വൈജ്ഞാനിക മണ്ഡലത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉളവാക്കിയ കണ്ടുപിടിത്തങ്ങളാണ് കടലാസ്സിന്റെയും അച്ചടിയുടെയും. ഇവ രണ്ടും ആദ്യമായി ആരംഭിച്ചത് ചൈനയിലാണ്. വർത്തക സംഘങ്ങൾ വിഴിയാണ് ഇവ കൊറിയയിലും യൂറോപ്പിലും എത്തിയത്. എ.ഡി. 868-ൽ ചൈനയിൽ അച്ചടിച്ച ഹിരാകാസൂത്രമാണ് ലോകത്തിലാദ്യമായി അച്ചടിച്ച ഗ്രന്ഥം. 1301-ൽ മാറ്റിവയ്ക്കാവുന്ന ടൈപ്പുകൾ ചൈനയിൽ പ്രചാരത്തിൽ വന്നു. പീഷെങ് ആണ് അതിന്റെ സൂത്രധാരൻ. പിന്നീടദ്ദേഹം ഇരുമ്പ് ചട്ടക്കൂടുകളോടുകൂടിയ കളിമൺ ടൈപ്പുകളും ഉണ്ടാക്കി. ചൈനക്കാരിൽനിന്ന് പഠിച്ച അച്ചടിവിദ്യ പിന്നീട് പരീക്ഷിച്ചത് കൊറിയയിലാണ്. 1409-ൽ ജനറൽ യീ, ലോഹ ടൈപ്പ് ഫൗണ്ടറി സ്ഥാപിക്കുകയും അതിലെ ടൈപ്പുകൾ ഉപയോഗിച്ച് ഒരു പുസ്തകം അച്ചടിക്കുകയും ചെയ്തു. ആയിരക്കണക്കിന് ചിത്രലിപികളുള്ള ചൈനീസ് ഭാഷയിലും കൊറിയൻ ഭാഷയിലും അച്ചടിയുടെ പുരോഗതിക്കു വേഗത കുറവായിരുന്നു.
അച്ചടിയുടെ ആരംഭചരിത്രമിതാണെങ്കിലും ചലനാത്മക അച്ചുകളുപയോഗിച്ച് 1450-ൽ 1282 പേജുകളുള്ള ലാറ്റിൻഭാഷ ബൈബിൾ അച്ചടിച്ചിറക്കിയ ഗുട്ടൻബർഗ്ഗിനെയാണ് അച്ചടിയുടെ പിതാവായി ലോകം അംഗീകരിച്ചിട്ടുള്ളത്. അതുവഴി ജർമ്മനിക്ക് അച്ചടിയുടെ ജന്മസ്ഥലമെന്ന ബഹുമതിയും ലഭിച്ചു. ബൈബിളിന്റെ ഇരുന്നൂറ് കോപ്പികൾ മാത്രമാണ് ഗുട്ടൻബർഗ്ഗ് അച്ചടിച്ചിരുന്നതെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആ ഗ്രന്ഥത്തിന്റെ 48 പ്രതികൾ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട്. കാരീയം, വെളുത്തീയം, ആന്റിമണി എന്നിവ ചേർത്താണ് തട്ടാനായിരുന്ന ഗുട്ടൻബർഗ്ഗ് അച്ചുകൾക്ക് രൂപം നൽകിയത്. ടർപ്പന്റൈയിനും വിളക്കിൻകരിയും ഉപയോഗിച്ചാണ് അച്ചടിമഷി ഉണ്ടാക്കിയത്. ഇതിനുശേഷമാണ് യൂറോപ്പിന്റെ ഇതര ഭാഗങ്ങളിൽ അച്ചടിയന്ത്രം പ്രചാരത്തിൽ വന്നത്.
ഭാരതത്തിൽ അച്ചടിയന്ത്രം എത്തിച്ചതും അച്ചടി ആരംഭിച്ചതും ക്രിസ്ത്യൻ മിഷനറിമാരാണ്; മതപ്രചരണത്തിന്റെ ഭാഗമായിട്ടാണ്. ഭാരതത്തിൽ ആദ്യമായി പ്രസ് സ്ഥാപിച്ചത് ഗോവയിലാണ്; 1556 സെപ്തംബർ 6-ാം തീയതി. ക്രിസ്തുമത പ്രചരണത്തിന് അബീസിനിയയിലേക്ക് പുറപ്പെട്ട മിഷനറിമാർക്ക് പോർട്ടുഗൽ രാജാവ് സമ്മാനിച്ചതാണ് ആ പ്രസ്സ്. മിഷനറിമാർ സഞ്ചരിച്ചിരുന്ന കപ്പലിനെ കാലവർഷക്കാറ്റ് എത്തിച്ചത് ഗോവയിലാണ്. കാലാവസ്ഥ അനുകൂലമായപ്പോൾ അവർ അബീസിനിയയിലേക്ക് പുറപ്പെട്ടപ്പോൾ പോർട്ടുഗീസ് ഗവർണർ പ്രസ് വിട്ടുകൊടുത്തില്ല. അങ്ങനെയാണ് ഭാരതത്തിന് ആദ്യമായി അച്ചടിയന്ത്രം ലഭിച്ചത്. ബൈബിളിനെ ആസ്പദമാക്കി ഫ്രാൻസിസ് സേവ്യർ പോർട്ടുഗീസ് ഭാഷയിൽ രചിച്ച ഡോക്ട്രീന ക്രിസ്റ്റ്യാനോ എന്ന വേദപാഠപുസ്തകം 1556-ൽ ഗോവയിൽ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തി. ഭാരതത്തിൽ അച്ചടിച്ച ആദ്യത്തെ പുസ്തകമാണത്.
