നഗ്നനേത്രങ്ങൾക്ക് അദൃശ്യരായ അനേകം കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ എന്റെ എഴുത്തുമേശയിൽ, ഈ കഥയിലെ പ്രധാന കഥാപാത്രങ്ങളായ ദേവും മിഥിലയും ആദ്യമായി ജന്മംകൊള്ളുമ്പോൾ അവർ എനിക്ക് തികച്ചും അപരിചിതരായിരുന്നു. എന്നാൽ കഥ മുന്നോട്ടുപോയപ്പോൾ അവർ എന്റെ മനസ്സിന്റെ ഭാഗമായി മാറി. അതുകൊണ്ടുതന്നെ ഈ നോവൽ കറുത്ത മഷികൊണ്ട് വെളുത്ത കടലാസിൽ എഴുതിയ വാക്കുകളുടെ കൂട്ടം മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ പറയാൻ ആഗ്രഹിച്ച ജീവിതമോ, ഞാൻ ജീവിക്കാൻ കൊതിച്ച ജീവിതമോ, അല്ലെങ്കിൽ എപ്പോഴോ മറ്റൊരു ജന്മത്തിൽ ജീവിച്ചുതീർത്ത ജീവിതത്തിന്റെ ഓർമ്മയോപോലെ ദേവും മിഥിലയും ഇന്നും എന്നോടൊപ്പം സഞ്ചരിക്കുന്നു.
പ്രണയം എന്താണ് എന്നതിന് ഓരോരുത്തർക്കും ഓരോ നിർവചനങ്ങളുണ്ടാകാം. എന്നാൽ പ്രണയം എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിനുള്ള എന്റെ കാഴ്ചപ്പാടാണ് ഈ നോവൽ. അതുകൊണ്ടുതന്നെ ഇതിനെ ഒരു പ്രണയകഥയായിമാത്രം വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആത്മാർത്ഥമായ പ്രണയത്തിനൊപ്പം മനോഹരമായ സൗഹൃദവും കുടുംബബന്ധങ്ങളിലെ ഇണക്കങ്ങളും പിണക്കങ്ങളും ജീവിതം സമ്മാനിക്കുന്ന അപ്രതീക്ഷിത വഴിത്തിരിവുകളും സസ്പെൻസും ട്വിസ്റ്റുകളും നിറഞ്ഞ ഒരു പച്ചയായ ജീവിതാനുഭവമാണ് ഈ നോവലിലൂടെ പകർത്താൻ ഞാൻ ശ്രമിച്ചിരിക്കുന്നത്.
