കൂർമ്മം: ആമുഖം

World of Letters

കൂർമ്മം: ആമുഖം


കുറച്ചു വർഷങ്ങൾക്കുമുൻപാണ്. ഞങ്ങൾ ഒരു യാത്രയിലായിരുന്നു. ലക്ഷ്യമൊന്നുമില്ലാതെ കണ്ണിൽക്കണ്ട ബസ്സുകളിലൊക്കെ കയറി നേത്രാവതിപ്പാലം കടന്ന് വടക്കോട്ടുപോയ്ക്കൊണ്ടിരുന്നു. അറിയാത്ത ദേശങ്ങളും അവിടത്തെ മനുഷ്യരുടെ ചരിത്രവും ജീവിതങ്ങളും കഥകളുമൊക്കെ ഞങ്ങളെ കൊതിപ്പിക്കുന്നുണ്ടായിരുന്നു. ആ വിദൂരതയിലെവിടെയെങ്കിലും ആൾമാറാട്ടം നടത്തി അവരിൽ ഒരാളായി ജീവിക്കണമെന്നായിരുന്നു അന്നൊക്കെ ഞങ്ങൾ കൊണ്ടുനടന്ന രഹസ്യമോഹം. രാത്രിയായപ്പോൾ സദാ​നേരവും മഴ പെയ്തുകൊണ്ടിരുന്ന മലമുകളിലെ ഒരു പഴയ ഗ്രാമ​ത്തിൽ ഞങ്ങളെത്തി. ഒരിക്കലും നഗരമാകില്ലെന്നു ശഠിക്കുന്ന ആ ഈറൻപ്രദേശം ഞങ്ങളെ സ്നേഹത്തോടെ സ്വീകരിച്ചു. അതിന്റെ ഇരുട്ടുനിറഞ്ഞതെങ്കിലും കൊതിപ്പിക്കുന്ന വഴികളിലൂടെ ഞങ്ങൾ തണുത്തുവിറച്ച് നടന്നു. ഗ്രാമീണപാത വേലികളി​ല്ലാത്ത ഓടുവീടുകൾക്കിടയിലൂടെ വയലുകളിലേക്കു പോകുന്നു. നടന്നു കുളിർന്ന് ഒടുവിൽ ആത്മാവിനെ ചൂടുപിടിപ്പിക്കുന്ന ഒരു സ്ഥലത്ത് ഞങ്ങളെത്തി. ഒരു ഗ്രാമീണബാറായിരുന്നു അത്. കണ്ടാൽ നാട്ടിലെ ഒരു കള്ളുഷാപ്പുപോലെയുണ്ട്. ആരോടും വഴി ചോദിക്കാതെ ഞങ്ങൾ അവിടെ എത്തിയെങ്കിൽ ആ രാത്രി അത് തുറന്നുവച്ചിരിക്കുന്നത് ഞങ്ങൾക്കുവേണ്ടി മാത്രമാണെന്ന് വിശ്വസിച്ച് അതിനുനേരേ നടന്നു. പുറത്തെ തിണ്ണയിൽ സോഡാക്കുപ്പികൾ നിറച്ച ട്രേകൾ. അവ തിണ്ണ നിറഞ്ഞുകിടന്നു. അവി​ടത്തെ മിക്ക വീടുകളേയുംപോലെ പഴയരീതിയിൽ പണിത ഒരു ഓടുവീടായിരുന്നു അത്. കോൺക്രീറ്റ് വീടുകൾ അന്നവിടെ തീരെ കണ്ടില്ലെന്നുതന്നെ പറയാം. കുന്ദാപുരംമുതൽ ചന്ദ്രഗിരിവരെ കാണുന്ന ചെറിയ ഇറയവും വടക്കുഭാഗത്ത് അടുക്കളയും മധ്യത്തിൽ പടിഞ്ഞാറ്റയുമൊക്കെയുള്ള ഓടുവീട്. അകത്തെ വലിയ മുറികളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയ തട്ടികൾകൊണ്ട് കാബിനുകൾ ഉണ്ടാക്കിയിരിക്കുന്നു. അവയിലൊന്നിൽ ഞങ്ങൾ ഇരിപ്പിടം കണ്ടെത്തി. ചുറ്റുമുള്ള കാബിനുകളിൽനിന്നും കന്നഡ​യിലുള്ള സംസാരങ്ങൾ തെറിച്ചുകൊണ്ടിരുന്നു. ആരോ കന്നഡയിൽ ഒരു പാട്ടുപാടി. കാമുകി മരിച്ചുപോയ കാമുകന്റെ കണ്ണീരുപ്പുള്ള പാട്ട്. ആരോ തേങ്ങിയതുപോലെ തോന്നി. മൗനമായിരുന്നു ഞങ്ങളുടെ ഭാഷ. ഞങ്ങൾ ആ മനുഷ്യരെ കേട്ടുകൊണ്ട് വെറുതേ ഇരുന്നു. അപ്പോൾ പലതരം കന്നഡശബ്ദങ്ങൾക്കിടയിൽനിന്ന് തനി കാസറഗോഡീയമായ മിണ്ടൽ ഞങ്ങൾ കേട്ടു. മാതൃഭാഷയുടെ സംഗീതാത്മകമായ വർത്തമാനങ്ങൾക്കായി ഞാൻ കോതോർത്തു. അവർ രണ്ടുപേരുണ്ട്. അതോ മറ്റുള്ളവർ മിണ്ടാതെ ഇരിക്കുകയാണോ? ഒരാൾ മറ്റേയാളിനോടു വഴക്കിടുകയാണ്. അതിനിടയിലും വഴക്കിടുന്നയാളുടെ വിധേയത്വം അയാളെ പിൻതിരിക്കുന്നുമുണ്ടെന്നു തോന്നും. ഒരു യാത്രയെച്ചൊല്ലിയായിരുന്നു ആ തർക്കം. തനിക്കു താത്പര്യമില്ലാത്ത ഒരിടത്താണ് ദേഷ്യപ്പെടുന്ന ആൾ ഇരിക്കുന്നത് എന്ന് കേൾക്കുന്നവർക്കുതോന്നും. മറ്റേയാൾ അയാളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നു. ഇടയ്ക്ക് കളിയാക്കുന്നു. വഴക്കിടുന്നയാൾ തെറിവിളിക്കുമ്പോൾ അയാൾ ചിരിക്കുകയാണ്. കുറച്ചുകഴിഞ്ഞപ്പോൾ രണ്ടാ​മൻ വളരെ സൗമ്യനായി സ്നേഹത്തോടെ കൂട്ടുകാരനെ സമാധാ​നിപ്പിച്ചു. പിന്നെ വഴക്കുകളൊന്നും കേട്ടില്ല. ഒരു സംഘഗാനത്തിൽനിന്നും രണ്ടുപേർ നിശ്ശബ്ദരാകുന്നതുപോലെ തുളുമലയാളം കേൾക്കാതെയായി. അവിടം പൂർണ്ണമായും കന്നഡ പിടിച്ചെടുത്തു. എന്തുകൊണ്ടോ ആ ശബ്ദത്തിനുടമകളെ കാണണമെന്ന് എനിക്കുതോന്നി. ഏതു കാബിനിൽനിന്നാണ് അത് വന്നത്? ഞങ്ങൾ ഓരോന്നിലായി അവരെ തിരഞ്ഞു. പക്ഷേ, ഓരോ കാബിനി​ലുള്ള​വരും ഞങ്ങളോട് കന്നഡയിൽ സംസാരിച്ചു. നിരാശരായി ഞങ്ങൾ ഇരിപ്പിടങ്ങളിലേക്കു മടങ്ങി. വീണ്ടും ആ വഴക്ക് കേൾക്കുന്നുണ്ടോ എന്ന് കാതോർത്തു. പിന്നീട് അതു കേട്ടില്ല. തൊട്ടടുത്ത കാബിനിൽനിന്നും ആരോ വിഷ്ണുവർദ്ധന്റെ സിനിമയിലെ ഒരു സന്തോഷപ്പാട്ട് പാടി. പുറത്ത് ബാർ എന്നെഴുതിയ മഞ്ഞവെളിച്ചത്തിലേക്കു മഴ നൂലുപോലെ പെയ്തുകൊണ്ടിരുന്നു. കാസറഗോഡുകാർ അവരുടെ യാത്ര തുടർന്നുകാണണം. ഇഷ്ടമില്ലാതെ പുറപ്പെടേണ്ടിവന്ന മനഷ്യന്റെ ധർമ്മസങ്കടം ചെരിഞ്ഞുപെയ്യുന്ന മഴയിൽ തങ്ങിനില്പുണ്ടെന്ന് എനിക്കു​തോന്നി. എങ്ങോട്ടായിരിക്കും അവരുടെ പോക്ക്? കഥകളറിയാൻ ആർത്തിയുള്ള എന്നിലെ മനുഷ്യന് അവരുടെ വഴക്കിന്റെ കഥയറിയാൻ ആഗ്രഹ​മുണ്ടായി. അവർ ഒഴിഞ്ഞുപോയ കാബിനിൽ അവരുടെ കഥയുടെ താളുകൾ ചിതറിക്കിടപ്പുണ്ടാകും. എത്രയോ വർഷങ്ങൾ ഞാൻ ആ താളുകൾക്കുവേണ്ടി തിരഞ്ഞുകൊണ്ടിരുന്നു. ഒടുവിലതു കണ്ടെത്തിയെന്നുവന്നപ്പോൾ അവയെല്ലാം ഒഴിഞ്ഞ താളുകളാണെന്നു മനസ്സിലായി. അതെന്താണെന്നറിയാൻവേണ്ടിമാത്രം ആ താളുകൾ എഴുതിനിറയ്ക്കുകയെന്ന സാഹസത്തിലേക്ക് ഞാൻ സ്വയം എടുത്തെറിയുന്നു.

Summary: Excerpt from Koormam, book by K N Prasanth


Related Articles