ഏകദേശം രണ്ടരവർഷം മുൻപാണ് എന്റെ ഓട്ടോയിലെ പതിവ് യാത്രക്കാരിയായ കോളേജ് അധ്യാപിക മറ്റു രണ്ടു പുസ്തകങ്ങളുടെ കൂടെ "നടവഴിയിലെ നേരുകൾ'' എന്ന പുസ്തകം എനിക്ക് സമ്മാനിക്കുന്നത്. കൂടെയുണ്ടായിരുന്ന പൗലോ കൊയ്ലോയേയും ഖാലിദ് ഹുസൈനിയേയും തൊട്ടടുത്ത ദിവസങ്ങളിലായി വായിച്ചു തീർത്തെങ്കിലും അറുന്നൂറ്റിനാൽപ്പത് പേജ് കനത്തിൽ ഷെമി എന്ന, മുൻപൊരിക്കലും കേട്ട് പരിചയമില്ലാത്ത എഴുത്തുകാരിയുടെ പുസ്തകം വായിക്കുന്നത് പിന്നെ എപ്പോഴെങ്കിലും ആകാം എന്ന ചിന്തയിൽ ഞാനാ പുസ്തകത്തെ ഷെൽഫിലെ മറ്റു പുസ്തകങ്ങൾക്കിടയിൽ ഉപേക്ഷിച്ചു.
പിന്നീടെപ്പോഴോ വായനപ്രേമിയായ അമ്മാവന്റെ മകൾ വായിച്ച് തിരികെ കൊണ്ടുതരാം എന്ന ഉടമ്പടിയിൽ ഷെമിയെ അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു വർഷത്തോളം അവളുടെ കൂട്ടുകാരിലൂടെ കൈമാറി മാസങ്ങൾക്കു മുൻപ് വീണ്ടും ആ കട്ടി പുസ്തകം എന്റെ കയ്യിലെത്തിയെങ്കിലും കല്യാൺ സിൽക്സിന്റെ പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് എന്റെ ഓട്ടോയുടെ സീറ്റിനു പുറകിലിരിക്കാനായിരുന്നു പിന്നെയതിന്റെ യോഗം.
ഡീസൽ എഞ്ചിന്റെ നിരന്തരമായ ചൂടിൽ ബലം വെച്ച് പുറംചട്ട വളഞ്ഞ ആ പുസ്തകം കഴിഞ്ഞ ദിവസം വണ്ടി കഴുകുന്നതിനിടയിലാണ് ഞാൻ പുറത്തേയ്ക്കെടുക്കുന്നത്. മനുഷ്യരുടെ സ്നേഹം അത് ഏത് രൂപത്തിലായാലും അവഗണിക്കുന്നതിന് പരിധിയുണ്ട് എന്ന ചിന്തയിൽ അത് വായിക്കാനെടുത്തപ്പോഴും ഷെമി എന്ന എഴുത്തുകാരിയുടെ പേരിനപ്പുറം പ്രസിദ്ധീകരണം ഡിസി ബുക്സ് എന്ന അക്ഷരങ്ങൾക്കായിരുന്നു ഞാൻ മുൻതൂക്കം കൊടുത്തത്.
