ഒരു ശൈത്യകാലത്തിന്റെ അന്ത്യത്തിലാണ് അമ്മ എനിക്ക് വിഷാദരോഗമാണ് എന്ന തീരുമാനത്തിൽ എത്തിയത്. ഞാനപ്പോൾ പതിനേഴാം വയസിലേക്കു കടക്കുകയായിരുന്നു. അങ്ങനെ ഒരു കണ്ടുപിടിത്തത്തിലെത്താൻ അമ്മയ്ക്ക് മതിയായ കാരണങ്ങളുമുണ്ട്. ഞാൻ വല്ലപ്പോഴും മാത്രമേ വീട് വിട്ടു പുറത്തുപോയിരുന്നുള്ളൂ. മിക്കസമയവും കിടക്കയിൽതന്നെ. വായിച്ച പുസ്തകം വീണ്ടും വീണ്ടും വായിക്കും. തോന്നുന്ന സമയത്ത് ഭക്ഷണം കഴിക്കും. വെറുതെ ഇരിക്കുന്ന സമയങ്ങളിലെല്ലാം മരണത്തെക്കുറിച്ച് ചിന്തിക്കും. കാൻസറിനെക്കുറിച്ചുള്ള ബുക്‌ലെറ്റുകളോ വെബ്സൈറ്റോ എന്തുതന്നെ നോക്കിയാലും, വിഷാദരോഗം കാൻസറിന്റെ ഒരു പാർശ്വഫലമായാണ് പറയാറുള്ളത്. വാസ്തവത്തിൽ, വിഷാദരോഗം കാൻസറിന്റെ പാർശ്വഫലമല്ല. മറിച്ച് ഒരു വ്യക്തി മരിച്ചുകൊണ്ടിരിക്കുന്നതിന്റെ പാർശ്വഫലമാണ് (കാൻസറും മരണത്തിന്റെ ഒരു പാർശ്വഫലമാണ്. സത്യത്തിൽ എല്ലാം അങ്ങനെതന്നെ).
എന്നാൽ എനിക്ക് ഈ അവസ്ഥയിൽ ചികിത്സ ആവശ്യമാണെന്ന് അമ്മ ഉറച്ചു വിശ്വസിച്ചു. അങ്ങനെ ഒരുദിവസം അമ്മ എന്നെ എന്റെ സ്ഥിരം ഡോക്ടറായ ഡോ. ജിമ്മിന്റെ അടുത്തേക്കു കൊണ്ടുപോയി. അദ്ദേഹവും അമ്മയുടെ അഭിപ്രായത്തോട് യോജിച്ചു. അതായത്, ഞാൻ മുഴുവനായും മരവിച്ച് വിഷാദരോഗത്തിൽ നീന്തുകയാണെന്നും അതുകൊണ്ടുതന്നെ എന്റെ മരുന്നുകൾ പുനഃക്രമീകരിക്കണമെന്നും എല്ലാ ആഴ്ചയും സപ്പോർട്ട് ഗ്രൂപ്പിൽ പങ്കെടുക്കണമെന്നും ഡോക്ടർ നിർദ്ദേശിച്ചു. ട്യൂമർ കാരണമുണ്ടാവുന്ന അനാരോഗ്യത്തിന്റെ വിവിധ അവസ്ഥകളിൽ ഭ്രമണംചെയ്യുന്ന കുറച്ചു പേരായിരുന്നു ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. എന്തുകൊണ്ടാണ് അവർ ഭ്രമണംചെയ്യുന്നത്? മരിക്കുന്നതിന്റെ പാർശ്വഫലംതന്നെ.
പ്രതീക്ഷിച്ചതുപോലെ സപ്പോർട്ട് ഗ്രൂപ്പ് നരകംപോലെ നിരാശാജനകമായിരുന്നു. കുരിശാകൃതിയിൽ കൽമതിലുള്ള എപ്പിസ്‌കോപ്പൽ പള്ളിയുടെ നിലവറയിലെ മുറിയിൽ എല്ലാ ബുധനാഴ്ചയും ഞങ്ങൾ കണ്ടുമുട്ടി.
