ഓസ്ട്രേലിയയുടെ സാഹിത്യചരിത്രത്തെ അധിനിവേശകാലത്തെ രചനകളിൽ നിന്ന് ദേശീയ/തദ്ദേശീയ സാഹിത്യത്തിലേക്കുള്ള ലളിതമായ ഒരു പരിണാമമായി കാണാനാവില്ല. അതിജീവനത്തിന്റെയും പലായനത്തിന്റെയും സമൃദ്ധമായ അടരുകളിലൂടെ ഉരുവംകൊണ്ട ഒരു സാഹിത്യബോധ്യം അവിടെയുണ്ട്. ബ്രിട്ടീഷുകാരുടെ വരവിന് മുൻപ്, 60,000-ത്തിലധികം വർഷങ്ങളായി തദ്ദേശീയരായ അബോറിജിനൽ, ടോറസ് സ്ട്രെയിറ്റ് ഐലൻഡർ ജനവിഭാഗങ്ങളായിരുന്നു ഓസ്ട്രേലിയയിൽ വസിച്ചിരുന്നത്. അധിനിവേശം കേവലം ഒരു പുതിയ ജനവിഭാഗത്തെ കൊണ്ടുവരിക മാത്രമല്ല ചെയ്തത്. കൃഷിയിലൂടെയും, വിഭവശേഖരണത്തിലൂടെയും ഓസ്ട്രേലിയയുടെ പാരിസ്ഥിതിക വ്യവസ്ഥകളെ അത് സമൂലമായി മാറ്റിയെഴുതുകയായിരുന്നു. അതിനാൽ, ഓസ്ട്രേലിയൻ സാഹിത്യത്തെ പാരിസ്ഥിതിക ചരിത്രവും കുടിയേറ്റ അധിനിവേശവുമായി ബന്ധിപ്പിച്ച് വേണം വിശകലനം ചെയ്യേണ്ടത്. ഏറ്റവും പഴയ സാഹിത്യ പാരമ്പര്യങ്ങൾ ആദിമവാസികളുടെയും (Aborigines) ടോറസ് സ്ട്രെയിറ്റ് ദ്വീപുവാസികളുടെയും വാമൊഴി പാരമ്പര്യങ്ങളാണ്. അവയിൽ കഥകൾ, പാട്ടുകൾ, പുരാണങ്ങൾ, സ്വപ്നങ്ങൾ എന്നിവയുമായി ചേർത്തുവായിക്കാവുന്ന രചനകൾ ഉൾപ്പെടുന്നു. ഈ പാരമ്പര്യങ്ങൾ യൂറോപ്യൻ കുടിയേറ്റത്തിന് വളരെ മുമ്പുതന്നെ നിലവിലുണ്ടായിരുന്നു. യൂറോപ്പിൽ നിന്നുള്ള ആദ്യകാല കുടിയേറ്റക്കാർക്ക് തങ്ങൾ കൂടെക്കൊണ്ടുവന്ന സാംസ്കാരിക ധാരണകളുടെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയ പലപ്പോഴും അപരിചിതവും വിചിത്രവും മനസ്സിലാക്കാൻ പ്രയാസകരവുമായ ഒരിടമായാണ് അനുഭവപ്പെട്ടത്. 1788-ൽ ബ്രിട്ടീഷ് കോളനിവൽക്കരണം ആരംഭിച്ചതിനുശേഷമുള്ള എഴുത്തുകളിൽ പ്രധാനമായും യാത്രാക്കുറിപ്പുകൾ, പര്യവേക്ഷണ വിവരണങ്ങൾ, തടവുകാരുടെ അനുഭവങ്ങൾ എന്നിവയാണ് ഉൾപ്പെട്ടിരുന്നത്. അതിനുശേഷം, എഴുത്തുകാർ ഓസ്ട്രേലിയൻ ഭൂപ്രകൃതിയെ ചിത്രീകരിക്കാനും തനതായ ഒരു കൊളോണിയൽ സ്വത്വം രൂപപ്പെടുത്താനും തുടങ്ങി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും, ഓസ്ട്രേലിയൻ എഴുത്തുകാർ തങ്ങളുടെ രാഷ്ട്രത്തിന്റെ സ്വത്വത്തെ അനാവൃതമാക്കാൻ കൂടുതലായി ശ്രമിച്ചു. ഹെൻറി ലോസൺ, ബാൻജോ പാറ്റേഴ്സൺ എന്നീ എഴുത്തുകാരാണ് ഈ ശ്രമങ്ങൾക്ക് ആക്കം കൂട്ടിയത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, സാഹിത്യത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ചും മൂല്യവിചാരത്തെ പറ്റിയുമുള്ള ധാരണ വികസിച്ചു. വളർന്നു വരുന്ന രാഷ്ട്രമെന്ന നിലയിൽ ഓസ്ട്രേലിയയുടെ നിലപാടുകളിൽ ദിശാബോധം കൃത്യമാവേണ്ടതുണ്ടായിരുന്നു. രാഷ്ട്രത്തിനുവേണ്ടി ധാർമ്മികവും ആത്മീയവുമായ യാഥാർത്ഥ്യങ്ങളെയും ആദർശങ്ങളെയും പിന്തുടരുക എന്നത് എഴുത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണെന്ന കാര്യത്തിൽ ഓസ്ട്രേലിയൻ എഴുത്തുകാരും നിരൂപകരും പൊതുവെ യോജിക്കുകയും ചെയ്തു. 1890-കളിൽ ഉയർന്നുവന്ന രണ്ട് നോവലുകൾ ഓസ്ട്രേലിയൻ സാഹിത്യത്തെയും ഓസ്ട്രേലിയൻ സാഹിത്യ സംസ്കാരത്തെയും കുറിച്ചുള്ള ഭാവി ചർച്ചകൾക്ക് ഒരു മാതൃകയായി മാറി. മൈൽസ് ഫ്രാങ്ക്ളിന്റെ My Brilliant Career (1901), ജോസഫ് ഫർഫിയുടെ Such is Life (1903) എന്നീ നോവലുകളായിരുന്നു അവ.
