വിവർത്തനം എഴുത്തിനെ അപേക്ഷിച്ച് ഏറെ ബോധപൂർവമായ ഒരു പ്രക്രിയയാണ്; ചില പദങ്ങളും പ്രയോഗങ്ങളുമൊക്കെ അറിയാതെ കടന്നുവരുമെങ്കിലും. കൃതിയുടെ പശ്ചാത്തലത്തിനും അർത്ഥങ്ങളുടെ അടരുകൾക്കും ചേരുംവിധം വാക്കുകളെ വഴക്കിയെടുക്കുന്നതും വിവർത്തനത്തിന്റെ ഭാഗമാണ്. മൂലകൃതിയും അത് ഉയിരെടുത്ത സംസ്കാരവും വേറിട്ട ഒരു ഭാഷാസംസ്കൃതിയുടെ സംവേദനരീതികൾക്ക് അനുരൂപമാക്കി മാറ്റുവാനാവും വിവർത്തകന്റെ ശ്രമം. എന്നാൽ വിവർത്തനത്തിന്റെ സാധ്യതയെത്തന്നെ ചോദ്യം ചെയ്യുന്നവിധം ഭാഷകളുടെ വൈവിധ്യങ്ങൾ തമ്മിലുള്ള ഒരു അനുരഞ്ജനം കൂടിയാണ് അത്. പലപ്പോഴും കൃതി എഴുതപ്പെട്ട ഭാഷയേക്കാൾ തന്റെ മാതൃഭാഷയാകും വിവർത്തകന് വെല്ലുവിളിയുയർത്തുക.
വിവർത്തനപഠനത്തിന്റെ സിദ്ധാന്തങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ലാതിരുന്ന കാലത്ത് ഏതാനും കഥകൾ പരിഭാഷപ്പെടുത്തിയായിരുന്നു എന്റെ തുടക്കം. പിന്നെ പതിറ്റാണ്ടുകളുടെ ഇടവേളക്കു ശേഷമാണ് വിവർത്തനത്തിലേക്കു തിരിച്ചെത്തിയത്. അപ്പോഴേക്കും ഒരുകാര്യം തിരിച്ചറിഞ്ഞു: സിദ്ധാന്തങ്ങളുടെ അറിവും ഭാരവും ഇല്ലാത്തതാണ് നല്ലത്. അക്കാദമികമായ ആവശ്യങ്ങൾക്കുവേണ്ടിയായിരുന്നു വിവർത്തനം പുനരാരംഭിച്ചത് ടി. എസ്. എലിയട്ടിന്റെ "Tradition and Individual Talent" മലയാളത്തിലേക്കും അയ്യപ്പപ്പണിക്കർ സാറിന്റെ ഒരു ലേഖനം ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്തു; രണ്ടും യൂണിവേഴ്സിറ്റി സിലബസുകളുടെ ഭാഗമായി.
ആദ്യമായി വിവർത്തനം ചെയ്ത നോവൽ മ്യുറിയൽ ബാർബെറിയുടെ The Elegance of the Hedgehog ആയിരുന്നു. അന്നാണ് ഡിസി ബുക്സിലെ എഡിറ്റോറിയൽ വിഭാഗത്തിൽ ഉണ്ടായിരുന്ന സുരേഷിനെ പരിചയപ്പെടുന്നത്; ഇന്നും ആ സൗഹൃദം തുടരുന്നു. വിവർത്തനം പ്രസിദ്ധീകരിക്കും മുമ്പേ സുരേഷ് അവിടം വിട്ട് അധ്യാപകനായി. ഈ നോവലിന്റെ തലക്കെട്ട് ഒരു പ്രശ്നമായിരുന്നു; ഞാൻ ‘വിരൂപചാരുത’ എന്ന് അതു പരിഭാഷപ്പെടുത്തി. ലോക ക്ളാസിക് കഥകൾക്കുവേണ്ടി മിഖായേൽ ബുൾഗാക്കോവിന്റെ The Heart of a Dog വിവർത്തനം ചെയ്തു. നൂറ്റിനാല്പതു പേജുള്ള അതിനെ നോവലെറ്റ് എന്നു വിളിക്കുന്നതാവും നല്ലത്. മനുഷ്യസ്വഭാവം കൈവരിക്കുന്ന നായയുടെ കഥയിൽ അതിനോടൊപ്പമുള്ള ഭാഷയുടെ പരിണാമവും പ്രകടമായിരുന്നു.
