വാരാണസി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴേക്കും ഇരുട്ട് വീണുതുടങ്ങിയിരുന്നു. യാതൊരുവിധ മുന്നൊരുക്കവുമില്ലാതെ കൈയിൽ കിട്ടിയതെല്ലാം വാരിക്കൂട്ടിയെടുത്ത് ഇറങ്ങിത്തിരിച്ചതാണ് സത്യനാഥനും പാർത്ഥനും. ഇനിയിപ്പോ ഏതെങ്കിലും ലോഡ്ജ് തിരഞ്ഞു കണ്ടുപിടിക്കണം, അതിനായി അവർ ആ ജനനിബിഡമായ ഗല്ലികളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കുറേ ലോഡ്ജുകളിൽ കയറിയിറങ്ങി റൂമുണ്ടോ എന്ന് ചോദിച്ചെങ്കിലും, എവിടെയും മുറികൾ ഒഴിവില്ല. അടുത്ത മാസം നടക്കാൻ പോകുന്ന കുംഭമേളയ്ക്ക് വേണ്ടി ഒരു മാസം മുൻപേ ജനസഹസ്രങ്ങൾ ഒഴുകിയെത്തിത്തുടങ്ങിയിട്ടുണ്ട്. അവിടേക്ക് വരുന്നവരിൽ ബഹുഭൂരിപക്ഷവും വാരാണസി സന്ദർശിച്ചിട്ടേ പോകൂ എന്നുള്ളതുകൊണ്ട് അസാമാന്യ തിരക്കാണ്. റൂം കിട്ടുന്നത് എളുപ്പമല്ല എന്ന് മനസ്സിലായപ്പോൾ ഇരുവരും മണികർണ്ണിക ഘട്ട് ലക്ഷ്യമാക്കി നടന്നു. പച്ചമാംസം കത്തിയമരുന്നതിന്റെ രൂക്ഷഗന്ധം അവരുടെ നാസാരന്ധ്രങ്ങളിലേക്ക് അടിച്ചുകയറി. ഒടുങ്ങാത്ത ജനപ്രവാഹമാണ് അവിടെ, മനുഷ്യായുസ്സിന്റെ രണ്ട് ഘട്ടങ്ങളായ ജീവിതവും മരണവും സംഗമിക്കുന്നയിടം. നടന്നുതളർന്ന പാർത്ഥൻ അവിടെയുള്ളൊരു പടിക്കെട്ടിൽ നിലയുറപ്പിച്ചു. സത്യനാഥനോടും അവിടെ ഇരിക്കുവാനായി ആംഗ്യം കാണിച്ചു.
‘ഏതായാലും നല്ല ബെസ്റ്റ് സമയത്താ സത്യാ നമുക്കിവിടെ വരാൻ തോന്നിയത്... മര്യാദയ്ക്ക് വീട്ടിൽ ഇരിക്കേണ്ട ഞാനാ... ഈ ശവം കത്തുന്ന മണവും ശ്വസിച്ച്, തുണിയുടുക്കാത്ത ഈ മനുഷ്യന്മാരെയും കണ്ട് ഇരിക്കുന്നത്.’
‘കാര്യം ഇങ്ങനെയൊക്കെ ആയെങ്കിലും ഈ കാഴ്ച വേറെ എവിടെയെങ്കിലും കാണാൻ പറ്റുമോ? മരണവും മോക്ഷവും, സത്യവും മിഥ്യയും, സന്തോഷവും വിരഹവും സംഗമിക്കുന്ന ഇതുപോലെ ഒരിടം! വേറെയെവിടെ കാണുവാൻ സാധിക്കും?’ അബദ്ധം പറ്റിയെന്ന് മനസ്സിലായെങ്കിലും പിടികൊടുക്കാതെ അങ്ങനെയൊരു മറുപടി പറഞ്ഞുകൊണ്ട് സത്യനാഥൻ തടിതപ്പി.
