പൗരാണിക നിഴലുകൾക്കിടയിൽ, ആധുനികത

World of Letters

പൗരാണിക നിഴലുകൾക്കിടയിൽ, ആധുനികത


ഖസാക്കിന്റെ ഇതിഹാസം മലയാളത്തിലുണ്ടാക്കിയ ആഘാതത്തിന്റെ രണ്ട് നേർപ്രതിഫലനങ്ങളായി, ആഷാ മേനോൻ ഒരു ലേഖനത്തിൽ രേഖപ്പെടുത്തിയത് രണ്ട് നോവലുകളെയാണ്. മാടമ്പ് കുഞ്ഞുക്കുട്ടന്റെ അശ്വത്ഥാമാവും മേതിൽ രാധാകൃഷ്ണന്റെ സൂര്യവംശവും. അശ്വത്ഥാമാവിലെ കുഞ്ഞുണ്ണി, ഖസാക്കിലെ രവിയെപ്പോലെ ‘അന്യൻ' ( Outsider) ആണെന്ന് ചൂണ്ടിക്കാണിക്കാൻ അന്ന് എളുപ്പമായിരുന്നു. ഖസാക്കിലെ ഭാഷയുടെ വസ്തുനിഷ്ഠേതര സ്വഭാവം സൂര്യവംശത്തിലെ ഭാഷയിൽ തുടരുന്നുണ്ടെന്നും. എന്നാൽ അമ്പതുവർഷങ്ങൾക്കിപ്പുറം അശ്വത്ഥാമാവിനെ പരിശോധിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഉത്തരങ്ങൾ വേറെ​യാണ്. രവിയുടെയും കുഞ്ഞുണ്ണിയുടെയും അക്ഷാംശരേഖാംശ​ങ്ങൾ വളരെ വളരെ വ്യത്യസ്തങ്ങളാണ് എന്ന് കാണാം.

സവർണ്ണതയുടെ ആന്തരിക വിമർശനം മലയാളത്തിൽ പുത്തനായിരുന്നില്ല. ഇന്ദുലേഖ മുതൽ അതാരംഭിക്കുന്നുണ്ട്. അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് വിടി എഴുതുമ്പോൾ അന്നത്തെ നമ്പൂതിരി സമുദായത്തെത്തന്നെ കൃത്യമായി വളഞ്ഞിട്ട് പിടിക്കുന്നുണ്ട്. അശ്വത്ഥാമാവിനുശേഷം പുറത്തിറങ്ങിയ ലളിതാംബികാ അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷിയിലാകട്ടെ, അതുവരെ പുരുഷർ ആർജ്ജിച്ച ലോകയോഗങ്ങളെ മുഴുവൻ സംഗ്രഹിച്ച്, ഒരു സ്ത്രീയെക്കൊണ്ട് അനുഭവിപ്പിച്ചു. ബ്രാഹ്മണ്യം എന്ന മുതല കടിച്ചുപിടിക്കുമ്പോൾ അഗ്നിസാക്ഷിയിലെ നമ്പൂതിരി പുരുഷൻ ആ വേദനയെ കയ്പൻ സംതൃപ്തിയായി പരിണമിപ്പിക്കുകയാണ്. എന്നാൽ ദേവകി മാമ്പിള്ളി/ദേവകീ ബഹൻ എന്ന നായികയാ​കട്ടെ അത് മുറിച്ചുകടക്കുന്നു. പിന്നീട് അത്തരം ആഖ്യാനങ്ങൾ മലയാളത്തിലുണ്ടായോ എന്ന് നിശ്ചയമില്ല.

കുഞ്ഞുണ്ണി, ബ്രാഹ്മണ്യത്തിന്റെ കടുത്ത അതിരുകൾ അതിലംഘിക്കുന്നുണ്ട്. എന്നാൽ യുആർ അനന്തമൂർത്തിയുടെ സംസ്കാ​രയിലെ നാറാണപ്പയെപ്പോലെയോ ഭാരതീപുരത്തിലെ ജഗന്നാഥനെപ്പോലെയോ അല്ല അശ്വത്ഥാമാവിലെ കുഞ്ഞുണ്ണി. നാറാണപ്പ സ്വയം ഭ്രഷ്ട് ഏറ്റുവാങ്ങിയ വിമതനാണ്. ദലിതരെക്കൊണ്ട് സാളഗ്രാമം സ്പർശിപ്പിക്കുന്ന ജഗന്നാഥൻ രാഷ്ട്രീയ ജീവിയാണ്. ബ്രാഹ്മണ്യത്തിന്റെ ഭക്ഷ്യ, പേയ, ലൈംഗിക വിലക്കുകളെ ലംഘിക്കുന്നുവെങ്കിലും കുഞ്ഞുണ്ണി സ്വയം ഭ്രഷ്ടനാകുന്നില്ല. മറ്റുള്ളവർ അയാൾക്ക് ഭ്രഷ്ട് കല്പിക്കുന്നുമില്ല. സ്വന്തം ഗ്രാമ​ത്തിലെതന്നെ അരികുവത്കരിക്കപ്പെട്ട മനുഷ്യർക്കിടയിലൂടെ അലയുന്നുണ്ടെങ്കിലും അയാളെ രാഷ്ട്രീയജീവി എന്ന് വിളിക്കാനാവില്ല. അനന്തമൂർത്തിയുടെ ബ്രാഹ്മണകേന്ദ്രിത കഥനങ്ങളിൽ അടങ്ങിയിട്ടുള്ള അതിശക്തമായ ആന്തരിക വിമർശനം അശ്വത്ഥാമാവിൽ കാണാൻ കഴിയില്ല. അതേസമയം ആഢ്യനായ വല്യമ്പൂരിയുടെ കുടിലതന്ത്രങ്ങളെ നിരന്തരമായി മനസ്സിലാക്കുകയും അത്യാവശ്യ സമയത്ത് എതിർക്കുകയും ചെയ്യാൻ കുഞ്ഞുണ്ണി മുതിരുന്നുണ്ട്. പരമ്പരാഗത നമ്പൂതിരി സമുദായത്തിനുള്ളിലെ സ്ത്രീകളുടെ ദയനീയമായ നിലയെ അശ്വത്ഥാമാവ് മിഴിവോടെ വരച്ചുകാണിക്കുന്നുണ്ട്. എന്നാൽ നവോത്ഥാനത്തിന്റെ ഊർജ്ജമാണ് അതിൽ പ്രവർത്തിക്കുന്നത് എന്ന് പറയാൻ കഴിയില്ല. അതിന്റെ കാരണം നവോത്ഥാനാന്തര കാലത്തെ കഥാപാത്രമാണ് കുഞ്ഞുണ്ണി.


Related Articles