(അരുന്ധതി റോയിയുടെ ഓർമ്മപ്പുസ്തകമായ മദർ മേരി കംസ് ടു മി-യുടെ ആദ്യ അദ്ധ്യായം
വിവർത്തനം: എൻ. ജി. നയനതാര)
വിടവാങ്ങാനായി അവർ തിരഞ്ഞെടുത്തത് ഏറ്റവും മനോഹരമായ സെപ്തംബർമാസമായിരുന്നു. മൺസൂൺ പിന്മാറിയതോടെ പർവ്വതങ്ങൾക്കും സമുദ്രത്തിനുമിടയിൽ ഒരു മരതകത്തുണ്ടുപോലെ കേരളം വെട്ടിത്തിളങ്ങി. വിമാനം ലാൻഡിങ്ങിനായി താഴ്ന്നു പറക്കുകയും ഭൂമി ഉയർന്നുവന്ന് ഞങ്ങളെ എതിരേൽക്കുകയും ചെയ്തപ്പോൾ ഇത്രയേറെ തൊട്ടറിയാവുന്ന, ഉടലിൽ പടരുന്ന വേദന ഈ ഭൂപ്രദേശം സമ്മാനിക്കുമെന്ന് എനിക്കു വിശ്വസിക്കാനായില്ല. അവരുടെ സാന്നിധ്യമില്ലാതെ പ്രിയങ്കരമായ ഈ പ്രകൃതി എനിക്കു പരിചിതമായിരുന്നില്ല, എന്റെ ഭാവനകളിലോ സ്മരണകളിലോ അതുണ്ടായിരുന്നില്ല. മലകളെയും മരങ്ങളെയും പച്ചനദികളെയും സിമന്റിട്ടുനിരത്തി മെലിഞ്ഞുമെലിഞ്ഞുവരുന്ന വയലുകളെയും അവയ്ക്കു മുകളിൽ അറുബോറൻ കല്യാണസാരികളുടെയും അതിലും വഷളായ ആഭരണങ്ങളുടെയും പരസ്യവുമായി നിൽക്കുന്ന പടുകൂറ്റൻ ബോർഡുകളെയും കുറിച്ച് അവരെക്കൂടാതെ എനിക്കു ചിന്തിക്കാനാവുമായിരുന്നില്ല. അവയിലെല്ലാം അവർ ഇഴചേർന്നു കിടന്നു––എന്റെയുള്ളിൽ ഏതു പരസ്യബോർഡിനെക്കാളും ഉയരത്തിൽ, കൂലംകുത്തിയൊഴുകുന്ന നദിയെക്കാൾ അപകടകാരിയായി, തോരാമഴയെക്കാൾ തീവ്രതയോടെ, സമുദ്രത്തെക്കാൾ വലിയ സാന്നിധ്യമായി. ഇത് എങ്ങനെയാവും സംഭവിച്ചിട്ടുണ്ടാവുക? എങ്ങനെ? ഒരു മുന്നറിയിപ്പുപോലുമില്ലാതെ അവർ മുറിയൊഴിഞ്ഞുപോയി. പതിവുപോലെ, പ്രവചനങ്ങൾക്കു വഴങ്ങാതെ.
