ദൈവത്തെ ഞാന്‍ അറിയുന്നത് ആകാശത്തിനു മുകളിലാണ്. ഈ മേഘപാളികള്‍ക്കുമപ്പുറത്ത് എവിടെയോ. എന്റെ ദൈവത്തിന് രൂപമില്ല. അരൂപിയാണ്. മാനവികശക്തികള്‍ക്ക് അതീതമായത്. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍, ഒരു പൂവു വിരിയുമ്പോള്‍, എല്ലാം നാം ദൈവത്തെ അറിയുന്നു. കേവലമായ ഒരനുഭവത്തിനുമപ്പുറം അതൊരു ദൈവഹിതംകൂടിയാണ്.
ആനന്ദമാണോ ദൈവമെന്ന് ചിലര്‍ സന്ദേഹിക്കുന്നു. ആനന്ദമാണ് ദൈവമെന്ന് പറയുമ്പോള്‍, എന്താണ് ആനന്ദം, എപ്പോളാണ് ആനന്ദം എന്നൊക്കെ ചിന്തിക്കേണ്ടി വരും. തത്കാലം ദൈവമെന്ന വിഷയത്തെ മാറ്റിനിര്‍ത്തി ആനന്ദത്തെക്കുറിച്ച് ചിന്തിക്കാം.
ആനന്ദം നമുക്ക് എവിടെയും കണ്ടെത്താം. പലരും പലതിലും ആനന്ദം കണ്ടെത്തുന്നുണ്ട്. തമ്മില്‍ സംസാരിക്കുന്നതു പോലും ആനന്ദമാണ്. പെയ്തുകൊണ്ടിരിക്കുന്ന മഴ എനിക്കാനന്ദമാണ്. കാറ്റെനിക്ക് ആനന്ദമാണ്. പനിയുള്ള സമയത്ത് ഈ കാറ്റെനിക്കു കുളിരാണ്. അപ്പോള്‍ നമ്മള്‍ തിരിച്ചറിയുന്ന ഒന്നുണ്ട്. ആനന്ദത്തിന്റെ ആപേക്ഷികത. ചിലര്‍ക്ക് പുകവലിക്കുന്നതാണ് ആനന്ദം. ചിലര്‍ക്ക് മദ്യപിക്കുന്നത്. അതായത് നമ്മുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ ഇച്ഛകള്‍ക്ക് അനുകൂലമാവുന്നത് മാത്രമാണ് നമ്മുടെ ആനന്ദം.
