അവരുടെ മരണവും കഴിഞ്ഞ് മുപ്പത്തിനാല് വര്‍ഷത്തിനുശേഷം സിമോൺ ദ ബുവാ (Simone de Beauvoir) എഴുതിയ ‘ദാരുണമായ പ്രണയ കഥ’, അവരുടെ ഏറ്റവും ആത്മാംശം കലര്‍ന്ന നോവല്‍, കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇങ്ങനെയാണ് രണ്ടായിരത്തി ഇരുപതിൽ ഈ പുസ്തകം ഫ്രഞ്ച് മാധ്യമങ്ങളിൽ വിശേഷിപ്പിക്കപ്പെട്ടത്: “Les Inseparables”, the story of a “passionate and tragic friendship between two rebellious young girls.” 1954 -ൽ എഴുതിയ ഈ നോവൽ, അവരുടെ ജീവിതകാലത്ത് മേശവലിപ്പിന്റെ ഏറ്റവും താഴെയുള്ള വലിപ്പില്‍ നിക്ഷേപിക്കപ്പെട്ട മാനുസ്ക്രിപ്റ്റ്, ആ സമയം പുസ്തകമാവുകയായിരുന്നു. ഈ കാലതാമസത്തിന് ഒരു കാരണമായി പറഞ്ഞത് അക്കാലത്തുതന്നെ അതുവായിച്ച അവരുടെ പങ്കാളി, സാർത്രേയ്‌ക്ക് (Jean-Paul Sartre) നോവല്‍ പിടിച്ചില്ല എന്നാണ്. (Jean-Paul Sartre “held his nose” when he read it.). സിമോൺ ദ ബുവാ തന്റെ വിഖ്യാതമായ കൃതി, The Second Sex, എഴുതുന്നത് ഇതിനും അഞ്ചു വർഷം മുമ്പാണ്. പ്രണയവും ശരീരവും സ്വാതന്ത്ര്യവും പെണ്‍ജീവിതവും ചര്‍ച്ച ചെയ്യുന്ന ആ പുസ്തകത്തില്‍ തന്റെ കാമനകളുടെ കാരണങ്ങളും അവര്‍ അന്വേഷിക്കുന്നു. ഈ കഥയിലും അതെല്ലാം ഉണ്ട്.
സാര്‍ത്രിന്റെയും ബുവായുടെയും ജീവിതത്തെപ്പറ്റിയും അവരുടെതന്നെ ബന്ധങ്ങളെപ്പറ്റിയും കഥകളും പുസ്തകങ്ങളും ഉണ്ട്. എന്നാല്‍, തങ്ങളുടെ സര്‍ഗ്ഗാത്മകതയെ തങ്ങള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ‘രാഷ്ട്രീയ തത്വചിന്ത’കൊണ്ടും കലാദര്‍ശനംകൊണ്ടും അവര്‍ സമീപിക്കുന്ന രീതിക്ക് ഐക്യമുണ്ടായിരുന്നു എന്നുവേണം കരുതാൻ. അതിനാകട്ടെ, existentialist philosophy യുടെ ഉൾബലവുമുണ്ടായിരുന്നു. എഴുത്തുകാരിയുടെ ആക്ടിവിസം, അല്ലെങ്കില്‍, അവരുടെ എഴുത്തില്‍ത്തന്നെ ഡ്രസ് റിഹെസല്‍, ഈ തുടർച്ചയിൽ ഉണ്ടുതാനും. സിമോണ്‍ ദ ബുവായുടെ പ്രശസ്തമായ ഈ വരികളില്‍ ഉള്ളപോലെ: One is not born, but rather becomes, a woman..
ഈ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ, The Inseparables (tr: Lauren Elkin), ഇപ്പോള്‍ വായിക്കുമ്പോൾ സിമോൺ ദ ബുവയുടെ ആശയലോകമല്ല, അവരുടെ കലയുടെ വൈകാരിക ആവശ്യമാണ് നമ്മൾ, ഒരു പക്ഷേ, കണ്ടുമുട്ടുന്നത്: കല, ബന്ധങ്ങളെ പരിചരിക്കുന്ന വിധം നമ്മൾ കണ്ടുമുട്ടുന്നു. ആൻഡ്രേ, സിൽവി എന്നീ രണ്ട് പെൺകുട്ടികളുടെ കൗമാരത്തിന്റെ ഓർമ്മ പിന്നീട് പ്രണയത്തിന്റെയും വിരഹത്തിന്റെയും ദുഃഖത്തിന്റെയും നഷ്ടപ്പെടലിന്റെയും രേഖയാവുന്നതും അതിൽ ഒരാളുടെ ജീവിതാന്ത്യം വരെയും ആ ഹ്രസ്വകാലം നീണ്ടു നിൽക്കുന്നതും പറയുകയാണ് ഈ കഥയിൽ. അത്രയും സാധാരണമായി. എന്നാൽ, നോവൽ, അതിന്‍റെ ജീവാംശമായി സ്വീകരിക്കുന്ന 'നഷ്ടം', അതിലടങ്ങിയ കാരണങ്ങൾ - മതം, യുദ്ധം, നീതി, തുല്യത തുടങ്ങി ബുവയുടെ തന്നെ പ്രിയപ്പെട്ട വിഷയങ്ങളുമാണ്. അതാണ് ആ കലയുടെ സാരാംശവും. അപ്പോഴും, തന്റെ ജീവിതകാലത്ത് ഈ നോവൽ അവർ പ്രസിദ്ധീകരിച്ചതുമില്ല. തീർച്ചയായും അത് സാർത്രിന് പിടിക്കാത്തതു കൊണ്ടാവില്ല. മറിച്ച്, ഒരു നഷ്ടത്തെ തന്റെ ജീവിതത്തോളം തന്നെ വിലമതിക്കുന്നതുകൊണ്ട്. അഥവാ, അങ്ങനെ കരുതാനേ നമ്മുക്ക് പറ്റൂ. നഷ്ടം സത്യത്തോളം യഥാർത്ഥവുമത്രെ!
