ഞാൻ വലിയൊരു സംശയത്തിലാണ്. വലുതെന്ന് പറഞ്ഞാൽ ആനയോളം വലുതൊന്നും അല്ലെങ്കിലും അത് ആമയോളം തീരെ ചെറുതുമായിരുന്നില്ല.
ഒരുപാടുകാലം സംസാരിച്ചതിനുശേഷമാണ് അയാൾക്ക് എന്നെയൊരിക്കൽ ദീർഘമായി ആലിംഗനം ചെയ്യണമെന്ന് പറഞ്ഞത്. ആലിംഗനം തെറ്റായ ഒന്നല്ലെന്ന് അറിയാം. അവിടെയും സംശയങ്ങൾ ബാക്കിവെച്ചത് ഞാനിതുവരെ അയാളെ നേരിട്ട് കണ്ടിട്ടില്ല എന്നതായിരുന്നു. കാണാത്ത ഒരാളെ അത്രമേൽ മനോഹരമായി ആലിംഗനം ചെയ്യുന്നതെങ്ങനെയെന്ന് ഞാൻ ആശങ്കപ്പെട്ടു. അയാളുടെ തരം, സ്വഭാവം, മാനസികനിലകൾ, ശരീര വ്യതിയാനങ്ങൾ, ചരിത്രം തുടങ്ങി അയാളുമായി ബന്ധപ്പെട്ടതൊന്നും എനിക്ക് കൃത്യമായി അറിയുകയില്ല. അതിനാൽ തന്നെ ഞാനൊരു പാതിസമ്മതത്തിലായിരുന്നു.
ഏതൊരു മനുഷ്യനെയും സ്നേഹിക്കുന്നതിനോടൊപ്പം ഭയപ്പെടുകകൂടിവേണമല്ലോ. അടുക്കുന്തോറും അകലുമെന്നുകൂടി മനസ്സിൽ പറഞ്ഞ് പ്രതിജ്ഞയെടുക്കണം. അല്ലെങ്കിൽ അകമെന്നെങ്കിലുമൊരു അടുപ്പായിത്തീരും. അവിടെ തീയും പുകയും നിറഞ്ഞ് ആളിക്കത്തും, വെന്തുരുകും, ഒടുവിലൊരു കനലായി അവശേഷിച്ച് ഓർമകളിൽ നിരന്തരം വേട്ടയാടപ്പെടും.
