"പട്ടിണി കിടന്ന് മരിക്കുമെന്നായാല്‍പോലും കച്ചവട സിനിമയുടെ ലോകത്തേക്ക് ഞാന്‍ കടന്നു പോവില്ല. എന്റെ സഹജീവികളോട് സംവദിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്ത മാധ്യമമാണ് സിനിമ. ഉറങ്ങാന്‍ എനിക്കൊരു മേല്‍ക്കൂരപോലും വേണ്ട. പട്ടിണികിടക്കാനും എനിക്കറിയാം. എനിക്ക് ഞാനാഗ്രഹിക്കുന്ന സിനിമകളുണ്ടാക്കിയാല്‍ മതി."
- ജോണ്‍ എബ്രഹാം
ഏറെ വര്‍ഷങ്ങള്‍ക്കപ്പുറം കോട്ടയത്തെ ബെസ്‌റ്റോട്ടലിലെ ഇരുളാണ്ട ഒരു കുടുസ്സുമുറിയില്‍, കണ്ണുകള്‍ക്ക് കനംതൂങ്ങുകയും കാലുകള്‍ക്ക് ഇടര്‍ച്ച ബാധിക്കുകയും ചെയ്ത ഒരു പകലറുതിയിലാണ് ജോൺ എബ്രഹാമിനെ ആദ്യമായി അറിയുന്നത്. വിദ്യുച്ഛക്തി നിലച്ചതോ വിളക്കു തെളിക്കാന്‍ ആരും മെനക്കെടാതിരുന്നതോ എന്നറിഞ്ഞുകൂടാ അനേകം മനുഷ്യരുടെ ചൂരും ചൂടും, കൂടാതെ ഓരോരുത്തരുടെയും ചുണ്ടിലെരിയുന്ന ബീഡിയുടെ തീയും പുകയും മുറിനിറയെ നിറഞ്ഞുകുമിഞ്ഞിരുന്നു. തന്റെ ചിരകാല സുഹൃത്തായ കുരിയച്ചന്റെ ആവാസസ്ഥലത്ത്, സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമിടയില്‍ ഒരു 'സിദ്ധാന്തക്കാരന്‍' കുട്ടിയെപ്പോലെ മുറുമുറുത്തുകൊണ്ട് ഒരു മൂലയില്‍ വെറും നിലത്ത് ജോണ്‍ കുത്തിയിരിപ്പുണ്ടായിരുന്നു. ആരോ എന്നെ പരിചയപ്പെടുത്തി. പെട്ടെന്ന് ഏതോ സിനിമയെക്കുറിച്ചോ പുസ്തകത്തെക്കുറിച്ചോ ഉറക്കെ ചോദിച്ചുകൊണ്ട് ജോൺ എന്നോടു വെറുതെ കയര്‍ക്കാന്‍ തുടങ്ങി. ഇത്തരം സന്ദര്‍ഭങ്ങളെ അക്കാലത്ത് അധികം നേരിട്ടു പരിചയമില്ലാത്തതിനാല്‍ ഞാന്‍ മൗനം അവലംബിച്ചതേയുള്ളൂ. കുറെക്കഴിഞ്ഞ് ജോൺ ശാന്തനായി. ഞങ്ങള്‍ പരസ്പരം ആശ്ലേഷിച്ചു. രാത്രിയെ, ഇരുള്‍ ഗാഢമായി പുണരുകയും ഓര്‍മ്മകളും സ്വപ്‌നങ്ങളും ഒന്നാകുകയും ചെയ്തു. തിക്തതീക്ഷ്ണമായ ജോൺ സൗഹൃദത്തിന്റെ സ്‌നേഹസാന്ദ്രമായ ആദ്യ സ്മരണയാണിത്.
കുറെനാള്‍ കഴിഞ്ഞ് കുട്ടനാട്ടിലെ ചേന്നങ്കരിയില്‍വെച്ചാണ് പിന്നീട് ജോണിനെ കാണുന്നത്. 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളു'ടെ ഷൂട്ടിങ് നടക്കുകയായിരുന്നു അവിടെ. ചിത്രീകരണ കോലാഹലങ്ങള്‍ക്കിടെ കൈലിയും തലേക്കെട്ടും മുറിബീഡിയുമായി ചാരായഷാപ്പിലെ ബെഞ്ചിലിരുന്ന് നടത്തിയ ദീര്‍ഘമായ സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ ഞാന്‍ പത്രാധിപരായിരുന്ന 'സംക്രമണം' മാസികയില്‍ ആയിടെ പ്രസിദ്ധീകരിച്ചിരുന്നു. പാതിര കഴിഞ്ഞിട്ടും നീണ്ട പതിവുതര്‍ക്കങ്ങള്‍ക്കിടയില്‍ ഞാനെപ്പോഴോ ഉറങ്ങി. നടന്മാരും സാങ്കേതികവിദഗ്ദ്ധരുമടങ്ങിയ സംഘത്തിന് താമസിക്കാന്‍ വാടകയ്‌ക്കെടുത്ത ഒരു വീടിന്റെ അകത്തളത്തില്‍ നിലത്തുവിരിച്ച പായയില്‍ നെടുമുടി വേണുവടക്കമുള്ളവര്‍ ഉറങ്ങുന്നുണ്ടായിരുന്നു. വീടിന്റെ പുറംതിണ്ണയില്‍ തിരയടങ്ങാത്ത കായലോളങ്ങള്‍ക്കൊപ്പം ജോൺ പുലരുംവരെ പതറുന്നുണ്ടായിരുന്നു.
