പ്രാക്തനകാലം
പ്രപഞ്ചത്തിന്റെ ഒത്ത നടുവിലാണ് പ്രാക്തന എന്ന സ്ഥലം. പ്രാക്തനയ്ക്ക് കുറുകെ ഒന്ന് ഉഷാറായി നടന്നാൽ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റമെത്താൻ ഒരു മണിക്കൂർ മതിയാകും. കിഴക്ക്–പടിഞ്ഞാറ് നടന്നാലും അത്രതന്നെ സമയം. ഇനി ആർക്കെങ്കിലും ഒട്ടും തിടുക്കപ്പെടാതെ, കാഴ്ചകളൊക്കെ വിശദമായി കണ്ട് പ്രാക്തന ഒന്ന് ചുറ്റിവരണമെന്നുണ്ടെങ്കിൽ അതിനൊരു പകൽമാത്രം മതിയാകും. രാവിലെ മുതൽ വൈകുന്നേരംവരെയുള്ളൊരു നടത്തം.
പ്രാക്തനയുടെ വടക്കൻ അതിർത്തി താഷൂഫിൽനിന്ന് കിയെൽസെയിലേക്കുള്ള റോഡാണ്. വാഹനങ്ങളുടെ നെട്ടോട്ടം കാരണം തിരക്ക് നിറഞ്ഞ, അപകടം പിടിച്ച ഒരു റോഡാണത്. റാഫേൽ മാലാഖയാണ് ഈ അതിരിന് കാവൽ.
തെക്ക് യെഷ്ക്കോട്ലെ നഗരമാണ് അതിര്. പൊടിപിടിച്ച ഒരു ചന്തയും അതിനു ചുറ്റിനുമായി ആ നഗരത്തിലെ പള്ളിയും വൃദ്ധസദനവും കുടികിടപ്പുകാരുടെ പൊക്കംകുറഞ്ഞ കൂരകളും ചേർന്ന അതിർത്തി. കൈവശപ്പെടുത്താൻ ആഗ്രഹം തോന്നുംവിധം പ്രലോഭനവുമായി നിൽക്കുന്ന ബാധയേറ്റവിധം നിൽക്കുന്ന ആ നഗരം ഒരു ഭീഷണിതന്നെയാണ്. നഗരപ്രാന്തത്തിൽ ഗബ്രിയേൽ മാലാഖ പ്രാക്തനയെ കാക്കുന്നു.