ഇരുപതാം നൂറ്റാണ്ടിലെ എഴുത്തുകാർ തനതായ ഓസ്ട്രേലിയൻ സാംസ്കാരികവും പുരാവൃത്തപരവുമായ പാരമ്പര്യത്തിനപ്പുറത്തേക്ക് കടന്ന് യുദ്ധം, നഗരജീവിതം, ലിംഗഭേദം, വർഗ്ഗം, ഒറ്റപ്പെടൽ, കുടിയേറ്റം, ദേശീയ സ്വത്വം തുടങ്ങിയ വിഷയങ്ങൾ ആവിഷ്കരിച്ചത് ശ്രദ്ധേയമാണ്. 1973-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ പാട്രിക് വൈറ്റ്, ക്രിസ്റ്റീന സ്റ്റെഡ്, ഡേവിഡ് മാലൂഫ്, പീറ്റർ കാരി എന്നിവർ ഈ കാലഘട്ടത്തിലെ പ്രമുഖ എഴുത്തുകാരുടെ കൂട്ടത്തിലുണ്ട്. സാഹിത്യത്തിനുള്ള നോബൽ സമ്മാനാർഹനായ പാട്രിക്ക് വൈറ്റ് കഥാപാത്രങ്ങളുടെ വിവിധ വീക്ഷണകോണുകളുടെ സഹായത്തോടെ വികസിക്കുന്ന ആഖ്യാനങ്ങളാണ് രൂപപ്പെടുത്തിയത്. കാലഗണനയുടെ കിഴ്മേൽമറിച്ചിലുകൾ, ഭൂതകാലത്തിനും വർത്തമാനത്തിനും ഇടയിലുള്ള ആഖ്യാനത്തിന്റെ സഞ്ചാരം എന്നിവ അദ്ദേഹത്തിന്റെ ഫിക്ഷന്റെ (The Aunt's Story, Voss, Riders in the Chariot and The Eye of the Store തുടങ്ങിയവ) പ്രധാന ആധുനിക സവിശേഷതകളായി തിരിച്ചറിയുന്നു. 1982-ൽ ബുക്കർ സമ്മാനം നേടിയ തോമസ് കെനീലി (Schindler's Ark) ഓസ്ട്രേലിയയുടെ സാഹിത്യ താരമായി മാറി. 2014-ൽ റിച്ചാർഡ് ഫ്ലാനഗൻ ഈ നിരയിലെ ഏറ്റവും പുതിയ അംഗമായി (The Narrow Road to the Deep North). രണ്ടുതവണ ബുക്കർ പ്രൈസ് നേടിയ ഏക ഓസ്ട്രേലിയക്കാരനാണ് പീറ്റർ കാരി (1988ൽ Oscar and Lucinda യ്ക്കും and in 2001ൽ True History of the Kelly Gangനും). ഡി.ബി.സി. പിയറിന് (Vernon God Little) 2003-ൽ ബുക്കർ പുരസ്കാരം ലഭിക്കുകയുണ്ടായി. ഓസ്ട്രേലിയൻ-ഇന്ത്യൻ നോവലിസ്റ്റായ അരവിന്ദ് അഡിഗയാണ് മറ്റൊരു ബുക്കർ ജേതാവ്. ദക്ഷിണാഫ്രിക്കയിൽ ജനിച്ച ജെ എം കുറ്റ്സിയാകട്ടെ 2003-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടുമ്പോൾ ഓസ്ട്രേലിയയിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് അദ്ദേഹം ഓസ്ട്രേലിയൻ പൗരത്വം നേടി.
