ആവർത്തനങ്ങളുടെ സമവാക്യങ്ങൾ

World of Letters

ആവർത്തനങ്ങളുടെ സമവാക്യങ്ങൾ


സാഹിത്യരൂപങ്ങൾ, വിശേഷിച്ച് ഫിക്ഷൻ രൂപത്തിലും പ്രമേയത്തിലും ഘടനയിലും സ്വീകരിച്ചിട്ടുള്ള നവീനമായ എഴുത്തുരീതി പോസ്റ്റ് ഫിക്ഷൻ എന്ന സംജ്ഞയുടെ മേൽക്കൈ വ്യക്തമാക്കുന്നു. ജീവിതത്തെ കാലിഡോസ്കോപ്പ് ദൃശ്യങ്ങളാക്കി തീർക്കുന്ന ആഖ്യാനമാണ് ജോനാഥൻ ബാക്ക്‌ലിയുടെ പതിമൂന്നാമത്തെ നോവലായ വണ്‍ ബോട്ട് (One Boat). ആഖ്യാനങ്ങളുടെ രീതികളും വഴികളും മാറി ചിന്തിച്ചുതുടങ്ങിയതിന്റെ മാതൃകയായി കാണാവുന്ന നോവലാണിത്. 2025-ലെ ബുക്കർ സമ്മാനത്തിന്റെ ലോങ്‌ലിസ്റ്റിൽ ഈ പുസ്തകം ഉൾപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് നോവലിസ്റ്റായ ബാക്ക്‌ലി വേറിട്ട ആഖ്യാനമാതൃകകൾ സൃഷ്ടിക്കുന്നതിൽ മികവ് പുലർത്തുന്ന എഴുത്താളാണ്‌.

ജീവിതത്തിന്റെ അർത്ഥതലങ്ങളേയും നിസ്സാരതയെയും വാച്യാർത്ഥത്തിൽ വിവരിക്കുക എളുപ്പമല്ലാത്തിടത്തോളം എഴുത്തിന്റെ സൗന്ദര്യാത്മകത ജീവിതചിത്രങ്ങൾക്ക് മിഴിവ് കൂട്ടുന്നു. അകലത്തെ അവ്യക്തമായ കാഴ്ചയും അരികിലെ തെളിഞ്ഞ രംഗങ്ങളുമായി ജീവിതഭൂപടം നിവരുന്നത് അനുഭവിച്ചറിയുന്ന കഥാപാത്രങ്ങളാണ് നോവലിലുള്ളത്. അച്ഛന്റെ മരണശേഷം സന്ദർശിച്ച അതേ ഇടത്ത് ഒൻപതു വർഷത്തിന് ശേഷം (അപ്പോഴേക്കും അമ്മയും മരിച്ചു പോയിരുന്നു) എത്തുന്ന അഭിഭാഷകയായ തെരേസയാണ് ഈ നോവലിലെ ആഖ്യാതാവ്. കഥാപാത്രങ്ങളെ രൂപപ്പെടുത്തുമ്പോൾ അവർക്ക് കൃത്യമായ പശ്ചാത്തലമുണ്ടാകണമെന്ന ശാഠ്യമോ പ്രമേയം മുന്നേറുന്നതിന്റെ ദിശയോ പ്രധാന ഘടകങ്ങളാവാത്ത തരത്തിലാണ് നോവൽ ഒരുക്കിയിരിക്കുന്നത്. അങ്ങനെ കൃതി വ്യവസ്ഥാപിതമായ കെട്ടുപാടുകളിൽ നിന്ന് വിടുതൽ നേടുന്നു. രേഖീയമല്ലാത്ത ആഖ്യാനങ്ങളിലും സാഹിത്യത്തിന്റെ സൗന്ദര്യാത്മകത പ്രസരിക്കുന്നുണ്ട് എന്ന് ഈ നോവൽ ഉറപ്പിക്കുന്നു.

