കാലാ വിഹാർ: അദ്ധ്യായം ഒന്ന്

World of Letters

കാലാ വിഹാർ: അദ്ധ്യായം ഒന്ന്


ഇരുദേഹങ്ങളുടെ തൊലിപ്പുറങ്ങൾ തമ്മിൽ ഉരസിയുണ്ടാകുന്ന കാമതീവ്രതയിൽ വിയർത്തൊലിച്ച് ഒടുവിലൊരു സീൽക്കാരത്തോടെ പൂർണ്ണത കൈവരിച്ച് ശ്വസനത്തിന്‍റെ പൂർവാവസ്ഥയിലേക്ക് തിരികെവരാനെന്നോണം അയാൾ എന്‍റെ നഗ്നമായ മാറി​ലേക്ക് തലചായ്ച്ച് കിടന്നു. എന്നിലെ സ്‌ത്രീത്വത്തിൽ അലിഞ്ഞ് തളർന്നുകിടക്കുന്നവനെ നോക്കി മൃദുവായി പുഞ്ചിരിച്ച് ഒരു കുഞ്ഞിനെ ലാളിക്കുന്ന വാത്സല്യത്തോടെ അയാളുടെ ചുരുളൻ തലമുടിയിലൂടെ വിരലുകളോടിച്ചു.

“നരച്ചുതുടങ്ങി, അല്ലേ?” കിടന്ന കിടപ്പിൽ അയാൾ ചോദ്യമെറിഞ്ഞപ്പോൾ ഞാന്‍ പുഞ്ചിരിച്ചുകൊണ്ട് അയാളുടെ തല പതിയെ മാറ്റി, താഴെ കിടന്നിരുന്ന ഇളം പിങ്ക് നിറത്തിലെ നൈറ്റ് ഡ്രസ്സ് കൈയിലെടുത്ത് കുളിമുറിയിലേക്ക് നീങ്ങി. ഞാന്‍ എഴുന്നേറ്റതും കട്ടിലിന്‍റെ നീളൻ കൈയിൽ തൂങ്ങിക്കിടക്കുകയായിരുന്ന വാൻഹ്യുസൺ എന്നെഴുതിയ വെളുത്ത ട്രൗസർ ധരിച്ച് ഗ്ലാസ്ഡോർ തുറന്ന് അയാൾ ബാൽക്കണിയിലേക്ക് നടന്നു. പോകുംവഴി ഭിത്തിയുടെ വലതുവശത്തോട് ചേർത്തിട്ടിരുന്ന മേശവലിപ്പിൽനിന്ന് സിഗരറ്റ് പാക്കറ്റും ലൈറ്ററും എടുക്കാൻ മറ​ന്നില്ല.

കണ്ണെത്താത്ത ഉയരത്തിൽ കെട്ടിപ്പൊക്കിയ ഫ്ലാറ്റ് സമുച്ചയത്തിലെ പന്ത്രണ്ടാം നിലയിൽനിന്ന് താഴേക്ക് നോക്കുമ്പോൾ, പാതിരാവിലും ഉണർന്നിരിക്കുന്ന ബാംഗ്ലൂർ നഗരത്തിലെ തെരു​വുകൾ അയാളെ എന്നും അതിശയിപ്പിക്കാറുണ്ട് പോലും! വർഷങ്ങളായി താൻ ഈ നഗരത്തിന്‍റെ ഭാഗമായിട്ട്. ശ്രദ്ധിച്ചുനോക്കിയാൽ ഓരോ ദിവസവും ഈ നഗരം ഓരോ പുതിയ അത്ഭുതങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ടാകും എന്നാണയാൾ പറയാറ്. ഞാൻ നോക്കുമ്പോഴേക്കും പാക്കറ്റ് തുറന്ന് സിഗരറ്റ് കൈയിലെടുത്ത് ലൈറ്ററിൽനിന്ന് തീ പടർത്തി പല നിറങ്ങളിൽ പ്രകാശം ചൊരിയുന്ന വിളക്കുകളിൽ ശ്രദ്ധയൂന്നി അയാൾ പുകച്ചുതുടങ്ങിയിരുന്നു!


Related Articles