മനുഷ്യർ എന്നാൽ എന്താണ്?

World of Letters

മനുഷ്യർ എന്നാൽ എന്താണ്?


വളരുക എന്നത് പ്രയാസപ്പെട്ട ഒരു ജോലിയാണ്. നിങ്ങൾക്കും നിങ്ങളുടെ കൂട്ടുകാർക്കും മാത്രമല്ല, എല്ലാവർക്കും, മൃഗ​ങ്ങൾക്കുമുൾപ്പെടെ. ഒരു സിംഹക്കുട്ടിക്കു വളരണമെങ്കിൽ അതിന് ഓടാനും സീബ്രയെ വേട്ടയാടാനും പഠിക്കണം. ഒരു കുട്ടിഡോൾഫിന് നീന്താനും മീനിനെ പിടിക്കാനും പഠിക്കണം. ഒരു കുഞ്ഞുപരുന്തിന് പറക്കാനും കൂടുകെട്ടാനും പഠിക്കണം. അതിൽ ഒന്നുംതന്നെ അത്ര എളുപ്പമല്ല.

പക്ഷേ, വളരുക എന്നത് മനുഷ്യർക്കു കൂടുതൽ പ്രയാസകരമാണ്, എന്തെന്നാൽ നമ്മൾ എന്തു പഠിക്കണമെന്ന് നമുക്കറിയില്ല. സിംഹങ്ങൾ ഓടുകയും സീബ്രയെ വേട്ടയാടുകയും ചെയ്യുന്നു, ഡോൾഫിനുകൾ നീന്തുകയും മീനിനെ പിടിക്കുകയും ചെയ്യുന്നു, പരുന്തുകൾ പറക്കുകയും കൂടുകൂട്ടുകയും ചെയ്യുന്നു ––മനുഷ്യർ എന്താണ് ചെയ്യുന്നത്?

നിങ്ങൾ വലുതാവുമ്പോൾ ഏതൊരു സിംഹത്തിന് ഓടാൻ കഴിയുന്നതിനെക്കാളും വേഗത്തിൽ ഒരു റേസ്‌–കാർ ഓടിക്കുമായിരിക്കും. ഏതൊരു ഡോൾഫിനു നീന്താൻ കഴിയുന്നതിനെക്കാളും ദൂരത്തേക്ക് ഒരു കപ്പൽ ഓടിക്കുമായിരിക്കും. ഏതൊരു പരുന്തിനും പറക്കാൻ പറ്റുന്നതിനെക്കാളും ഉയരത്തിൽ ഒരു വിമാനം പറത്തുമായിരിക്കും. മൃഗങ്ങൾക്ക് ആലോചിക്കാൻ പോലുമാവാത്ത ലക്ഷക്കണക്കിന് കാര്യങ്ങൾ നിങ്ങൾ ചെയ്യുമായിരിക്കും, ഉദാഹരണത്തിന്, ഒരു കമ്പ്യൂട്ടർ ഗെയിം ഉണ്ടാക്കുക, ഒരു പുതിയതരം മരുന്നു കണ്ടുപിടിക്കുക, ചൊവ്വാഗ്രഹത്തിലേക്ക് ഒരു യാത്ര പോവുക, അല്ലെങ്കിൽ വെറുതേ ദിവസം മുഴുവൻ വീട്ടിലിരുന്ന് ടി.വി. കാണുക. മനുഷ്യർക്ക് പലതരം കാര്യങ്ങളും തിരഞ്ഞടുക്കാൻ പറ്റും! അതിനാൽ മനുഷ്യനാവുക എന്നത് വളരെയധികം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒന്നാണ്.


Related Articles