ചന്ദ്രൻ കൊച്ചാട്ടന്റെ പൂവന്റെ നീട്ടിയുള്ള കൂവലുകേട്ട് പതിവുപോലെ ബെന്നി തൊഴുത്തിൽ കേറി. ആഞ്ഞു കറക്കി കിട്ടിയ ആറേഴു ലിറ്റർ പാലും മായമില്ലാത്ത കൈത്തോടിലെ നാലു ലിറ്റർ തെളിനീരും ചേർത്തു നേരേ അങ്ങാടീലെ ചായക്കടയിലേക്ക് ഹീറോ സൈക്കിൾ ചവിട്ടി പറത്തി. കവലയെത്തും മുന്നേ ചുണ്ടിലെ ബീഡിക്കുറ്റി അറ്റം പറ്റിയപ്പോൾ നീട്ടിത്തുപ്പാൻ തിരിഞ്ഞ വഴിക്കാ അയാളാ കാഴ്ച കണ്ടത്. ഒറ്റനോട്ടത്തിൽ സംഭവം കൃത്യമായി മനസ്സിലാകാത്തതുകൊണ്ട് സൈക്കിൾ ഓരം ചേർത്ത് കണ്ണു തിരുമ്മി നോക്കിയ ബെന്നിയുടെ കൃഷ്ണമണി വെളിയിൽ ചാടി. ബീഡിപ്പുക നെറുകുന്തലയ്ക്കു കേറി ശ്വാസം തന്നെ നിലച്ചു പോയി. പിന്നാലെ വന്ന പത്രക്കാരൻ ഗോപൻ തലയ്ക്കു തട്ടിയപ്പോഴാ ജീവൻ തിരിച്ചുകിട്ടിയത്. ശബ്ദം തിരികെ കിട്ടാഞ്ഞതുകൊണ്ട് കാര്യം തിരക്കിയ ഗോപനോട് കൈ ചൂണ്ടിക്കാണിക്കാൻ മാത്രമേ ബെന്നിക്കു കഴിഞ്ഞുള്ളൂ. ബെന്നിയുടെ അന്താളിപ്പ് മാറിവന്നപ്പോൾ കാണുന്നത് ബോധം പോയി നിലത്തു കിടക്കുന്ന ഗോപനെയാ.
നേരംവെളുത്തു വന്നതോടെ കവലയിലെ ആൾക്കൂട്ടവും കനത്തു. കേട്ടറിഞ്ഞു വന്നവരാണ് അധികവും. പള്ളിക്കൂടത്തിൽ പോകാനിറങ്ങിയ പിള്ളേരടക്കം സകലരും കവലയിൽ തമ്പടിച്ചിട്ടുണ്ട്. ചാമ്പക്കവലേന്ന് കാഴ്ചക്കാരെ കൂട്ടാനുള്ള ട്രിപ്പുകൊണ്ട് ഓട്ടോ മുനീർ ഇന്നു കുറേ നേടും. പാർട്ടി ആപ്പീസിൽ കൂലങ്കഷമായ ചർച്ചകൾ കനത്തു. കൃത്യനിർവ്വഹണത്തിൽ കിറുകൃത്യമായതുകൊണ്ട് പോലീസെത്താൻ സ്വല്പം വൈകി. ആളെ വകഞ്ഞു മാറ്റി മുന്നിൽ കയറിയ സോമൻ പോലീസ് അരിശം കൊണ്ടു വിറച്ചു. ചുരുട്ടിപ്പിടിച്ച മുഷ്ടിയിൽ ഞരമ്പുകൾ വലിഞ്ഞു മുറുകി.
“ഏതു പോക്കണം കെട്ടവനാടാ ഈ അക്രമം കാണിച്ചത്?”