തെരേസ അവൾ കണ്ടെത്തുന്ന മനുഷ്യരിലൂടെ, നേരോർമ്മകളുടെ വീണ്ടെടുക്കലാണ് പ്രാപ്യമാക്കുന്നത്. അച്ഛന്റെയും അമ്മയുടെയും യാത്ര തീർത്ത വിടവ് ജീവിതത്തിന്റെ സ്വതസിദ്ധമായ താളം തെറ്റിക്കാതിരിക്കാൻ അവൾ ജാഗരൂകയാണ്. കഥാപാത്രങ്ങൾ സഞ്ചരിച്ച ദൂരങ്ങളും അവരുടെ ഇടങ്ങളും ഇടപെടലുകളും പാർപ്പിടങ്ങളും പാർക്കലുകളും സുതാര്യമാവുന്നതോടെ സങ്കീർണമായ ലോകമെന്ന ആശയം അയത്നലളിതമായി മാറുന്നു. പുറത്തു നിന്ന് വായിക്കുന്നവരുടെ ഉള്ളിലേക്കും നോവലിസ്റ്റിന്റെ ആന്തരികവ്യാപാരങ്ങളും ചിന്തകളും എത്തിച്ചേരുന്ന വിധത്തിലുള്ള എഴുത്ത് ഫിക്ഷനായി മാത്രം വായിക്കാനാവുമോ എന്നതൊരു ചോദ്യമാണ്. ഇവിടെ ഒരു പുരുഷ നോവലിസ്റ്റ് തെരേസ എന്ന സ്ത്രീയെയാണ് ആഖ്യാതാവാക്കിയിരിക്കുന്നത്. ഇതിനു മുൻപ് വന്നപ്പോൾ പരിചയപ്പെട്ട ഹോട്ടലിലെ പരിചാരികയായ സാന്ത, തെരുവിലെ പൂച്ചകളുമായി സഹവാസമുള്ള പെട്രോസ്, അന്ന് അടുപ്പമുണ്ടായിരുന്ന നിക്കോ, അനന്തരവന്റെ ദാരുണാന്ത്യത്തിൽ വിതുമ്പുന്ന ജോൺ എന്നിങ്ങനെയുള്ളവരുമായുള്ള സൗഹൃദത്തിന്റെ പച്ചപ്പുകൾ അവളെ തേടിയെത്തുന്നു. നിക്കോയുടെ വിവാഹവും പെട്രോ കവിയായതും അവൾ അറിയാനിടയായി. ഭർത്താവിൽ നിന്ന് പിരിഞ്ഞ തെരേസ അനുഭവങ്ങളും ഓർമകളും മറ്റും കുറിക്കുന്നത് ശീലമാക്കി. ഇത്തവണ അവൾ അവിടത്തെ രംഗങ്ങൾ എഴുതണമെന്നും അനുഭവങ്ങൾ വാക്കുകളായി പകർത്തണമെന്നും തീരുമാനിച്ചിരുന്നു. അതിനാൽ, അവിടെ വെച്ച് കണ്ടുമുട്ടവരെ കഥാപാത്രങ്ങളായി സമീപിക്കാൻ അവൾ താല്പര്യപ്പെട്ടു. നഗരചത്വരത്തിന്റെ വസ്തുകലയെ ഏകാഗ്രമായി ശ്രദ്ധിക്കുന്ന തെരേസയുടെ വിചാരങ്ങൾ പ്രദാനം ചെയ്യുന്നത് എഴുത്തിന്റെ സവിശേഷമായ ജ്യാമിതിയെയാണെന്നു നിസ്സംശയം പറയാം. ഒൻപത് വർഷങ്ങൾക്കിപ്പുറം അതേയിടത്ത് താമസിക്കുന്ന തെരേസയിൽ ഓർമ്മകൾ സജീവമാകുന്നുണ്ട്. അവിടെ വെച്ച് അവളിൽ അച്ഛനെക്കുറിച്ചുള്ള ചില ചിന്തകൾ ഉരുവം കൊള്ളുകയാണ്. "ഈ നിമിഷം എനിക്ക് എന്താണ് തോന്നുന്നത്? കുറച്ച് കുറ്റബോധം; കുറ്റബോധത്തിന്റെ നേർത്ത അന്തരീക്ഷം. അതെങ്ങനെ വിവരിക്കും? യന്ത്രസഹായമില്ലാതെ പറക്കുന്ന ഗ്ലൈഡറിന്റെ കയർ അകന്നു പോകുമ്പോൾ പിന്നെ അത് നീയും വായുവും നിശബ്ദതയും മാത്രമാണ്". അച്ഛൻ എന്ന അഭയത്തിന്റെ വിയോഗം ജീവിതത്തെ നിശ്ശബ്ദപലായനമാക്കുന്നു.


Related Articles