നിഴൽനിറങ്ങൾ: അദ്ധ്യായം ഒന്ന്

World of Letters

നിഴൽനിറങ്ങൾ: അദ്ധ്യായം ഒന്ന്


കണ്ണടയ്ക്കാനാവാത്ത ഒരു രാത്രിക്കിപ്പുറം വിരിഞ്ഞ പകലായതുകൊണ്ടാണോ എന്നറിയില്ല തുരുമ്പിച്ച ജനൽക്കമ്പികൾക്കിടയിലൂടെ തൊടിയിലേക്കിറങ്ങിപ്പോയ കാഴ്ച, തിരികെ വരാൻ വല്ലാതെ മടിക്കുന്നത്. ഇന്നലെ തിമിർത്തു പെയ്ത മഴയവശേഷിപ്പിച്ച കാഴ്ചകളാണ് നിറയെ. ഊർന്നുവീണ കരിയിലകൾക്കിടയിൽനിന്നും എന്തോ തിരയുന്നതുപോലെ, എണ്ണിത്തിട്ടപ്പെടുത്തിയ നാല് ഈർക്കിലിക്കമ്പുകൊണ്ട് കമല നേരത്തെ അവ ചികയാനിറങ്ങിയിട്ടുണ്ട്.

പുറത്ത് മരംകോച്ചുന്ന തണുപ്പാണ്. അല്പം കഴിഞ്ഞു മതിയെന്ന് പറഞ്ഞാലും കേൾക്കില്ല. നീണ്ട കമ്പിളിക്കുപ്പായത്തിനുള്ളിൽ, അവൾ സുരക്ഷിതയാണെന്നാണ് വെപ്പ്. പാവം, ഇന്നലെ മുതൽ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. അതോർത്തപ്പോൾ തുന്നിക്കെട്ടിയ എന്റെ കൈവിരലിലേക്ക് ഞാൻ വെറുതെ​യൊന്ന് നോക്കി. കാപ്പിച്ചെടിയുടെ ചാഞ്ഞ ചില്ല, വെട്ടിമാറ്റിയതാണ്. കൈയൊന്ന് പാളി. കൊടുവാള് നേരെ വിരലിന്റെ പകുതിയിലേക്ക് പാഞ്ഞുകയറി. അറ്റുപോകേണ്ടതായിരുന്നു. ആരുടെയോ പ്രാർത്ഥന. ഇനിയിപ്പോൾ രണ്ടാഴ്ചത്തേക്ക് പണിക്കിറങ്ങുക പ്രയാസമാകും. വേദനകൊണ്ട് ഇന്നലെ രാത്രി ഒട്ടും ഉറങ്ങാൻ പറ്റിയിട്ടില്ല.

തൊട്ടും തലോടിയും വേദനയെ ഊതിയാറ്റാൻ ശ്രമിച്ചും പുലരുംവരെ കൂടെ കമലയുമുണ്ടായിരുന്നു. ഉറങ്ങിക്കോളാൻ ഞാൻ കുറേ പറഞ്ഞതാ പക്ഷേ, കേട്ടില്ല. ‘മുറിവ് കൂടുന്നത് വരെ പണിക്കിറങ്ങേണ്ടെ’ന്ന അവളുടെ ഓഡർ. ഇനിയത് തെറ്റിച്ചാ മൂപ്പത്തിയുടെ നിറം മാറും. ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയും പാത്രങ്ങളോട് കലഹിക്കുകയും കലി സ്വയം പറഞ്ഞു തീർക്കുകയും ചെയ്യും. അതാണ് പതിവ്. അപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്, അവളെന്റെ കർശനക്കാരിയായ അമ്മയാണെന്ന്. ഞാനപ്പോൾ അനുസരണയുള്ള ഒരു പാവം കുട്ടിയാവും. ആ തണലിൽ, ചിറകിനടിയിൽ ഒതുങ്ങിക്കൂടാൻ കൊതിക്കുന്ന ഒരു കുഞ്ഞു പൈതൽ. അത് കാണുന്നത് അവൾക്കും വല്ലാത്ത ഇഷ്ടമാണ്.


Related Articles