ഒരു മനുഷ്യന്റെ ജീവിതം മാറി മറിയാൻ എത്ര സമയം വേണം? ഒട്ടും ചിന്തിക്കാതെ തന്നെ ഉത്തരം പറയാൻ പറ്റുന്ന ചോദ്യമാണിത് എന്ന് തോന്നുന്നുണ്ടോ? അല്ലെങ്കിൽ, യുക്തിരഹിതമായ വിഡ്ഢി ചോദ്യമാണിത് എന്ന ചിന്തയാണോ മനസ്സിലേക്ക് വരുന്നത്?
ഒരു നിമിഷത്തിന്റെ നൂറിൽ ഒരംശം മാത്രം മതിയെന്നാണ് എന്റെ അഭിപ്രായം. നമ്മൾ ബൈക്കോടിച്ച് പോവുമ്പോൾ അപ്രതീക്ഷിതമായി ഒരു പട്ടി മുന്നിലേക്ക് ചാടുന്നു. ബൈക്ക് മറിഞ്ഞു നമ്മൾ വീഴുന്നു. നിസ്സാരമെന്ന് തോന്നുന്ന ആ വീഴ്ചയിൽ നമ്മുടെ വാരിയെല്ലുകൾ ഒടിയാം. അല്ലെങ്കിൽ തലപൊട്ടി ചോര വാർന്ന് മരിച്ചുപോവാം. കൈ കാലുകൾ ഒടിഞ്ഞു പോവാം. നമ്മുടെ കൂടെ ഉള്ളവർക്ക് ഗുരുതരമായ പരിക്ക് പറ്റാം.
ഇനി നമ്മൾ ഒരു കാറോടിച്ചു പോവുകയാണ് എന്ന് സങ്കൽപ്പിക്കുക. അറിയാതെ നമ്മൾ ഉറങ്ങിപ്പോവുന്നു. കാറിന്റെ നിയന്ത്രണം നഷ്ടമായി മരത്തിൽ ഇടിക്കാം. അല്ലെങ്കിൽ എതിരെ വരുന്ന വണ്ടിയിൽ ഇടിക്കാം. അതുമല്ലെങ്കിൽ നമുക്ക് വീട്ടിൽനിന്നും ഷോക്ക് അടിക്കാം. ടെറസിൽനിന്നും വീഴാം. നടന്നുപോവുമ്പോൾ മരക്കൊമ്പ് പൊട്ടി വീഴാം. അങ്ങനെ നമ്മുടെ ജീവിതം മാറി മറിയാൻ നിമിഷങ്ങൾ മാത്രം മതിയാവും.
