കൊള്ളിക്കാട്: അദ്ധ്യായം ഒന്ന്

World of Letters

കൊള്ളിക്കാട്: അദ്ധ്യായം ഒന്ന്


“സർ, സ്ഥലം എത്തി…”

ദേഹത്തു തട്ടിയുള്ള ആ വിളിയിൽ എസ്.ഐ. ഡേവിഡ് ചെറി​യൊരു ഞെട്ടലോടെ കണ്ണ് തുറന്നു. ഏതാനും ദിവസങ്ങളുടെ ഉറക്കക്ഷീണം ആ കണ്ണുകളിൽ വ്യക്തമായിരുന്നു. വാഹനം ഓടി​ച്ചിരുന്ന സഹപ്രവർത്തകനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഡേവിഡ് വാച്ചിലേക്ക് നോക്കി. സമയം 6.30. സീറ്റിനടിയിൽ അലക്ഷ്യമായി കിടന്നിരുന്ന കുപ്പിവെള്ളമെടുത്തുകൊണ്ടവൻ ബൊലിറോയിൽനിന്നും പുറത്തേക്കിറങ്ങി. മുഖത്തേക്ക് ഒരുപാടു നേരം വെള്ളമൊഴിച്ച് ബാക്കി വന്ന വെള്ളം കുടിച്ചുതീർത്തുകൊണ്ട് ഡേവിഡ് ചുറ്റും നോക്കി. അവൻ ചെയ്യുന്ന ഓരോ പ്രവൃത്തിയും സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് കുറച്ചധികം ആളുകൾ അവിടെ കൂടിനിൽക്കു​ന്നുണ്ടായിരുന്നു. പോലീസിനെ കണ്ടതിലുള്ള ഭയവും ആകാംക്ഷ​യുമെല്ലാം ആ മുഖങ്ങളിൽ പ്രകടമായിരുന്നു. അവരുടെ അടക്കം പറച്ചിലുകൾ ശ്രദ്ധിച്ചുകൊണ്ടുതന്നെ ഡേവിഡിന്റെ നോട്ടം അവ​രിൽനിന്നെല്ലാം മാറി ദൂരെ തലയുയർത്തി പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയ മരത്തിൽ എത്തിച്ചേർന്നു. കാഴ്ചയിൽ ഒരുപാടു മരങ്ങൾ കൂടിച്ചേർന്ന് ഒന്നായിനിൽക്കുന്ന പ്രതീതി. നിറയെ പക്ഷികൾ പറന്നുയരുന്നതും അതുപോലെതന്നെ തിരികെ വന്നിരിക്കുന്നതും അവൻ ശ്രദ്ധിച്ചു. അവയിൽ പലതും വല്ലാതെ കരയുന്നുണ്ടായിരുന്നു. അത്ഭുതം വിടർന്ന കണ്ണുകളോടെയവൻ ചോദിച്ചു:

“ഇത് എന്ത് മരമാണ്. നാലാളു വട്ടം പിടിച്ചാൽ എത്തില്ലല്ലോ?”


Related Articles