ഏതാണ്ട് അഞ്ചു ദശകംകൊണ്ട് എന്റെ ദേശമായ ‘കാസർകോടിന്റെ ‘ഹണേബാറം’ (തലയിലെഴുത്ത്–തലവര) വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു പൗരനാണ് ഞാൻ. 1975 മുതൽ നാലു വർഷം കൗമുദി ന്യൂസ് സർവ്വീസിന്റെ ലേഖകനായി കാസർകോടിന്റെ അകത്തളങ്ങളെപ്പറ്റി നിരന്തരം എഴുതിയിട്ടുണ്ട്. ഏതാണ്ട് 25 ലേഖനങ്ങൾ. അതൊന്നുമല്ല ഈ ആഖ്യാനങ്ങൾ. ഞാൻ ഡോക്യുമെന്ററി മാധ്യമം സ്വീകരിച്ചശേഷം 12 ഡോക്യുമെന്ററികൾ ചെയ്തപ്പോഴും അതിൽ അഞ്ചെണ്ണം കാസർകോടിനെക്കുറിച്ചായിരുന്നു. ഇശൽഗ്രാമം വിളിക്കുമ്പോൾ, ഗോത്രസ്മൃതി, സപ്തസ്വരങ്ങളുടെ ബാബേൽ, അരജീവിതങ്ങൾക്കൊരു സ്വർഗ്ഗം, ബേക്കൽ–കണ്ണൂർ കോട്ടകൾ എന്നിവയാണവ. എന്നിട്ടും എനിക്കിപ്പോൾ ‘കാസർകോട് ആഖ്യാനങ്ങൾ' എഴുതേണ്ടിവരുന്നു. ഈ ആഖ്യാനങ്ങളിലെ ഓരോ ലേഖനവും ഓരോ പ്രശ്‌നകാലങ്ങളിലെ നിരന്തര ജാഗ്രതയോടെയുള്ള നിരീക്ഷണത്തിൽനിന്നുണ്ടായവയാണ്.
ഓരോ ദേശത്തിനും അതിന്റേതായ സ്വത്വവും താൻപോരിമയും ഉണ്ട്. ഭാഷതന്നെയാണ് ആദ്യത്തേത്. എന്റെ രണ്ട് കോട്ടയം സുഹൃത്തുക്കൾ സംസാരിക്കുമ്പോൾ ‘ശരി’ എന്നതിന് തുല്യമായ ‘ഉവ്വ്’, ‘ഒവ്വ്’ എന്നും രണ്ടു രീതിയിൽ പറയുന്നത് കേട്ടിട്ടുണ്ട്. ഒരു കാസർകോട്ടുകാരനായ ഞാൻ ആ ഉച്ചാരണവ്യത്യാസത്തെ വളരെ ബഹുമാനത്തോടെയാണ് കേൾക്കുക. എന്നാൽ, ഒരു കാസർകോട്ടുകാരൻ ഈ ‘ശരി’ക്ക് ഇവിടുത്തെ പ്രാദേശിക ഭാഷാഭേദത്തിലെ ‘ഒക്കും’, ‘ഒക്കു’ എന്നീ വാക്കുകൾ ഉപയോഗിക്കുന്നത് കേൾക്കുമ്പോൾ ഈ വരത്തർക്ക് ബഹുമാനം ഉണ്ടാകുന്നില്ല. ഈ അവമതികളിൽനിന്നാണ് എന്റെ ഈ ആഖ്യാനങ്ങളുടെ ഉദയം. ‘ഒക്കും’ എന്നതിന് ‘ഉവ്വ്’ എന്ന അതേ അർത്ഥമുണ്ട്. തുല്യം, ശരി, അതേ, സമ്മതം എന്നീ പദങ്ങൾതന്നെയാണത് equal to എന്ന ഇംഗ്ലിഷ് വാക്കുപോലെ. മഴ നിന്നുപോയാൽ കാസർകോട്ടുകാർ പറയുന്ന ‘മഴ തമ്പി’ എന്ന വാക്യം എത്ര കാവ്യാത്മകമാണ്. ‘തമ്പ്’ എന്ന നാമപദത്തിൽനിന്നാണ് ‘തമ്പി’ എന്ന ക്രിയാപദം ഉണ്ടാകുന്നത്. ഒരിടത്തു നില്ക്കുന്നതാണ് തമ്പ്. ഇവിടെ വ്യാകരണമല്ല, ആശയവിനിമയമാണ് പ്രധാനം. ഇത്തരം പ്രയോഗങ്ങൾ ദേശത്തനിമയാണെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് ‘കാസർകോട് ആഖ്യാനങ്ങളു’ടെ ആമുഖത്തിന് ഞാൻ ‘കാസർകോടിന്റെ ഹണേബാറം’ എന്ന തലക്കെട്ട് നല്കുന്നത്. ‘ഹണേബാറം’ എന്ന വാക്ക് കാസർകോട്ടെ ഒരു ഭാഷയായ കന്നഡയിലായിട്ടും മറ്റു ഭാഷകളായ മലയാളത്തിലും ഉറുദുവിലും കൊങ്ങിണിയിലും തുളുവിലും ബ്യാരിയിലും അതേ അർത്ഥത്തിൽ ഉപയോഗിക്കുന്നു അഭിമാനത്തോടെ, വിനീതമായി.
