ആരും കൂട്ടിനില്ലാത്തൊരു ബാല്യകാലത്ത് തനിച്ചു കളിക്കാവുന്നൊരു കളിപോലെ കൂടല്ലൂരിലിരുന്ന് ഒരു കൗമാരക്കാരന്‍ എഴുതാന്‍ തുടങ്ങി. നരിവാളന്‍ കുന്നും താന്നിക്കുന്നും കണ്ണാന്തളിപ്പൂക്കളും മലമക്കാവിലെ നീലത്താമരപ്പൊയ്കയും ഭ്രാന്തന്‍ വേലായുധനും കാതുമുറിച്ച മീനാക്ഷിയേടത്തിയും പകിടകളിക്കാരന്‍ കോന്തുണ്ണിമാമയും യൂസുഫിന്റെ പീടികയുമുള്ള കൂടല്ലൂര്‍ എഴുത്ത് പൊലിപ്പിച്ച വിളനിലമായി. മച്ചിലെ ഭഗവതി കൊടിക്കുന്നത്തമ്മ മാത്രം തുണ. അങ്ങനെ ഏത് വലിയ എഴുത്തുകാരനെയുമെന്നപോലെ ദേശം എം.ടിയെ ആവേശിച്ചു. എം.ടിയെന്ന രണ്ടക്ഷരങ്ങള്‍ എഴുത്തിന്റെ തനതായൊരു ഭൂപ്രകൃതിയായി. കഥകള്‍ ആ പ്രകൃതിയുടെ നേരുള്ള ഹൃദയവ്യഥകളായി. ഏതു മലയാളിയും എം.ടിക്കഥകളില്‍ തന്റെ ആത്മാംശം കണ്ടെത്തി. ആ കൂടല്ലൂരില്‍പ്പോയി മടങ്ങിയതിന്റെ പിറ്റേന്നാള്‍ നേരില്‍ക്കാണുമ്പോള്‍ പതിവില്ലാത്തൊരു ചിരിയോടെ അദ്ദേഹം പറഞ്ഞു:
“വായിച്ചിട്ട് ഈ സ്ഥലം കാണാന്‍വന്ന നിരവധി പേരുണ്ട്. എന്നെക്കാണാനല്ല, തെക്കുഭാഗങ്ങളില്‍ അധികമറിയാത്ത ഈ സ്ഥലം കാണാന്‍ വന്നവര്‍. കഥകളൊക്കെ വായിച്ചതില്‍നിന്നും കിട്ടുന്ന വിവരങ്ങളുമായി വരുന്നവരാണ്. അങ്ങനെ വന്ന് ഇവിടുന്നൊരു വിവാഹം കൂടിയായാലെന്തെന്ന് ആലോചിച്ചവരുമുണ്ട്. കഥകളില്‍ക്കണ്ട സ്ഥലങ്ങളും പെണ്‍കുട്ടികളെക്കുറിച്ചുമൊക്കെയുള്ള ഭാവനയില്‍ ശരിക്കും ഗൗരവമായി അങ്ങനെ ആലോചന നടത്തിയവരുണ്ട്, ഞാന്‍ പേര് പറയുന്നില്ല.''
ഒരു കാഥികനില്‍നിന്നും എം.ടി. മലയാളത്തിന്റെ ഏറ്റവും ഐതിഹാസികമായൊരു കാലഘട്ടമായി വളര്‍ന്നതും വള്ളുവനാട്ടിലൊരു കുഗ്രാമം കഥയെ സ്‌നേഹിക്കുന്നവരുടെ തീർത്ഥഭൂമിയായതും വെറുതെയല്ല. വ്യക്തിയെ മൗനം മൂടിനിന്നപ്പോള്‍ ദേശം പ്രതിഭയില്‍ നടത്തിയ സര്‍ഗ്ഗപരമായ ഒരാഭിചാരംകൊണ്ടാണ്. എവിടെയായിരിക്കുമ്പോഴും എഴുത്തില്‍ എം.ടി. കൂടല്ലൂര്‍ക്കാരനായിരുന്നുവെന്ന് സന്ദേഹമില്ലാതെ പറഞ്ഞൊരാള്‍ ചിത്രകാരൻ നമ്പൂതിരിയാണ്. കൂടല്ലൂരെന്ന ജന്മദേശം, പുന്നയൂര്‍ക്കുളമെന്ന പിതൃദേശം, കുമരനെല്ലൂരിലെ പഠനകാലം, പാലക്കാട്ടെയും കോഴിക്കോട്ടെയും ഔദ്യോഗിക ജീവിതകാലം–കണക്കില്‍ എം.ടി. പിന്നിട്ട ദേശങ്ങളഞ്ചും കഥകള്‍ കോരിച്ചൊരിഞ്ഞു. പക്ഷേ, തെക്ക്-വടക്ക് ഭേദങ്ങളില്ലാതെ ആസ്വാദനം സാധ്യമാകണമെന്ന് എഴുത്തുകാരന്‍ ആശിച്ചു.
