നവഫാസിസം: ചരിത്രവും വർത്തമാനവും

World of Letters

നവഫാസിസം: ചരിത്രവും വർത്തമാനവും


(കെ. ടി. കുഞ്ഞിക്കണ്ണൻ എഴുതിയ നവഫാസിസവും നവലോകക്രമവും എന്ന പുസ്തകത്തിൽ നിന്ന്)

20-ാം നൂറ്റാണ്ടിൽ ഭൂമിയിൽ നരഹത്യകൾ സൃഷ്ടിച്ച ഹിറ്റ്‌ലറും മുസ്സോളിനിയും ഫ്രാങ്കോയുമൊക്കെ അടിച്ചേല്പിച്ച ക്ലാസിക്കൽഫാസിസത്തിന്റെ ചരിത്രപരമായ തുടർച്ചതന്നെയാണ് നവഫാസിസമെന്നത്. 20-ാം നൂറ്റാണ്ടിൽ യൂറോപ്പിലുണ്ടായ രണ്ട് ലോകമഹായുദ്ധങ്ങൾക്കിടയിൽ ഇറ്റലിയിൽ മുസ്സോളിനിയുടെയും ജർമ്മനിയിൽ ഹിറ്റ്‌ലറുടെയും നേതൃത്വത്തിൽ വളർന്നുവന്ന ക്ലാസിക്കൽ ഫാസിസത്തിൽനിന്ന് വ്യത്യസ്തമായി സമകാലീന ഫാസിസത്തിന്റെ സ്വഭാവവിശേഷങ്ങളെ സൂചിപ്പിക്കാനാണ് നവഫാസിസമെന്ന പദം പൊതുവേ ഉപയോഗിക്കപ്പെടുന്നത്. നവഫാസിസം നവലിബറൽ മൂലധനത്തിന്റെ പ്രതിസന്ധിയുടെ ഉത്പന്നവും ഒരു ആഗോളപ്രവണതയുമാണ്. 1930-കളിൽ നിലനിന്നിരുന്ന അന്തർസാമ്രാജ്യത്വ വൈരുദ്ധ്യങ്ങൾ ആഗോള ഫൈനാൻസ് മൂലധനത്തിന്റെ വളർച്ചയുടെയും ചലനക്രമത്തിന്റേതുമായ ഇന്നത്തെ സാഹചര്യത്തിൽ അത്ര സജീവമല്ല. അതായത് അന്തർസാമ്രാജ്യത്വ വൈരുദ്ധ്യങ്ങൾ നിലനിൽക്കുമ്പോൾതന്നെ 20-ാം നൂറ്റാണ്ടിന്റെ ആദ്യമധ്യപാദങ്ങളിൽ ദൃശ്യമായതുപോലെ രൂക്ഷമായ മാനങ്ങളിൽ അത് പ്രവർത്തിക്കുന്നില്ല.

അമേരിക്കൻ സാമ്രാജ്യത്വം മുന്നോട്ടുവെക്കുന്ന ഏകധ്രുവലോകക്രമത്തിനെതിരായ ബഹുധ്രുവാത്മകതയിലേക്ക് ചൈനയും റഷ്യയും ഇന്ത്യയും ബ്രസീലുമെല്ലാം അടങ്ങുന്ന രാജ്യങ്ങളുടെ മുൻകൈയിൽ നീക്കങ്ങൾ സജീവമായി നടക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് രാജ്യമായ ചൈനയെ ദുർബലപ്പെടുത്തുന്നതിനുള്ള നിരവധി പദ്ധതികൾ ഏഷ്യൻമേഖലയിൽ അമേരിക്കയും അവരുടെ ഏഷ്യയിലെ പ്രധാന സഖ്യശക്തിയായ ഇസ്രായേലുമെല്ലാം ചേർന്ന് ആവിഷ്കരിച്ചിട്ടുണ്ട്. ഇന്ത്യയും ജപ്പാനും ഓസ്‌ട്രേലിയയും അമേരിക്കയും ചേർന്നുകൊണ്ടുള്ള സൈനിക കൂട്ടുകെട്ട് ഇതിന്റെ ഭാഗമാണ്. ചൈനയ്ക്കെതിരായ വ്യാപാരഉപരോധവും ട്രംപിന്റെ മൂന്നാം അധികാരാരോഹണത്തോടെ തീവ്രമായിരിക്കുന്ന ലോകരാജ്യങ്ങൾക്കെതിരായ താരിഫ് യുദ്ധവുമെല്ലാം അമേരിക്കൻ സാമ്രാജ്യത്വം എത്തപ്പെട്ട പ്രതിസന്ധിയിൽനിന്ന് ഉയർന്നുവരുന്ന ഭ്രാന്തൻനടപടികളാണ്. അമേരിക്കയും വൻകിട മുതലാളിത്തരാജ്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങളുടേതായ വർത്തമാനസാഹചര്യത്തിന്റെ പ്രകടമായ പ്രതിഫലനമാണ് അമേരിക്കയും റഷ്യയും തമ്മിലുള്ള ഉക്രൈൻയുദ്ധം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ.
തങ്ങളുടെ ലോകമേധാവിത്വത്തിനെതിരായി ഉയർന്നുവരുന്ന എല്ലാ ശക്തികളെയും രാഷ്ട്രങ്ങളെയും അസ്ഥിരീകരിക്കാനും തകർക്കാനുമുള്ള സയണിസത്തെയും രാഷ്ട്രീയ ഇസ്‌ലാമിസത്തെയും ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ഹിന്ദുത്വത്തെയുമെല്ലാം വളർത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് അമേരിക്ക ചെയ്തുകൊണ്ടിരിക്കുന്നത്. ലോകമാകെ വംശീയഭ്രാന്തും മുസ്‌ലിം വിരോധവും കമ്യൂണിസ്റ്റ് വിരുദ്ധതയും അഴിച്ചുവിട്ടുകൊണ്ട് നവഫാസിസ്റ്റ് ശക്തികളെ വളർത്തിയെടുക്കുകയാണ് അമേരിക്കൻ സാമ്രാജ്യത്വവും അവരുടെ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റും സി.ഐ.എ.യും ചെയ്തുകൊണ്ടിരിക്കുന്നത്.


Related Articles