ബഷീറിന്റെ പാത്തുമ്മായുടെ ആട് എന്ന നോവലും സ്ഥലപുരാണ നോവലുകളെന്നറിയപ്പെടുന്ന നോവൽത്രയമായ മുച്ചീട്ടുകളിക്കാരന്റെ മകൾ, സ്ഥലത്തെ പ്രധാന ദിവ്യൻ, ആനവാരിയും പൊൻകുരിശും എന്നീ കൃതികളും സൂക്ഷ്മമായി വായിച്ചാൽ അവതമ്മിൽ കൗതുകകരമായ ഒരു ബന്ധമുള്ളതായി കണ്ടെത്താനാകും. രണ്ടും കൂട്ടുകുടുംബങ്ങളുടെ കഥയാണു പറയുന്നത്. ആദ്യത്തേതിലെ കുടുംബം ഒരു വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ കഴിയുമ്പോൾ, രണ്ടാമതു പറഞ്ഞവയിലേത് ഒരു ഗ്രാമം മുഴുവൻ വ്യാപിച്ചുകിടക്കുന്നു എന്ന വ്യത്യാസമേയുള്ളൂ.
അണുകുടുംബങ്ങളുടെ പെരുപ്പത്തിനിടയിലും കൂട്ടുകുടുംബ സമ്പ്രദായം കേരളത്തിൽനിന്ന് തീർത്തും കുറ്റിയറ്റുപോയിട്ടില്ല. അനേകം താവഴികളായി പെരുകിയാലും ഭാഗംവെച്ചു പിരിയാതെ, പെറ്റുവീണ തറവാട്ടിൽതന്നെ ഒരു കുടുംബമായി പൊറുക്കുക. കൊച്ചു കൊച്ചു കലഹങ്ങളും അതി നെയൊക്കെ മുക്കിക്കളയുന്ന അഗാധമായ സ്നേഹവും ഐക്യവും നിലനിർത്തി, സുഖവും ദുഃഖവും ഒരുപോലെ പങ്കുവെച്ചുകൊണ്ടുള്ള ജീവിതം.
ഒരുപാട് താവഴികളില്ലെങ്കിലും സാമാന്യം വലിയ ഒരു കൂട്ടുകുടും ബംതന്നെയാണ് പാത്തുമ്മായുടെ ആടിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. “പാത്തുമ്മായുടെ ആട് അഥവാ പെണ്ണുങ്ങളുടെ ബുദ്ധി എന്ന തമാശക്കഥയാണ് ഞാനിവിടെ പറയാൻപോകുന്നത്” എന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന ഈ നോവലിന് കൃത്യമായ ആദിമധ്യാന്തങ്ങളോടുകൂടിയ ഒരു സമ്പൂർണ്ണ ഇതിവൃത്തമില്ല. അതിസാധാരണമായ ചില സംഭവങ്ങൾ, അതിസാധാരണമായ മട്ടിൽ പറഞ്ഞുപോവുകയാണ്. പക്ഷേ, ആ പറച്ചിൽ വശ്യമധുരമാണ്. നോവൽ വായിച്ചുതുടങ്ങുന്നതോടെ നമ്മളാ കുടുംബത്തിന്റെ ഭാഗമായി മാറുന്നു. അങ്ങനെ ആ വീട്ടിൽ നടക്കുന്ന കാര്യങ്ങളൊക്കെ നമ്മൾ അനുഭവിച്ച റിയുകയാണ്.
