മത്സ്യമഴ പെയ്യുന്ന സന്ധ്യകൾ

World of Letters

മത്സ്യമഴ പെയ്യുന്ന സന്ധ്യകൾ


അമ്മമ്മ ഉറങ്ങുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല. എത്രകാലത്ത് ഉണർന്നുനോക്കിയാലും, അമ്മമ്മ അടുക്കളയിൽ തിരക്കിട്ട് ജോലി ചെയ്യുകയാവും. നിവർന്നുനില്ക്കാനാവാത്തവിധം നടു മുന്നിലോട്ടു വളഞ്ഞ്, അരയ്ക്കുമുകളിൽ കുപ്പായമില്ലാതെ, ശോഷിച്ച് തൂങ്ങിയ മുലകൾ ആട്ടിയാട്ടി അമ്മമ്മ ഏതുനേരവും ജോലിചെയ്തുകൊണ്ടിരുന്നു. വീട്ടിലെല്ലാവരും ഉറക്കമുണരുംമുമ്പ്, കാലത്തേക്കുള്ള കഞ്ഞിയും കറിയും അച്ഛാച്ഛ (അമ്മയുടെ അച്ഛൻ)യ്ക്കുള്ള പലഹാരങ്ങളും തയ്യാറാക്കി വച്ചിരിക്കും. പിന്നീട് മുറ്റത്തേക്കിറങ്ങുകയായി; കാലാകാലങ്ങളിൽ, അണ്ടിയും അടയ്ക്കയും കുരുമുളകും കൊപ്രയും ചെറുപയറും ഉഴുന്നും പായവിരിച്ച് വെയിലത്തുണക്കിയെടുക്കാനുണ്ടാവും. അടയ്ക്കയും കൂമ്പാളയും പെറുക്കാൻ തോട്ടത്തിലും തുണിയലക്കാൻ തോട്ടിലും മാങ്ങ പെറുക്കാൻ കുന്നിൻപുറത്തെ മാഞ്ചുവടുകളിലും ഉച്ചഭക്ഷണമുണ്ടാക്കാൻ വീണ്ടും അടുക്കളയിലും രാത്രി വൈകുംവരെ പാത്രങ്ങൾ കഴുകിയെടുക്കാൻ 'വടക്കോറ'ത്തെ 'ചേതി'യിലും അമ്മമ്മയുണ്ടാവും. ഇതിനിടെ ഒരു നൂറുവട്ടമെങ്കിലും ചായയ്ക്കും വെല്ലക്കഞ്ഞിക്കും ബീഡി കത്തിക്കാൻ തീക്കൊള്ളിക്കുമായി അച്ഛാച്ഛന്റെ 'കല്യാണീ' എന്ന നീട്ടിയ വിളിക്കുമുമ്പിൽ അമ്മമ്മയ്ക്കു ഹാജരാകേണ്ടതുണ്ട്. ഇല്ലെങ്കിൽ, ചെവിപൊട്ടിപ്പോകുന്ന നാട്ടുതെറിയുടെ അഭിഷേകമുണ്ടാവും. അയവെട്ടുന്ന നേരത്ത് പശുക്കൾ ഉണ്ടാക്കുന്നതുപോലുള്ള ഒരു അവ്യക്തശബ്ദത്തോടെ അമ്മമ്മ അതത്രയും നിശ്ശബ്ദമായി കേട്ടുനില്ക്കും.

അമ്മമ്മ കുട്ടികളോടു വാത്സല്യം കാണിക്കുന്നതിൽ പൊതുവേ വിമുഖയായിരുന്നു. മൊട്ടത്തലയിൽ ഒരു തടവലോ, തുണിയുടുക്കാതെ കണ്ടാൽ കുട്ടിവയറിലോ 'ഇച്ചിമ്മിണി'യിലോ ഒരു 'കിളുമ്പ'ലോ, കിട്ടിയാലായി. പക്ഷേ, ഭക്ഷണം വിളമ്പുമ്പോൾ, മുതിർന്നവർ കാണാതെ ചോറിലൊളിപ്പിച്ച മീൻകഷണങ്ങളോ മുട്ടയോ ആയി, വറുതിയുടെ കാലത്ത് തവിടും വെല്ലവും ചേർത്തിടിച്ച് രഹസ്യമായി നല്കുന്ന ഉണ്ടകളായി ആ വാത്സല്യം ഞങ്ങൾ അറിഞ്ഞു. മീൻകറികളുടെ രുചിയുടെ വൈവിദ്ധ്യം അമ്മമ്മയിൽ നിന്നറിഞ്ഞതുപോലെ, ലോകത്തിലെ മറ്റൊരു പാചകഗ്രന്ഥത്തിലും കാണാനിടയായിട്ടില്ല. മത്തിയോ അയലയോ മുള്ളനോ മാന്തലോ ചെമ്മീനോ സ്രാവോ---മീനെന്തായാലും അമ്മമ്മ വച്ചു വിളമ്പുമ്പോൾ, ഓരോന്നും രുചിയുടെ ഓരോ മാസ്റ്റർപീസുകളായി. ചെതുമ്പലുകളും വാലും ചിറകും തലയും കളഞ്ഞ് ഉപ്പുകല്ലിട്ട് മൺചട്ടിയിൽ വഴറ്റി അഴുക്കുകളഞ്ഞ് പലവട്ടം കഴുകി വൃത്തിയാക്കിയെടുക്കുന്ന മീനുകൾ പച്ചയ്ക്കു തിന്നാൻതോന്നും. 'മീൻ അവസാനം കഴുകിയ വെള്ളത്തിൽ കുളിക്കാൻ കഴിയണം' എന്ന ഒരു തിയറിതന്നെ അമ്മമ്മയുടേതായി ഉണ്ട്. എന്റെ അമ്മയും മരിക്കുവോളം അത് ഏറ്റുപറയുന്നത് കേട്ടിട്ടുണ്ട്.


Related Articles