എല്ലാവരെയുംപോലെ കഥകളിലൂടെത്തന്നെയായിരുന്നു എന്റെ ബാല്യവും. കഥകളധികവും എനിക്കുചുറ്റും എപ്പോഴോ ജീവിച്ചു മരിച്ചുതീർന്നവരുടെയും. കേട്ടു മറന്നുപോകുന്നതിനപ്പുറം പല കഥാപാത്രങ്ങളും മായാതെ മനസ്സിലങ്ങനെ തെളിഞ്ഞുനിന്നു.
"ഏകദേശം 30, 35 വയസ്സ് കാണും. കാണാൻ സുന്ദരി. പക്ഷേ, ഭ്രാന്ത് മൂത്തുകഴിയുമ്പോൾ സ്ഥലകാലബോധമില്ലാതെ ഈ ചിറവഴി അവര് ഓടാൻ തുടങ്ങും. ഓടുന്ന വഴിക്ക് സ്വന്തം വസ്ത്രങ്ങളെല്ലാം വലിച്ചുകീറി എറിഞ്ഞു കൊണ്ടാകും പോക്ക്. ഇത് തുടർന്നുകഴിഞ്ഞപ്പോൾ വീട്ടുകാർ എല്ലാംകൂടെ ചേർന്ന് അവരെ പൂട്ടിയിട്ടു. പിന്നെ ഒരു പകൽ അറിയുന്നത് അവര് പൊട്ടക്കിണറ്റിൽ വീണു മരിച്ചെന്നാ. മരിച്ചതോ, കൊന്നതോ? ആർക്കറിയാം. കഷ്ടം!'
ഒരു രാത്രി അച്ഛൻ ഈ കഥ പറഞ്ഞുതീരുമ്പോൾ മനസ്സ് മുഴുവൻ ആ ഭ്രാന്തെടുത്ത സുന്ദരി ആയിരുന്നു. എന്റെ വീട്ടിലേക്കുള്ള പടിഞ്ഞാറൻറോഡ് ചെന്ന് അവസാനിക്കുന്നത് ഒരു വയലിലേക്കാണ്, വയലിനപ്പുറം ഇല്ലത്തുകാവ്. ഭ്രാന്തെടുത്ത ഈ സുന്ദരി വിവസ്ത്രയായി ഈ കാവിനുള്ളിൽ നിൽക്കുന്ന ചിന്തയിൽനിന്നുമാണ് "കൊച്ചുതങ്കയുടെ രക്ത'ത്തിന്റെ തുടക്കം. കേട്ട കഥകൾക്ക് മുകളിലേക്ക് ഈ നോവലിന്റെ ലോകം വളർന്നു. സാമൂഹികവും രാഷ്ട്രീയവുമായ അന്തരീക്ഷങ്ങൾ ഇതിലേക്കു വന്നുചേരുകയായിരുന്നു.
