എഴുതുന്നതെന്തെന്നാൽ

World of Letters

എഴുതുന്നതെന്തെന്നാൽ


എഴുതുന്നത് എനിക്ക് ഇഷ്ടമാണ്. വെറുതേ എന്തെങ്കിലുമൊക്കെ എഴുതിക്കൊണ്ടിരിക്കുക. എവിടെനിന്നും തുടങ്ങാത്ത, എങ്ങുമെത്താത്ത എഴുത്ത്. അക്ഷരങ്ങൾ ഒട്ടിച്ചേർന്ന് വാക്കുകളും വാചകങ്ങളും ഖണ്ഡികകളുമായി അനേകം പുറങ്ങളിലേക്ക് നീണ്ടു നീണ്ടു പോകുന്ന സ്വാതന്ത്ര്യം. അഭയം. വീട്ടിൽ ഉണ്ടായിരുന്ന പഴയൊരു കസേരയെക്കുറിച്ച് ഞാൻ എത്രയോ പേജുകൾ എഴുതിനിറച്ചിരിക്കുന്നു, പണ്ട്. അതുണ്ടാക്കാൻ ഉപയോഗിച്ച മരം, ആ മരത്തിന്റെ പ്രത്യേകതകൾ, മുറിച്ചപ്പോൾ അതനുഭവിച്ച വേദന, മണ്ണിനടിയിലെ വേരുകളുടെ പിടച്ചിലും നിസ്സഹായാവസ്ഥയും, ശൂന്യമായ തണൽ, ആ തണൽകാഞ്ഞ കിളികളും ഇതരജീവികളും, അല്പകാലം മാത്രം അവ ഓർത്തുവച്ച മരത്തിൽനിന്നും കൈപ്പറ്റിയ ഇളവ്, കസേരയായി മറുജന്മം നൽകിയ ആശാരിയുടെ ആത്മഗതങ്ങൾ, പച്ചമരത്തിന്മേൽ മുറിവുകൾ കൊത്തിയ ഉളിയുടെ മൂർച്ചയും മൂർച്ഛയും, കസേരയായി രൂപം മാറിയതോടെ മരത്തിനുണ്ടായ ഗൗരവം, അതിലുറഞ്ഞ ഏകാന്തത, കസേരയിൽ വിശ്രമിച്ച മനുഷ്യർ, അവരുടെ മനോഗതങ്ങൾ, ആ കസേരയുടെ ആദ്യകാല ഉടമസ്ഥരായിരുന്ന ഞങ്ങളുടെ അയൽക്കാർ, അവരുടെ ആത്മഹത്യ, അനാഥരായ കുട്ടികൾ, കസേരയുടെ കൈപ്പിടിയിൽ വച്ച് പെൻസിൽ ചെത്തുമ്പോൾ ഒരിക്കലെന്റെ കൈമുറിഞ്ഞ നീറ്റൽ, ആ മുറിവിലെ രക്തം തൊട്ടമാത്രയിൽ മരമായിരുന്ന പൂർവ്വകാലത്തിന്റെ വസന്തസ്മൃതികളിൽ കസേരയ്ക്കുണ്ടായ ഉൾപ്പുളകം, ദേഷ്യപ്പെട്ട് ഞാൻ എടുത്തെറിഞ്ഞ് കാലൊടിഞ്ഞ ശേഷം എല്ലാവരാലും വിസ്മൃതമായി വിറകുപുരയിൽ കിടന്നപ്പോൾ അനുഭവിച്ചിരിക്കാനിടയുള്ള ആത്മനിന്ദ, ഒടുവിൽ വിറകായി അടുപ്പിൽ എരിഞ്ഞപ്പോൾ അറിഞ്ഞ ആത്മഹർഷം, ആ ചാരം വാരി പറമ്പിൽ വിതറുന്നതിനിടയിൽ അമ്മ, ഞങ്ങൾ കുട്ടികൾക്ക് നൽകുന്ന ഉപദേശങ്ങൾ, സംഭവിക്കാനിരിക്കുന്ന ഉയർച്ചകൾക്കായി ജീവിതത്തിലുടനീളം പാലിക്കേണ്ടുന്ന ശാസനകൾ (ആചാരം?), പിന്നത്തെ മഴയ്ക്ക് ആ ചാരത്തിൽനിന്നും പൊടിച്ചാർത്ത അനേകം പച്ചപ്പൊടിപ്പുകളുടെ സ്‌നിഗ്‌ദ്ധത... ഇങ്ങനെയിങ്ങനെ കുറേ എഴുതിയിരുന്നു. എഴുതിയെഴുതി മുന്നേറുന്ന സ്വാതന്ത്ര്യം. എഴുത്തിന്റെ ഗതി. രതി. ആനന്ദം. അത് മറ്റെങ്ങും ഞാൻ അനുഭവിച്ചിട്ടില്ല, എഴുത്തിലല്ലാതെ. അതുകൊണ്ടുതന്നെ എത്രയോ പേജുകൾ ഞാനിങ്ങനെ എഴുതിമറിച്ചിരിക്കുന്നു. എന്തിനെക്കുറിച്ചും