പള്ളിക്ക് അവരെ വേണ്ടായിരുന്നു. അവർക്ക് പള്ളിയെയും (അതിനു പിന്നിൽ ദൈവത്തിനുപോലും പങ്കില്ലാത്ത ഒരു ക്രൂരചരിത്രമുണ്ട്). ഞങ്ങളുടെ പട്ടണത്തിലെ അവരുടെ പ്രതിച്ഛായയും പട്ടണത്തിലെ പതിവുരീതിയും കണക്കിലെടുത്ത് അവർക്ക് ഉചിതമായ ഒരു ശവസംസ്കാരച്ചടങ്ങ് ഒരുക്കേണ്ടിയിരുന്നു. പ്രാദേശികദിനപത്രങ്ങൾ അവരുടെ ചരമവാർത്ത മുൻപേജിൽത്തന്നെ പ്രസിദ്ധീകരിച്ചു; മിക്ക ദേശീയപത്രങ്ങളും വാർത്ത നൽകാൻ മറന്നില്ല. അവർ സ്ഥാപിച്ച സ്കൂളിലെ നിരവധി തലമുറകളിൽപ്പെട്ട പൂർവവിദ്യാർത്ഥികളുടെയും അവർ കാരണം ജീവിതം മാറിമറിഞ്ഞവരുടെയും കേരളത്തിലെ ക്രിസ്ത്യൻ സ്ത്രീകളുടെ തുല്യ സ്വത്തവകാശത്തിനായി അവർ നടത്തിയ ഐതിഹാസികമായ നിയമയുദ്ധത്തെക്കുറിച്ച് അറിയാവുന്നവരുടെയും സ്നേഹപ്രവാഹത്തിൽ ഇന്റർനെറ്റ് ജ്വലിച്ചുയർന്നു. അവർക്കുവേണ്ടി ഏറ്റവും ഉചിതമായതുതന്നെ ചെയ്യണമെന്നും അർഹിക്കുന്ന രീതിയിൽ അവരെ യാത്രയാക്കണമെന്നും ഈ ചരമോപചാരങ്ങൾ ഞങ്ങളെ ഓർമ്മിപ്പിച്ചു. പക്ഷേ, എന്താണ് ഉചിതമായത്? ഭാഗ്യത്തിന് അവർ മരിച്ച ദിവസം സ്കൂൾ പൂട്ടി കുട്ടികളൊക്കെ വീട്ടിലേക്കു പോയിരുന്നു. സ്കൂൾ കാമ്പസ് പൂർണ്ണമായും ഞങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമെന്നത് വലിയ ആശ്വാസമായിരുന്നു. ഒരുപക്ഷേ, അവരും അങ്ങനെതന്നെ പ്ലാൻചെയ്തുകാണണം.
അമ്മയുടെ മരണത്തെക്കുറിച്ചും അത് ഞങ്ങളെ, വിശേഷിച്ചും എന്നെ, എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുമുള്ള ചർച്ചകൾ എനിക്കു മൂന്നു വയസ്സുള്ളപ്പോഴേ തുടങ്ങിയിരുന്നു. ആസ്ത്‌മാരോഗംകൊണ്ട് അവശയായ, കൈയിൽ നയാപൈസയില്ലാത്ത ഒരു മുപ്പതുകാരിയായിരുന്നു അവരന്ന് (ഒരു ബാച്ചിലർ ഓഫ് എജ്യൂക്കേഷൻ ബിരുദം മാത്രമായിരുന്നു ഏകസമ്പാദ്യം). തീർന്നില്ല; അവരുടെ ഭർത്താവുമായുള്ള (എന്റെ അച്ഛൻതന്നെ. അതു പറയുമ്പോൾ അല്പം അസ്വാഭാവികത തോന്നുന്നു) ബന്ധം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഏതാണ്ട് എൺപത്തിയൊമ്പതാം വയസ്സിലാണ് അവർ മരണപ്പെട്ടതെന്നതുകൊണ്ട് ആസന്നമൃത്യുവിനെപ്പറ്റിയും വിൽപ്പത്രത്തിനെപ്പറ്റിയുമൊക്കെ ചർച്ചചെയ്യാൻ നീണ്ട അറുപതുവർഷം പിന്നെയും അവർക്കു കിട്ടി. പിന്തുടർച്ചാവകാശം, വിൽപ്പത്രം തുടങ്ങിയ വിഷയങ്ങളിലെ അമിതതാത്പര്യം കാരണം രണ്ടാഴ്ചയിലൊരിക്കലെങ്കിലും അവർ ആ വിൽപ്പത്രം തിരുത്തിയെഴുതുമായിരുന്നു. അവർ അഭിമുഖീകരിച്ച അനാവശ്യഭീതികളും തലനാരിഴയ്ക്കുള്ള രക്ഷപ്പെടലുകളും വമ്പൻ തിരിച്ചുവരവുകളുമൊക്കെ ഹുദീനിയെപ്പോലും ഞെട്ടിക്കുന്നവയായിരുന്നു. മോശമായി ഒന്നും സംഭവിക്കില്ല എന്നൊരു തെറ്റിദ്ധാരണ അത് ഞങ്ങളിലുണ്ടാക്കി. അമ്മയ്ക്കു മുന്നേ ഞാൻ മരിക്കും എന്നാണു സത്യമായും ഞാൻ വിശ്വസിച്ചത്. പക്ഷേ, അവർ ആദ്യം വിടപറഞ്ഞപ്പോൾ ഞാൻ തകർന്നു; ഹൃദയം തരിപ്പണമായി. എത്ര തീവ്രമാണ് ആ പ്രതികരണമെന്നോർത്ത് എനിക്ക് ആശയക്കുഴപ്പവും അല്പസ്വല്പം ലജ്ജയും തോന്നി.
