നരയാട്ട്: അദ്ധ്യായം ഒന്ന്

World of Letters

നരയാട്ട്: അദ്ധ്യായം ഒന്ന്


ഇടവേളകളില്ലാതെ തടിപ്പാലം ഇന്നും മുരളുകയാണ്. ഇരപിടിയൻ കരിംകൂമന്റെ ചിലപ്പുപോലെ ഭീകരമാംവിധം അത് കാതുകളിൽ തുളഞ്ഞുകയറുന്നു. ആ മുരൾച്ച, അതൊരടയാളമാണ്. നാളത്തെ സൂര്യോദയത്തിനും സാക്ഷ്യംവഹിക്കാനുള്ളത് നന്മകൾ അവ​കാശപ്പെടാനില്ലാത്ത കാഴ്ചകളാണെന്ന് ഊട്ടി ഉറപ്പിക്കുന്ന അട​യാളം. പാറക്കൂട്ടങ്ങളെപ്പോലും വിറകൊള്ളിച്ചു കുത്തിയൊഴുകുന്ന കരിച്ചേരിപ്പുഴയ്ക്കു കുറുകെ കെട്ടിയ തടിപ്പാലം ജനങ്ങളെ കൊണ്ടു​പോയത് അക്കരെ കരയിലേക്കുമാത്രമായിരുന്നില്ല. ആ മുരൾച്ച, പലർക്കുമതൊരു പേടിസ്വപ്നമാണ്.

ഒറ്റപ്പാളി ജനാലമാത്രമുള്ള മുറിയിൽ ചടഞ്ഞുകൂടിയിരിക്കുന്ന മൂന്നുപേർ. പാലം ഓരോ തവണ മുരളുമ്പോഴും അവരുടെ ചങ്കി​ടിപ്പ് വല്ലാതെ കൂടുന്നുണ്ട്. ജനാലയിലൂടെ ഉള്ളിൽ കടക്കുന്നത് മങ്ങിയ വെളിച്ചംമാത്രമാണ്. പാലത്തിനപ്പുറം പ്രകാശിക്കുന്ന വഴി​വിളക്കിന്റെ വെളിച്ചം. ഉള്ളിലേക്ക് ഊറിവരുന്ന വെളിച്ചത്തിൽ മാരന്റെ പാതി മുഖംമാത്രമേ കാണാനാകൂ. അയാൾ നിർവികാര​നായി ആ വെളിച്ചം ആസ്വദിക്കുകയാണ്. ഇതുവരെ കാണാത്തൊരു ഭംഗി ഇന്നാ വെളിച്ചത്തിനു തോന്നുന്നുണ്ട്.

അയാൾക്കൊപ്പം ഒരു കുട്ടിയുമുണ്ട്. ഏറിയാൽ പതിന്നാലു വയസ്സ് മാത്രം. അതിൽ കൂടാൻ സാധ്യതയില്ല. ഇന്നലെയാണ് അവൻ മാരനൊപ്പം ചേരുന്നത്. ഈ ലോകമെന്തെന്നു തിരിച്ചറിയാ​നുള്ള വിവേകം അവനായിട്ടില്ല. കൂട്ടുകാരോടൊപ്പം ഒളിച്ചുകളി​ക്കേണ്ട പ്രായം. അവനെന്തു പിഴച്ചിട്ടാണോ ആവോ!! അവന്റെ കഥ കേട്ടിട്ട് ഇനി എന്തിന്? രണ്ടു ദിവസം മുൻപായിരുന്നുവെങ്കിൽ ഒരവലോകനംതന്നെ നടത്താമായിരുന്നു. പക്ഷേ, ഇനി അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.


Related Articles