എന്തും എഴുതാം എന്നതാണ് എഴുത്ത് എനിക്ക് നൽകിയ ആനന്ദം. മനുഷ്യർ മാത്രമല്ല. ഉറുമ്പുകൾ, ഉത്സവം, ഉർസുല (മാർകേസ്), ഉള്ളി, ഉമ്മ (ബഷീർ), ഉതി (മൺകൂന), ഉച്ച (ആനന്ദ്), ഉയിർ (പ്രണയം) എന്നുവേണ്ട സകലതും ഞാൻ വിഷയമാക്കി. കഥയെന്നോ കവിതയെന്നോ നാടകമെന്നോ ലേഖനമെന്നോ അവയെ വിളിക്കാൻ പറ്റുമായിരുന്നില്ല. തുടക്കവും ഒടുക്കവും ഇല്ലാത്ത അവയ്ക്ക് പേരിട്ടുവിളിക്കാവുന്ന സവിശേഷരൂപമൊന്നും ഉണ്ടായിരുന്നില്ല. രൂപരാഹിത്യമായിരുന്നു അവയുടെ രൂപം. ഭംഗി. അർത്ഥമില്ലായ്മയുടെ അർത്ഥം. അസ്ഥിരതയുടെ സ്ഥൈര്യം. പക്ഷേ, അതിലൊക്കെയും എന്റെ മനസ്സുണ്ടായിരുന്നു. ഒരേകാകി ഭാവനചെയ്ത ലോകം. അയാളുടെ നിർമ്മിതി. ആ കടലാസുകളൊക്കെ ഇന്നെവിടെയാണോ ആവോ? വീടുമാറ്റത്തിനിടയിൽ അവയെല്ലാം കല്ലുവെട്ടാങ്കുഴി (Recycle Bin)–യിൽ വിലയം പ്രാപിച്ചിരിക്കാനാണ് സാധ്യത. അതൊന്നും ആരും വായിച്ചില്ല. വായിക്കാൻ ആർക്കും കൊടുത്തുമില്ല. എഴുതി അവസാനിപ്പിച്ചപ്പോൾ ഒരേകദേശരൂപം കൈവരിച്ചവ ഞാൻ പത്രാധിപന്മാർക്ക് അയച്ചുകൊടുത്തു. ചിലത് തള്ളി. ചിലത് കൊണ്ടു. അവയാണ് കഥകൾ എന്ന പേരിൽ അച്ചടിച്ചുവന്നിട്ടുള്ളത്. അവയിൽ ചിലത് സമാഹരിക്കപ്പെട്ടു. അത്രമാത്രം. എഴുതിക്കൊണ്ടിരിക്കുമ്പോൾ ഞാനിങ്ങനെ ചിന്തിച്ചിരുന്നു. അത്രമാത്രം. തൊട്ടടുത്ത നിമിഷം ആലോചനകൾ മാറി. ഞാനും മാറി. അപ്പോഴത്തെ ചിന്തകളും മറ്റേതോ വഴിയേ പോയി. അവറ്റയെ വരുതിയിലാക്കാൻ ഞാൻ പരിശ്രമിച്ചുകൊണ്ടിരുന്നു. എഴുതിക്കൊണ്ടിരുന്നു. ഒന്നും സംഭവിച്ചില്ല. സംഭവിക്കുകയുമില്ല. എഴുതിക്കൊണ്ടിരുന്ന ആ നിമിഷങ്ങളുടെ ഓർമ്മയാണ് ഞാൻ. മറ്റൊന്നുമല്ല. മാറുന്ന ലോകക്രമത്തിൽ മറ്റൊന്നും ആകേണ്ടതുമില്ല. വായനയിൽ നിങ്ങൾക്കും ഒരാനന്ദം, ഒരാന്തൽ അനുഭവിക്കാൻ കഴിയുന്നുണ്ടെങ്കിൽ നല്ലത്. 

പ്രണയഭഗവതി
ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുവന്ന കാലത്തുതന്നെ ഏറെ വായിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്ത രചനകളാണ് ഇവയെല്ലാം. ഇരുമ്പൻപുളി, കൊടിയേറ്റ്, മറ്റൊരു കാരണത്താൽ, പ്രണയഭഗവതി, ഇലവ്, മുളകുചെടികൾ വരയ്ക്കുന്നതാര്, കൈപ്പട, ബ്ലാക്ക് ജൂലൈ, ഥ, സൂക്ഷ്മവശങ്ങൾ, മഞ്ഞൾ എന്നിങ്ങനെ 11 ചെറുകഥകൾ ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു.

മനോജ് വെങ്ങോല


Related Articles