എഴുത്ത് അഥവാ സാമൂഹിക വ്യവസ്ഥകളോടുള്ള പരോക്ഷ യുദ്ധം

World of Letters

എഴുത്ത് അഥവാ സാമൂഹിക വ്യവസ്ഥകളോടുള്ള പരോക്ഷ യുദ്ധം


രോ മനുഷ്യജീവിയും സ്നേഹിക്കപ്പെടാനാണ് ആഗ്രഹിക്കുന്നത്. ചെറുപ്പം മുതലേ സ്നേഹരാഹിത്യത്തിലൂടെ കടന്നു പോയിരുന്ന ഒരു വ്യക്തിയാണ് ഞാൻ. സ്നേഹിക്കപ്പെടാനും അംഗീകരിക്കപ്പെടാനും ഉള്ള മനസ്സായിരുന്നിട്ടും എന്തുകൊണ്ടോ അപമാനിക്കപ്പെട്ടിരുന്നതും വേദനിക്കപ്പെട്ടിരുന്നതുമായ ഒരു ബാല്യകാലമുണ്ടായിരുന്നു. നെഗറ്റീവ് എനർജി മാത്രം പകർന്നു കിട്ടിയിരുന്ന ഒരു ബാല്യകാലം. പഠന രംഗത്ത് ഉയർന്ന നിലവാരം പുലർത്തിയിരുന്നെങ്കിലും നാലാൾ കൂടുന്നിടത്ത് ചെന്നാൽ തല കുനിഞ്ഞ് പോകുമായിരുന്നഅപകർഷത മുന്നിൽ നടന്നിരുന്ന കാലം. ഉള്ളിലുള്ള കഴിവുകൾ പ്രകടിപ്പിക്കാനോ മറ്റുള്ളവരുടെ മുന്നിൽ പ്രശംസ പിടിച്ച് പറ്റാനോ സാധിച്ചിരുന്നില്ല. ഒന്നിനും പറ്റാത്തൊരു ജന്മമെന്ന വിഷാദചിന്തയിൽ സ്വയം ഇകഴ്ത്തപ്പെട്ടിരുന്നിട്ടുണ്ട്. ആ ചിന്തയിൽ നിന്ന് കര കടക്കാനാവാതെ വിമ്മിട്ടപ്പെട്ടിട്ടുണ്ട്. പിന്നീടുള്ള വഴിയിലെപ്പോഴോ ആണ് ആഗ്രഹിക്കപ്പെട്ടിരുന്ന ചില കാല്പനിക ഭൂമികകളിലേക്ക് നയിക്കപ്പെടുന്നതും ഉള്ളിൽ തിങ്ങി നിറഞ്ഞിരുന്ന അസ്വസ്ഥതകൾ എഴുത്തായും പ്രണയമായും കുത്തിയൊഴുകിയത്.

ആ ഒഴുക്കിൽ എന്തൊക്കെയോ നഷ്ടപ്പെടുകയായിരുന്നോ? അതോ നേടിയെടുക്കുകയായിരുന്നോ എന്നറിയില്ല. പിൻതിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തിയോ അസംതൃപ്തിയോ അല്ല. എവിടെയൊക്കെയോ വച്ച് വഴി മാറി നടന്നതാണ് എന്ന് മാത്രം അറിയാം. ചിലപ്പോൾ തോന്നാറുണ്ട് ഈ മാറി നടത്തം കാരണമാണ് എഴുത്തിലേക്ക് വരാൻ സാധിച്ചതെന്ന്.

ആദ്യമായി എഴുതുന്നത് കവിതയാണ്. മനസ്സിലേക്ക് തീവ്രമായി കടന്നു കയറിയ ഒരു പ്രണയമുണ്ടായിരുന്നു. ഒരു പനിനീർപ്പൂവിതളിൽ പറ്റിച്ചേർന്ന് കിടക്കുന്ന നിരന്തര പ്രണയത്തിൻ്റെ മഞ്ഞു തുള്ളിക്കുള്ളിലാണ് എന്ന് തോന്നിയ കാല്പനികതയുടെ അങ്ങേ അറ്റം.. ഒരു പക്ഷേ ഭൂമിയുടെ ഏറ്റവും പ്രിയപ്പെട്ട ഭ്രമണ കാലങ്ങളിലൊന്നിലായിരിക്കും അങ്ങനെയൊന്നിലേക്ക് ഞാൻ വലിച്ചടുപ്പിക്കപ്പെട്ടത്. ആ സമയത്ത് ധാരാളം പ്രണയകവിതകൾ എഴുതിയിരുന്നു. ആയിടക്കാണ് ഒരു ഓണക്കവിതാമത്സരത്തിൽ വിജയിയാവുന്നതും ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിക്കപ്പെടുന്നതും. ആ ഫോട്ടോ ചില സാമൂഹ്യ ദ്രോഹികൾ മോശമായി ചിത്രീകരിക്കുന്നതും ഞാൻ പോലീസിൽ പരാതി കൊടുക്കുന്നതും അതിനെ തുടർന്ന് ഒരു കൂട്ടം ആളുകൾ വീട്ടിലേക്കും സ്റ്റേഷനിലേക്കും കയറി വന്ന് പരാതി പിൻവലിക്കാൻ പ്രേരിപ്പിക്കുന്നതും. ഞാൻ ഭയന്ന് പിൻമാറാതെ കേസിൽ തന്നെ നിന്നു. ആരാണോ ഞാൻ എഴുതുന്നതിനെ ഭയന്നിരുന്നത് അവർ പിന്മാറി. ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഉണ്ടായത് എഴുത്തിന് കൂടുതൽ പ്രചോദനമാവുകയായിരുന്നു.


Related Articles