ജനത ഉണർന്നു; കേരളം പിറന്നു

World of Letters

ജനത ഉണർന്നു; കേരളം പിറന്നു


ഭാരതസ്വാതന്ത്ര്യസമരത്തിന്റെ അലയടികൾ തിരുവിതാംകൂറിലും കൊച്ചി​യിലും എത്തിയിരുന്നുവെങ്കിലും കൂടുതൽ ചലനങ്ങൾ സൃഷ്ടിച്ചത് മല​ബാറിലാണ്. നാട്ടുരാജ്യങ്ങളിൽ തൽക്കാലം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവർത്തനം നടത്തേണ്ടതില്ല എന്ന് തീരുമാനിച്ചിരുന്നതു​കൊണ്ട്, കേരളത്തിൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിൽ മാത്രമാണ് കോൺഗ്രസ്സിന്റെ സ്വാതന്ത്ര്യസമര പരിപാടികൾ ഊർജ്ജിതമായി നടന്നിരുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സന്ദേശങ്ങൾക്ക് മാത്രമല്ല, ഡോ. ആനി ബെസന്റിന്റെ ഹോം റൂൾ പ്രസ്ഥാനത്തിനും ഖിലാഫത്ത് ആശയങ്ങൾക്കും മലബാറിൽ നല്ല വേരോട്ടം ലഭിച്ചു. ചുരുക്കത്തിൽ അഖില ഭാരതാടിസ്ഥാനത്തിലുള്ള എല്ലാ ദേശീയ സംരംഭ​ങ്ങളും മലബാറിൽ വളർന്നു പന്തലിച്ചു.

1885-ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് രൂപംകൊണ്ടിരുന്നു​വെങ്കിലും അക്കാലത്തോ അതിനടുത്ത കാലത്തോ മലബാറിൽ കോൺഗ്രസ്സിന്റെ പ്രവർത്തനം എത്തിയിരുന്നില്ല. എന്നാൽ കേര​ളത്തിന് വെളിയിൽ താമസിച്ചിരുന്ന ചില പ്രമുഖ വ്യക്തികൾ കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. അതുകൊണ്ടാണ് 1897-ൽ, മലബാറുകാരനും മദ്രാസിലെ പ്രമുഖ അഭിഭാഷകനുമായിരുന്ന സർ സി. ശങ്കരൻനായർക്ക് ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ അദ്ധ്യക്ഷപദവി അലങ്കരിക്കാനായത്. അഭിഭാഷകവൃത്തിയുമായി മദ്രാസിൽ കഴി​ഞ്ഞിരുന്ന ഉത്തരമലബാറുകാരനായ വി. രൈരുമ്പ്യാർ മറ്റൊരു അവസരത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയായിരുന്നിട്ടുണ്ട്. തിരുവിതാംകൂർ സ്വദേശിയും മദ്രാസ് സ്റ്റാൻഡേർഡിന്റെ പത്രാധിപരായി മദിരാശിയിൽ താമസിച്ചിരുന്ന ദേശീയ നേതാവായി​രുന്ന ജി.പി. പിള്ള കോൺഗ്രസ്സിന്റെ ആരംഭം മുതൽക്കുതന്നെ അതിൽ സജീവ​മായി പങ്കുകൊണ്ടിരുന്നു. 1895-ലും 1898-ലും മദ്രാസിൽവച്ച് ചേർന്ന കോൺഗ്രസ് യോഗങ്ങളുടെ സെക്രട്ടറിയായിരുന്നു അദ്ദേഹം. 1896-ൽ കൊൽക്കത്തയിൽ ദാദാബായ് നവറോജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ, ദക്ഷിണാഫ്രിക്കയിലെ ഭാരതീയരെക്കുറിച്ചുള്ള പ്രമേയം അവതരിപ്പിച്ചുകൊണ്ട് ജി.പി. പിള്ള ചെയ്ത പ്രസംഗം ശ്രദ്ധേയമായ ചരിത്രരേഖയാണ്.

1910- ലാണ് ആദ്യമായി മലബാറിൽ കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി രൂപീകരിച്ചത്. സി. കുഞ്ഞിരാമമേനോനായിരുന്നു ആദ്യത്തെ ജനറൽ സെക്രട്ടറി. കമ്മിറ്റി രൂപീകരിച്ചു എന്നല്ലാതെ കാര്യമായ പ്രവർത്തനങ്ങളൊന്നും ഉണ്ടായിരുന്നില്ല. അന്നത്തെ കോൺഗ്രസ് ഭാരവാഹികളിൽ ഭൂരിഭാഗവും വക്കീൽമാരോ മറ്റ് ഉത്തരവാദപ്പെട്ട തൊഴിലുകളിൽ ഏർ​പ്പെട്ടിരുന്നവരോ ആണ്. മുടക്കുദിവസ​മായ ഞായറാഴ്ച മാത്രമേ അവർ കോൺഗ്രസ് ഓഫീസിൽ എത്തിയിരുന്നുള്ളൂ. അതിനാൽ അവരെ "ഞായറാഴ്ച കോൺഗ്രസ്സുകാർ' എന്നാണ് പറഞ്ഞിരുന്നത്. ബാരിസ്റ്റർ പരീക്ഷ പാസ്സായി എത്തിയ കെ.പി. കേശവമേനോൻ 1916-ൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുെട നേതൃത്വം ഏറ്റെടുത്തതിനുശേഷമാണ് ചിട്ട​യായ പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് കെ. മാധവൻ നായർ, മുഹമ്മദ് അബ്ദുൽ റഹിമാൻ സാഹിബ്, പി. കൃഷ്ണപിള്ള, കെ. കേളപ്പൻ, സി.കെ. ഗോവിന്ദൻ നായർ, എ.കെ. ഗോപാലൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, കെ. ദാമോദരൻ, ഇ. മൊയ്തു മൗലവി തുടങ്ങി പ്രഗല്ഭരായ വ്യക്തികൾ കോൺഗ്രസ്സിന്റെ നേതൃനിരയിലെത്തി. അതിന് ശേഷമാണ് സംഘടനയെ സാധാരണക്കാരുടെ ഇടയിലേക്ക് ഇറക്കിക്കൊണ്ടുവന്നത്.


Related Articles