കടൽക്കൊള്ളക്കാരനായി മാറണം എന്നായിരുന്നു കുട്ടിയായിരുന്നപ്പോഴുള്ള ഏറ്റവും വലിയ ആഗ്രഹം. ഏഴു കടലും അതിനുമുകളിലെ ഇരുണ്ട ആകാശവും നക്ഷത്രങ്ങളും പേരറിയാത്ത അനേകം ഗ്രഹങ്ങളും എന്റെ വരവിനായി കാത്തിരിക്കുന്നതായി ഞാൻ കരുതി. മത്സ്യകന്യകകളും കന്യകന്മാരും രാത്രികാലങ്ങളിൽ മുകളിലേക്കുയർന്ന് എനിക്കുവേണ്ടി താരാട്ടുപാടി. അതുകേട്ടുകൊണ്ട് ഞാൻ ഉറങ്ങി. ഉറക്കത്തിൽ എന്റെ കപ്പലിനെ നേരിടാൻവന്ന കടൽപ്പിശാചുകൾക്കെതിരേ സന്ധിയില്ലാതെ യുദ്ധംചെയ്തു. പോരാട്ടം ജയിച്ചതിന്റെ ആവേശത്തിൽ കപ്പൽത്തട്ടിൽ കയറി കാറ്റിനെതിരേ നെഞ്ചുവിരിച്ചു. ഉറക്കെ പാടി, fifteen men on a dead man's chest, yo! ho! ho! and a bottle of rum. ഹാ, ഞാനൊരൊത്ത കടൽക്കൊള്ളക്കാരൻതന്നെ! ഞാൻ ഉള്ളാലെ ചിരിച്ചു.
പക്ഷേ, ഞാൻ ഒരിക്കലും കടൽക്കൊള്ളക്കാരനായില്ല. കടൽക്കൊള്ളക്കാരനാവുകയാണ് എന്റെ ലക്ഷ്യമെന്ന് പതിയെ എവിടെയോവെച്ച് ഞാൻ മറന്നുപോയി. എന്നാലും എനിക്കെന്തെങ്കിലുമൊക്കെ ആവണമായിരുന്നു.
വേനലവധിക്കാലത്ത് ഒരു പകൽ ഉറക്കമുണർന്നപ്പോൾ ലോർഡ് വോൾഡെമോർട്ടിനെപ്പോലെ ഒരു മാന്ത്രികനാവാൻ ഞാൻ തീരുമാനിച്ചു. നല്ല രസംതന്നെ, അപ്പോഴേക്കും എന്റെ വീട് കൂർത്ത മിനാരങ്ങളുള്ള ഹോഗ് വാട്സായി മാറിക്കഴിഞ്ഞിരുന്നു. കറുത്ത മേലങ്കിയണിഞ്ഞ്, വീടിന്റെ വെളിച്ചമെത്താത്ത മൂലകളിൽ ഒറ്റയ്ക്കുനിൽക്കുമ്പോൾ വോൾഡെമോർട്ടിന്റെ വളർത്തുമൃഗമായ പാമ്പ് എന്റെ ശരീരത്തിലൂടെ ഇഴഞ്ഞു നീങ്ങുന്നത് ഞാനറിഞ്ഞു. Nagini my love... എനിക്കാ പാമ്പിനോട് പ്രേമം തോന്നി. പപ്പായത്തണ്ടറുത്ത് മാന്ത്രികദണ്ഡാക്കി ഞാൻ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ തുടങ്ങി. പരൽമീനുകൾക്ക് ചിറകുകൾ കൊടുത്ത് തുമ്പികളാക്കി മാറ്റി. അരൂപികളായ മേഘങ്ങൾക്കു രൂപം പകർന്നു. തീ തുപ്പുന്ന ഡ്രാഗണുകളായി അവ ആകാശത്തെ വരുതിയിലാക്കി. അതുകണ്ട് ഞാൻ താഴെ നിന്ന് മേല്പോട്ട് കൈകൾ ഉയർത്തി. ശത്രുക്കൾക്കുനേരെ മാന്ത്രികവടി ഉയർത്തി ഞാൻ അലറി avadaa kadavraaa... ഹാ, ഞാനൊരൊത്ത മാന്ത്രികൻതന്നെ!
