'മലയാളസാഹിത്യത്തിലെ മൃദുസ്വരങ്ങളാണ് രാഘവേട്ടന്റെ കഥകൾ'

World of Letters

'മലയാളസാഹിത്യത്തിലെ മൃദുസ്വരങ്ങളാണ് രാഘവേട്ടന്റെ കഥകൾ'


എം. രാഘവൻ എല്ലാവർക്കും ഒരു എഴുത്തുകാരനാണ്. എനിക്ക് എഴുത്തുകാരൻ മാത്രമല്ല, ഏട്ടൻ കൂടിയാണ്. എന്നേക്കാൾ പന്ത്രണ്ട് വയസ്സ് കൂടുതലുള്ള രാഘവേട്ടനെ സ്നേഹാദരവുകളോടെ മാത്രമേ എനിക്ക് കാണുവാൻ കഴിയുകയുള്ളു. എന്റെ ജീവിതത്തിലും സാഹിത്യത്തിലും ഒരു നിർണ്ണായകശക്തിയായിരുന്നു അദ്ദേഹം. അതിനെക്കുറിച്ച് രണ്ട് വാക്ക് മാത്രം പറഞ്ഞുകൊണ്ട് ഞാൻ പിൻവാങ്ങിക്കോളാം. അത്രയേ എനിക്ക് കഴിയുകയുള്ളൂ. നീ വലിയൊരു ശക്തിമാനാണെന്ന് ഞാൻ എന്നോട് പറയുമ്പോഴെല്ലാം രാഘവേട്ടന്റെ മുമ്പിൽ ഞാനേറെ ദുർബ്ബലനാണെന്ന് തിരിച്ചറിവ് എന്നിലുണ്ടാകുന്നുണ്ട്. ആ ദൗർബ്ബല്യത്തോടും എളിമയോടും കൂടി മാത്രമേ എനിക്ക് രാഘവേട്ടനെക്കുറിച്ച് എന്തെങ്കിലും പറയുവാനും എഴുതുവാനും കഴിയുകയുള്ളൂ. രാഘവേട്ടൻ ഞങ്ങളുടെ കുടുംബത്തിന് എന്തായിരുന്നുവെന്ന് ആദ്യം പറയാം.

അച്ഛന് എട്ട് മക്കളുണ്ടായിരുന്നു. രാഘവേട്ടൻ മൂന്നാമത്തേതാണ്. ഞാൻ അഞ്ചാമത്തേതും. ചെറിയ ചെറിയ ബിസിനസ് നടത്തിയാണ് അച്ഛൻ കുടുംബം പോറ്റിയത്. അച്ഛനും അമ്മയും മക്കളും അച്ഛന്റെ അമ്മയും പെങ്ങളും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുംബം. സ്ഥിരമായ വരുമാനമില്ലാതെ എങ്ങനെയാണ് അച്ഛൻ ഇത്ര വലിയൊരു കുടുംബം പോറ്റിയതെന്ന് അറിയില്ല.

അച്ഛനമ്മമാരുടെ ആദ്യത്തെ കുട്ടിയായിരുന്നു ഞങ്ങൾ കൗസുവേച്ചിയെന്ന് വിളിച്ചിരുന്ന കൗസല്യ. മറ്റുള്ളവർ അവരെ വിളിച്ചത് കൗസു എന്ന ചുരുക്കപ്പേരിലായിരുന്നു. രാഘവേട്ടനെപ്പോലെത്തന്നെ പഠിത്തത്തിൽ മിടുക്കിയായിരുന്നു അവർ. നല്ല വായനക്കാരിയായിരുന്നു. കാണാൻ ചന്തമുള്ളവളായിരുന്നു. ഉയർന്ന മാർക്കോടെയാണ് അവർ ബ്രവേ പരീക്ഷ പാസായത്. മയ്യഴിയിലെ പത്താം ക്ലാസ് പരീക്ഷയാണ് ബ്രവേ. അക്കാലത്ത് അത് പാസായാൽ മതി, സർക്കാർ ജോലി കിട്ടും. കൗസുവേച്ചിക്ക് സർക്കാർ സ്ക്കൂളിൽ അദ്ധ്യാപികയുടെ ജോലി ലഭിച്ചു. അതോടെ ഞങ്ങളുടെ കുടുംബം രക്ഷപ്പെട്ടുവെന്ന് എല്ലാവരും കരുതി. പക്ഷേ സ്ക്കൂളിൽ അദ്ധ്യാപികയായി ചേർന്ന് ഒരു വർഷം തികയുന്നതിനുമുമ്പ്, ഇരുപതാമത്തെ വയസിൽ കൗസുവേച്ചി മരിച്ചു.. അന്ന് വീണ കണ്ണുനീർ ഉണങ്ങാൻ ഒരുപാട് കാലം വേണ്ടിവന്നു.


Related Articles