അല്ലെങ്കില്, എന്താണ് ഒരു കഥാകൃത്ത് പങ്കുവയ്ക്കുക, ഒരു ഭാഷയുടെ മഹത്തായ ഓര്മ്മയിലേക്ക് സഞ്ചരിക്കുക എന്നല്ലാതെ?
ഇപ്പോഴും മുഴുവനാകാത്തതോ ഇപ്പോഴും മുഴുമിപ്പിക്കാത്തതോ ആയ ഒരു കഥ അതിന്റെ പല രൂപഭേദങ്ങളോടെ ഉള്ളില് കൊണ്ടുനടക്കുകയും അതിനുമൊപ്പം അല്ലെങ്കില് അതിനുംമുമ്പില് ആയുസ്സ് മുന്നേറുകയും ചെയ്യുന്ന ഒരവസ്ഥ എനിക്കുമുണ്ട്: എല്ലാ കഥയെഴുത്തുകാര്ക്കും ഉള്ളതുപോലെ തന്നെ. ആയതിനാല്, എന്റെ ഈ പുതിയ സമാഹാരത്തിലെ കഥകളും എന്റെ മുമ്പത്തെ കഥകളുടെ ഓര്മ്മയുള്ളവയാണ്. ചിലത് അതേ ഓര്മ്മയെ മറ്റൊരു വിധത്തില് ഓര്ക്കുന്നതുമാണ്. ചിലത് എന്റെതന്നെ അകത്തേക്ക് നോക്കി ഇരിക്കുന്നതും കാണാന് പറ്റും. കഥകളുടെ ലോകം അങ്ങനെയാണ്. അവ ജീവിതത്തെ സഹ്യമാക്കാന് സ്വയം പരിശീലിക്കുകയും അങ്ങനെ നമ്മെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. കഥകള് എന്റെ ജീവിതംതന്നെയാണ്.
കഴിഞ്ഞ രണ്ടോ മൂന്നോ വർഷത്തില് എഴുതിയ ഏഴു കഥകളാണ് ഇതില്. അവയില് ഏറ്റവും ഒടുവിലെഴുതിയ ‘കപ്പൽച്ചേതം’ ഒരു നീണ്ട കഥയാണ്. ഒരു നോവെല്ല എന്ന് സങ്കല്പിച്ചുകൊണ്ടാണ് അതെഴുതിയതും പൂര്ത്തിയാക്കിയതും പിന്നീട് ‘ഭാഷാപോഷിണി’യില് പ്രസിദ്ധീകരിച്ചതും. പുസ്തകങ്ങളെക്കുറിച്ചും പുസ്തകങ്ങള് വായിക്കുന്നവരെക്കുറിച്ചും ആലോചിക്കുമ്പോഴൊക്കെ പുസ്തകക്കടകളും അവിടങ്ങളിലെ പുസ്തകവില്പനക്കാരും എന്റെ മനസ്സില് വരാറുണ്ട്. ഒരുപക്ഷേ, ലോകത്ത് എവിടെ ചെന്നാലും എന്നെ സന്തോഷിപ്പിക്കുന്ന കാഴ്ചയും ഒരു പുസ്തകക്കടയായിരിക്കും. ഇതുവരെയും സന്ദര്ശിക്കാത്ത ഒരു പട്ടണത്തിലെ പുസ്തകക്കടയിലേക്ക് ചെന്നു കയറുന്നത് ഇതെഴുതുമ്പോള് എനിക്ക് സങ്കല്പിക്കാന് പറ്റുന്നുമുണ്ട്: അപരിചിതമായ ഒരു രാജ്യം അത്രവേഗം പരിചയമാവുന്നു. ‘ഏത് പുസ്തകമാണ് താങ്കള് അന്വേഷിക്കുന്നത്?’ എന്ന് ചോദിച്ച് നടന്നുവരുന്ന മറ്റൊരു ഭാഷക്കാരിയായ പുസ്തകവില്പനക്കാരിയോട് അത്രയും സന്തോഷത്തോടെ ഒരു പുസ്തകത്തിന്റെ പേര് മറുപടിയായി പറയുന്ന എന്നെയും എനിക്ക് ഇപ്പോള് കാണാന് പറ്റും. അയാളുടെ പ്രായം എന്റെ എല്ലാ ആയുസ്സിലും മിന്നിത്തെളിഞ്ഞു മായുന്നതും കാണാം.
