വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ പൊതുജീവിത രംഗങ്ങളിൽ സ്ഥാനമുറപ്പിക്കാൻ ശ്രീനാരായണീയരെയും മറ്റും പ്രോത്സാഹിപ്പിച്ചവരിൽ പ്രമുഖനാണു നാരായണഗുരു എന്ന് എല്ലാവർക്കും അറിയാം. കേരളത്തിൽ ആദ്യത്തേത് എന്ന് അറിയപ്പെടുന്ന വ്യാവസായിക പ്രദർശനങ്ങൾ നടത്തിയത്, എസ്.എൻ.ഡി.പി. യോഗത്തിന്റെ രണ്ടും നാലും വാർഷിക യോഗങ്ങളോട് അനുബന്ധിച്ചു കൊല്ലത്തും (1905) കണ്ണൂരിലും (1907) ആയിരുന്നു. ആ സന്ദേശം ഏറ്റെടുത്ത് കാര്യമായി നടപ്പാക്കിയവരിൽ ഒരാൾ, യോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന മഹാകവി കുമാരനാശാൻ തന്നെയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആലുവയിൽനിന്ന് 5 കിലോമീറ്റർ അകലെ ചെങ്ങമനാട്ടു പ്രവർത്തിച്ചിരുന്ന 'യൂണിയൻ ടൈൽ വർക്സി'നെപ്പറ്റി നമുക്കറിയാം. എന്നാൽ അതിനും മുൻപ് ആലുവയിൽ, പട്ടണത്തിന്റെ പാരിസ്ഥിതിക മികവിനെ തകർക്കുംവിധം തുടങ്ങിയ 'ശ്രീനാരായണ ടൈൽ വർക്സി' നെപ്പറ്റിയുള്ള സത്യം നൂറ്റാണ്ടു കഴിഞ്ഞിട്ടും പുറംലോകം അറിഞ്ഞിട്ടില്ല.
നാരായണഗുരുവിന്റെ പങ്കെന്തായിരുന്നു ആ കമ്പനിയിൽ? ആലുവ പട്ടണത്തിൽ തിരുവിതാംകൂർ മഹാരാജാവിന്റെ കൊട്ടാരത്തിനും റെയിൽവേ പാലത്തിനും ഇടയിലായി ഓട്ടുചൂള സ്ഥാപിക്കാൻ നടത്തിയ തീവ്രശ്രമം പൊളിഞ്ഞതെങ്ങനെ? ശ്രമം ജയിപ്പിക്കാൻ ഒരു ദിവാനും തോല്പിക്കാൻ വേറൊരു ദിവാനും യത്നിച്ചതെങ്ങനെ? തന്നെ കണ്ടെടുത്തു കൈ പിടിച്ചു നടത്തി, മഹാജനനായകന്റെയും മഹാകവിയുടെയും ഉത്തുംഗ നിലകളിലെത്തിച്ച മഹാഗുരുവിനോട് ആശാൻ, ആദ്യമായും അവസാനമായും അക്ഷരങ്ങൾകൊണ്ട് ഇടഞ്ഞതെങ്ങനെ? ആശാന്റെ ദാരുണാന്ത്യത്തിൽ കേരളം ദുഃഖക്കയത്തിൽ വീണു വിലപിക്കുമ്പോൾ, കവികുടുംബത്തോട് ഓട്ടുകമ്പനിയുടമകൾ ചെയ്തതെന്ത്? കാവ്യമയമായിരുന്നോ തൊഴിലാളിക്ക്, ആ മുതലാളിത്ത ബാല്യദശയിലെ ഉത്പാദന കേന്ദ്രത്തിൽ കിട്ടിയ ജീവിതം?
ആലുവ പട്ടണത്തിൽ രാജകൊട്ടാരത്തിനു കിഴക്കുള്ള 'വടയപ്പള്ളി പുരയിട'ത്തിൽ ചിലർ 1919-ൽ സ്ഥാപിക്കാൻ ഉദ്ദേശിച്ച ഓട്ടുകമ്പനിയുടെ പേര് 'ശ്രീനാരായണ ടൈൽ വർക്സ്' എന്നായിരുന്നു. മാത്രമല്ല, നാരായണഗുരു അതിലെ ഒരു പങ്കാളിയുമായിരുന്നു എന്നാണ്, സംസ്ഥാന ആർക്കൈവ്സ് ഡയറക്റ്ററേറ്റിൽ സൂക്ഷിച്ചിട്ടുള്ള രേഖകൾ ആദ്യഘട്ടത്തിൽ പറയുന്നത്.
