(വിവർത്തനം: റൗഫ് റൂമി)
വീട്ടിൽ നിന്ന് അകലെ
നല്ല സുഖമുള്ള ഒരു ശീതകാലപ്പുലരി. എനിക്ക് കിടക്കയിൽ നിന്ന് എഴുന്നേൽക്കാനേ തോന്നിയില്ല. ആകെ മഞ്ഞ് മൂടിക്കെട്ടി നിൽക്കുകയാണ്, സൂര്യനെ കാണാൻ കൂടി കഴിയുന്നില്ല. ബാംഗളൂർ ഒരു കാലത്ത് ഹിൽസ്റ്റേഷൻ ആയിരുന്നുവെന്നൊക്കെ ഞാൻ കേട്ടിട്ടുണ്ട്, എന്നാൽ ഇപ്പോൾ അങ്ങനെ ഒന്നും അല്ല. വെളുപ്പാൻ കാലത്തെ കോടമഞ്ഞ് വളരെ അപൂർവ്വമാണ്.
ഞാൻ ജനാലയിൽ കൂടി പുറത്തേക്കൊന്ന് കണ്ണോടിച്ചു. ചുരുണ്ട് കൂടി കിടക്കണോ അതോ നടക്കാനിറങ്ങണോ എന്ന് തീരുമാനിക്കാൻ കഴിയാതെ രണ്ട് മനസ്സുമായി ഇരിപ്പായിരുന്നു ആ സമയത്ത് ഞാൻ. എന്റെ കിടക്കയിൽ ജനാലയ്ക്കരികിൽ ഇരുന്ന് മെയിൻ ഗെയ്റ്റിലേക്ക് നോക്കി. താച്ചി അജ്ജി വീടിന്റെ മുൻവശത്ത് ഇരിപ്പുണ്ട്. എല്ലാ ദിവസവും രാവിലെ സൂര്യൻ ഉദിച്ച ഉടനെ താച്ചി അജ്ജി മുറ്റത്ത് കോലം വരയ്ക്കും. ഞാൻ അവരെ നോക്കിയിരുന്നു, പിന്നെ സിദ്ദുവോ സാവന്തോ വരാൻ കാത്ത് കോട്ടുവായിട്ട് മൂരി നിവർന്നു. താച്ചി അജ്ജി അകത്ത് കയറിവന്ന് എന്റെ സോഫയിൽ ഇരുന്നു. നല്ല കലാവസനയുള്ള ആളാണ് താച്ചി അജ്ജി. ഓരോ ദിവസവും വേറെ വേറെ ഡിസൈനാണ് അവർ വരക്കുക. ഒരു ദിവസം എന്നെ വരക്കാൻ പറഞ്ഞാലോ എന്നാണ് എന്റെ ചിന്ത. എന്നാൽ അവരത് സമ്മതിക്കാനൊന്നും പോകുന്നില്ല, എനിക്ക് ഉറപ്പാണ്. ഞാൻ അവർ വരച്ചു വച്ച കോലം നോക്കി. ഒരു പൂക്കൊട്ടയാണ് ഇത്തവണത്തെ ഡിസൈൻ. ഞാൻ കോട്ടുവായിട്ടു.