എന്റെ ചേട്ടൻ ആ ദൗർബല്യത്തിൽത്തന്നെ തൊട്ടു: “നീ ഇങ്ങനെ പ്രതികരിക്കുന്നത് എന്തിനാണെന്ന് എനിക്കു മനസ്സിലാവുന്നേയില്ല. നിന്നോടു പെരുമാറിയ അത്രയും മോശമായി അവർ ആരോടും പെരുമാറിയിട്ടില്ല.” ശരിയായിരിക്കാം; എന്നാൽ എന്റെ അഭിപ്രായത്തിൽ ആ ട്രോഫി അവന് അവകാശപ്പെട്ടതാണ്. കുട്ടികളായിരിക്കുമ്പോൾ ഞങ്ങൾക്കു സംഭവിച്ചതൊന്നും മനസ്സിൽ വയ്ക്കാതെ ഞാൻ സ്വയം അപമാനിതയാവുകയാണെന്ന് അവനു തോന്നിക്കാണും. പക്ഷേ, ഞാനതെല്ലാം ഒരുപാടുമുൻപേ ഉപേക്ഷിച്ചിരുന്നു. അതുപോലുള്ള സങ്കടങ്ങളും അവകാശനിഷേധങ്ങളും തീരാത്ത കുടിലതകളും ഒന്നിനൊന്നു വ്യത്യസ്തമായ നരകീയാനുഭവങ്ങളുമൊക്ക കണ്ടറിയുകയും അവയെക്കുറിച്ച് എഴുതുകയും ചെയ്തിട്ടുള്ളതുകൊണ്ട് ഞാനൊരു ഭാഗ്യശാലിയായാണ് സ്വയം പരിഗണിക്കാറ്. പ്രധാനപ്പെട്ട സംഗതികളുടെ ഒരു അടിക്കുറിപ്പുമാത്രമായേ എന്റെ ജീവിതത്തെ ഞാൻ കണക്കാക്കിയിട്ടുള്ളൂ. അതൊരു ദുരന്തമല്ലെന്നുമാത്രമല്ല, ചിലപ്പോഴൊക്കെ രസകരവുമാണ്. ഒരുപക്ഷേ, ഞാനത് എന്നോടുതന്നെ പറയുന്ന നുണയാകാം. കാറ്റ് ആഞ്ഞടിക്കുന്നിടത്ത് കുടിൽ കെട്ടിയിട്ട് അതെന്റെ ഹൃദയത്തെ ഉടലിൽനിന്ന് പറത്തിക്കൊണ്ടുപോയി ശുദ്ധീകരിക്കുമെന്നു കരുതുന്നതാകാം. ഇനി എഴുതാൻപോകുന്ന സംഗതികൾ, എന്റെ ബാല്യത്തോട് ഞാൻ കാണിക്കുന്ന വഞ്ചനയാകാം. അതൊരു ചെറിയ പാപമല്ലെങ്കിലും അതിലെ ശരിയും തെറ്റും കണക്കുകൂട്ടാവുന്ന അവസ്ഥയിലല്ല ഞാൻ