ചില സ്ഥലങ്ങൾ നിരന്തരം അവമതിക്കപ്പെടുമ്പോൾ അതിലെ പൗരസമൂഹത്തിന് ഏല്ക്കുന്ന ആഘാതങ്ങളെ ഉണക്കാൻ നമ്മുടെ ഭരണഘടനയിൽ വല്ല വകുപ്പുമുണ്ടോ? പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കും പുറന്തള്ളപ്പെട്ട വ്യക്തികൾക്കും ലിംഗവ്യത്യാസത്താൽ വിവേചനം അനുഭവിക്കുന്നവർക്കും ഭരണഘടനയിൽ ചില ഇടങ്ങൾ ഉണ്ട് എന്നത് നേര്.
കഴിഞ്ഞ രണ്ട് മൂന്ന് ദശകമായി കേരളീയ പൊതുസമൂഹം അത്തരം ഇടങ്ങൾ കണ്ടെടുക്കുകയും അവർ മുഖ്യധാരാ പൗരസമൂഹത്തിന്റെ ഭാഗമായിത്തീർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാൽ കേരളത്തിന്റെ തീരദേശവും മലമ്പ്രദേശവും ഒരുപോലെ സന്ധിക്കുന്ന സ്ഥലരാശിയിൽപ്പെട്ട ചില ദേശങ്ങൾ മുഖ്യധാരയുടെ മാന്യപദവികളും ആദരവുകളും പരിഗണനയും കിട്ടാതെ അപരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഉരുക്കൾ നിർമ്മിച്ച് ലോകം മുഴുവൻ ചരക്കുകൾ കടത്തിയിരുന്ന കാസർകോട്ടെ ജനത ഇന്ന് നിശ്ചലരാണ്. പൈതൃകങ്ങളെപ്പോലും പരാജയമായി ചിത്രീകരിക്കുന്ന ചില സ്ഥലങ്ങൾ ഇങ്ങനെ നിരന്തരം പീഡിപ്പിക്കപ്പെട്ടും അപമാനിക്കപ്പെട്ടുംകൊണ്ടിരിക്കുന്നതിന്റെ പൊരുൾ എന്താണ്? മലയാളത്തിലെ ചില സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന കുറ്റവാളികളായ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുന്നത് കാസർകോട്ടേക്കാണ്. തിരിച്ച് ജീവിതത്തിലും അങ്ങനെതന്നെ കാണുന്നു. കുറ്റവാളികൾക്ക് ശിക്ഷാർഹമായ എന്തു ‘ഗുണ’മാണ് കാസർകോട്ടുള്ളത്? ഫിക്‌ഷനും യാഥാർത്ഥ്യവും ഒരുപോലെ വർത്തിക്കുന്ന ഒരപൂർവ്വ മേഖലയാണിത്. കാസർകോടും കുറ്റവാളികളുടെ പറുദീസയായി മാറുകയാണോ? സമൂഹംതന്നെ സ്വയമേവ അങ്ങനെയൊരു വിവക്ഷ നല്കുന്നുണ്ടോ? കാസർകോടിനെ ഒരു ക്രിമിനൽ ബെൽറ്റാക്കി മാറ്റാനുള്ള അജണ്ട ആരുടേതാണ്? എന്റെ മുമ്പിലുള്ള പ്രശ്‌നവും ഇതുതന്നെയാണ്.
