മലയാള സാഹിത്യത്തിലെ ആദ്യ പെൺ കവി

World of Letters

മലയാള സാഹിത്യത്തിലെ ആദ്യ പെൺ കവി


ലയാള സാഹിത്യത്തിൻ്റെ ആദ്യ നാളുകളിൽ എഴുത്തുകാരികളുടെ പങ്കാളിത്തം വളരെ പരിമിതമായിരുന്നു. വിദ്യാഭ്യാസത്തിൻ്റെ അഭാവവും സാമൂഹികാവസ്ഥയുമായിരുന്നു അതിന്റെ പ്രധാന കാരണങ്ങൾ. കൊല്ലവർഷം പത്താം ശതകം മുതലാണ് മലയാള സാഹിത്യത്തിലേക്ക് സ്ത്രീ എഴുത്തുകൾ കടന്നുവരുന്നത് എന്ന് സാഹിത്യ ചരിത്രം വെളിപ്പെടുത്തുന്നു.

സംസ്കൃത വിദ്യാഭ്യാസം ലഭിച്ച തമ്പുരാട്ടിമാരായിരുന്നു അതിൽ പ്രധാനികൾ. മലയാള സാഹിത്യത്തിലെ ആദ്യ എഴുത്തുകാരിയായി കണക്കാക്കുന്നത് കിളിമാനൂർ കൊട്ടാരത്തിലെ ഉമാദേവി തമ്പുരാട്ടിയെയാണ്. ഇരയിമ്മൻ തമ്പിയുടെ മകളായ കുട്ടിക്കുഞ്ഞു തങ്കച്ചി, കടത്തനാട്ടെ ലക്ഷ്‌മിത്തമ്പുരാട്ടി, തോട്ടക്കാട്ട് ഇക്കാവമ്മ എന്നിവർ ഇക്കാലത്തെ പ്രമുഖരാണ്. കേരളത്തിൽ വിദുഷികളായ അനവധി സ്ത്രീ രത്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, കവിതാ രചന എന്നത് സ്വജീവിത കർത്തവ്യം പോലെയോ തപശ്ചര്യപോലെയോ കരുതിയ സ്ത്രീകൾ വളരെയൊന്നും ഉണ്ടായിരുന്നില്ല. അതിൽപ്പെട്ട ഒരപൂർവ്വ വിദുഷിയായിരുന്നു കുട്ടിക്കുഞ്ഞുതങ്കച്ചി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.[1] സ്ത്രീ ജാതിയിലെ എഴുത്തച്ഛൻ എന്നാണ് പ്രസിദ്ധ നിരൂപകനായ സി.പി. അച്യുതമേനോൻ തോട്ടക്കാട്ട് ഇക്കാവമ്മയെ വിശേഷിപ്പിച്ചത്. കടത്തനാട്ടു ലക്ഷ്മീഭായ്ത്തമ്പുരാട്ടിക്ക് സ്വാതിതിരുനാൾ മുതൽ മൂലം തിരുനാൾ വരെയുള്ള വഞ്ചീ മഹീന്ദ്രന്മാരെല്ലാം വിലയേറിയ പാരിതോഷികങ്ങൾ നൽകിയിട്ടുണ്ടെന്ന് ആർ. നാരായണപ്പണിക്കർ അഭിപ്രായപ്പെടുന്നുണ്ട്. അംബാദേവിത്തമ്പുരാട്ടി, റാണി ലക്ഷ്‌മീബായി, കല്യാണിക്കുട്ടി അമ്മച്ചി, ഇക്കുവമ്മത്തമ്പുരാൻ തുടങ്ങി അനേകം സ്ത്രീകൾ അക്കാലഘട്ടത്തിൽ സാഹിത്യ രചനയിൽ ഏർപ്പെട്ടിരുന്നു. എന്നാൽ സാഹിത്യ ചരിത്രങ്ങൾ കാര്യമാത്ര പ്രസക്തമായി ഇവരെ പരിഗണിച്ചിരുന്നില്ല. കുടുംബ മഹിമയുടെയോ തമ്പുരാക്കന്മാരുടെയോ കൊട്ടാരത്തിൻ്റെയോ പേരിലാണ് ഇവരെ ചരിത്രവൽക്കരിച്ചത്. വിദ്യാഭ്യാസത്തിനും കാവ്യരചനയ്ക്കും അവസരം കുറവായിരുന്ന അക്കാലത്തെ സാമൂഹികാവസ്ഥയിൽ നിന്നും ഈ സ്ത്രീകൾ നടത്തിയ ആത്മാവിഷ്കാരങ്ങൾ ഒരു സമരം തന്നെയാണ്. സാഹിത്യം പുരുഷൻ്റേതു മാത്രമായി നിലനിന്നതിനാലാണ് 'തരുണീമണി കവയ്ക്കട്ടെ കാണട്ടെ വൃത്തം' എന്ന് ഇക്കാവമ്മയുടെ നേർക്ക് പരിഹാസം തൊടുത്തുവിടാൻ പുരുഷകവികൾക്ക് സാധിച്ചത്. സാമൂഹികമായ പ്രശ്‌നങ്ങളുടെ നേർക്ക് മുഖം തിരിച്ചിരുന്നുവെങ്കിലും പരിമിതമായ സാഹചര്യത്തെ അവഗണിച്ചുകൊണ്ട് സ്വതന്ത്രമായ രചനകൾ സ്ത്രീകൾ നടത്തിയത് ശ്ലാഘനീയമാണ്.

മനോരമത്തമ്പുരാട്ടി


Related Articles