1990-കളുടെ ആദ്യത്തില്‍ ഞാനൊരു ഡല്‍ഹി യാത്രയിലായിരുന്നു. വിമാനത്തില്‍വെച്ച് പുസ്തക വ്യാപാരിയായ ഒരു സ്ത്രീയെ പരിചയപ്പെടാനിടയായി. അവര്‍ ചെന്നൈയിലെ പ്രശസ്തമായ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ചെറിയൊരു ബുക്ക്‌ഷോപ്പ് നടത്തുന്നുണ്ട്. ഹോട്ടലിലൊക്കെ പുസ്തകങ്ങള്‍ വാങ്ങാന്‍ ആളുകള്‍ വരുന്നുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ''പ്രധാനമായും ഒരു വായനക്കാരന്റെ പിന്‍ബലത്തിലാണ് ഞാനത് നടത്തിക്കൊണ്ടുപോകുന്നത്. അയാള്‍ അത്രയധികം പുസ്തകങ്ങള്‍ വാങ്ങുന്നു. അദ്ദേഹം നിങ്ങളുടെ നാട്ടുകാരനായ ഒരു രാഷ്ട്രീയ നേതാവാണ്.''
അതാരപ്പാ എന്ന സംശയത്തോടെ ഞാനവരെ നോക്കി. 'കെ.പി. ഉണ്ണികൃഷ്ണന്‍'
മനസ്സില്‍ ആ പേര് വന്നില്ലെങ്കിലും ഞാന്‍ ഞെട്ടിയില്ല. കാരണം, കോണ്‍ഗ്രസ് നേതാവായിരുന്ന ഉണ്ണികൃഷ്ണന്റെ വായനയെപ്പറ്റി ധാരാളം കേട്ടിരുന്നു. ഞങ്ങളുടെയൊക്കെ കോളേജ് കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയ പേരുകളിലൊന്നായിരുന്നു ഉണ്ണികൃഷ്ണന്റെത്. ഒ.വി.വിജയന്റ ഇന്ദ്രപ്രസ്ഥം പംക്തിയില്‍ ഇടയ്‌ക്കൊക്കെ ഉണ്ണികൃഷ്ണനെപ്പറ്റി വായിച്ചിരുന്നു. വി.കെ.എന്നിന്റെ മുഖ്യ കഥാപാത്രവും ഇദ്ദേഹമാണെന്ന് പറഞ്ഞു കേള്‍ക്കാറുണ്ടായിരുന്നു. ഡല്‍ഹി രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന മലയാളി. പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയിരുന്ന പ്രസംഗങ്ങള്‍ Sunday പോലുള്ള പ്രധാനവാരികകളിലൊക്കെ അച്ചടിച്ചു വരുമായിരുന്നു. ശരാശരി രാഷ്ട്രീയക്കാരില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഒരാള്‍.
