ പ്രോഗ്രാമിന്റെ സ്പോൺ​സർമാർ എന്നെ ഇവിടേക്കു വിട്ടത്. അവിടെ കേരളത്തിലെ പ്രേത​ങ്ങൾക്ക് നല്ല ഡിമാൻഡാണ്. ഈ പ്രോജക്റ്റ് ഞാൻ പ്രതീക്ഷിക്കുന്ന രീതിയിൽ ചെയ്യാൻ പറ്റിയാൽ മറ്റ് ചാനലുകൾ അലക്സിന്റെ മുന്നിൽ വന്ന് ക്യൂനിൽക്കും. പക്ഷേ, പിടിച്ചുകയറാൻ ഒരു തുമ്പും കിട്ടുന്നില്ല.'


Related Articles