ജലജീവികളുടെ രോദനം–സർഗസമരങ്ങൾ

World of Letters

 ജലജീവികളുടെ രോദനം–സർഗസമരങ്ങൾ


“നിഷ്പക്ഷത പറക്കാനറയ്ക്കുന്ന ഒരു പക്ഷിയാണെങ്കിൽ ഞാനതിനെ തീറ്റിപ്പോറ്റിയിട്ടില്ല”

അടിയന്തരാവസ്ഥക്കാലത്തെ അമിതാധികാരവാഴ്ചയ്ക്കെതിരേ ഉയർന്ന ഇന്ത്യൻ കാവ്യശബ്ദങ്ങൾ സ്വരുക്കൂട്ടി 1983–ൽ ജോൺ ഒലിവർ പെറി ഒരു സഞ്ചിതപുസ്തകം ഇംഗ്ലിഷിൽ തയ്യാർ ചെയ്ത​പ്പോൾ (Voices of Emergency: An All India Anthology of Protest Poetry of the 1975-77 Emergency) അതിന് ആമുഖപഠനമെഴുതാൻ നിയുക്തനായത് മലയാളികൂടിയായ ഡോ. കെ. അയ്യപ്പപ്പണിക്ക​രായിരുന്നു. ‘കാവ്യശാസ്ത്രവും രാഷ്ട്രീയവും’ (Poetics and Politics) എന്ന ശീർഷകത്തിലെഴുതപ്പെട്ട ആ ലേഖനത്തിൽ സർഗാത്മകതയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെപ്രതി അയ്യപ്പപ്പണിക്കർ ചില സൂക്ഷ്മനിരീക്ഷണങ്ങൾ അവതരിപ്പിക്കുന്നുണ്ട്. അടിയന്തരാവസ്ഥയ്ക്ക് എന്തെങ്കിലും ഗുണഫലമുണ്ടായതായി നമുക്ക് വാദി​ക്കാമെങ്കിൽ, അത് ‘രാഷ്ട്രീയവും സർഗാത്മകതയും തമ്മിലുള്ള മുൻകാലവിചാരങ്ങളിൽനിന്നു ഭിന്നമായ ഒരു പുതിയ കാവ്യ​ശാസ്ത്രം പ്രാബല്യത്തിലെത്തി എന്നതു മാത്രമായിരിക്കു’മെന്ന് അയ്യപ്പപ്പണിക്കർ അവിടെ നിരീക്ഷിക്കുന്നു. ഒരർഥത്തിൽ സാഹിത്യ​രചന സ്വയമേവ രാഷ്ട്രീയപ്രവർത്തനമായി മാറുന്ന പ്രക്രിയയായി ഈ പുതുകാവ്യശാസ്ത്രത്തെ മനസ്സിലാക്കാം. ‘എഴുത്തോ നിന്റെ കഴുത്തോ?’ എന്ന വിഖ്യാതമായ ചോദ്യത്തിലൂടെ അടിയന്തരാവ​സ്ഥക്കാലത്ത് എം. ഗോവിന്ദൻ സൂചിപ്പിച്ചതും സർഗാത്മകത​യുടെ ഈ രാഷ്ട്രീയവത്കരണത്തെയാണ്.

അടിയന്തരാവസ്ഥയുടെ ഭീഷണാന്തരീക്ഷത്തിലാണ് പൂർണാർഥ​ത്തിൽ പ്രത്യക്ഷപ്പെട്ടതെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകങ്ങൾ മുതലെങ്കിലും എഴുത്തിനെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കാനുള്ള സംഘടിതശ്രമം മലയാളത്തിലുണ്ടാവുന്നുണ്ട്. നിലവിലുള്ള സാ​ഹി​​ത്യോത്പാ​ദ​നരീതിയോടും സൗന്ദ​ര്യാ​ത്മ​​കപ്രത്യയ​ശാ​​സ്ത്രത്തോടും ഉന്നയിക്ക​പ്പെ​ട്ട കടുത്ത വിമർശ​നങ്ങളായാണ് ആ സംവാദപരിസരവും ഭാവുകത്വത്തിന്റെ പുതുക്കലുകളും അര​ങ്ങേറിയത്. അക്കാലത്തെ സംവാദങ്ങളിലൊന്നിലേർപ്പെട്ട് ക​ലാ​കാ​​രരെ അർച്ചകർ, പ്ര​വാ​​ച​കർ, ഉപകാരികൾ എന്നു വേർ​​തി​രിക്കുന്നുണ്ട് കേസരി എ. ബാലകൃഷ്ണപിള്ള. കേവലലാവണ്യ​​വാദി​കളാണ് അർച്ചകരെന്നും വർത്തമാന​കാ​ല​ത്തിൽ തല​യിട്ട് സാ​​ഹി​ത്യം അശുദ്ധപ്പെടുത്തരുതെന്ന നിലപാ​ടാണ് അത്തരം എഴുത്തുകാരുടെ പൊതുരീതിയെന്നും അദ്ദേഹം വിമർശനമുന്നയിക്കുന്നു. ലോകത്തിനു നൽ​കാനുള്ള സ​ന്ദേ​​​ശ​​ത്തിൽമാത്രം മുഴുകുന്ന പ്രവാചകരും ലോക​രു​ടെ സ്ഥിതി ന​ന്നാ​ക്കാൻ ഒരു​മ്പെ​​​ടു​​ന്ന ഉപകാരികളുമാണ് സാഹിത്യത്തെ മുൻപോട്ടു ന​യി​ക്കു​ന്ന​ത് എന്നാണ് കേസരിയുടെ പക്ഷം. ഇവരുടെ ശ്ര​ദ്ധ പ​തി​ഞ്ഞി​രിക്കുന്നത് അർച്ചകരെപ്പോലെ ജീവിതത്തിലല്ല, ജീ​വി​തം​കൊണ്ട് എ​ന്തുചെ​​യ്യാ​മെന്നുള്ളതിലാകുന്നു. അർച്ചകരും ഉപകാരികളും തമ്മി​ലു​ള്ള ഭിന്നത സാ​ഹിത്യം ഉ​ള്ളിടത്തോളം നിലനിൽക്കുമെന്നു ചൂണ്ടിക്കാട്ടുന്ന കേ​സ​രി സാ​മൂ​ഹി​കമായ പ​രി​വർ​ത്ത​നഘട്ടത്തിൽ പ്രമുഖസ്ഥാനം നൽകേണ്ടത് ‘ഉപ​കാ​രികൾ’​ക്കാ​ണ് എന്ന വാദം കൂടെ ഇവിടെ അവതരിപ്പിക്കുന്നുണ്ട്. ഭരണകൂടവിമർശനങ്ങൾ മുച്ചൂടും അടിച്ചമർത്തപ്പെട്ട കാലത്ത് നിർഭയം എഴുതപ്പെട്ട ‘ഉപകാരീസാഹിത്യരചന’കളുടെ സമാഹാരമായ ഈ പുസ്തകം, ഒരു നൂറ്റാണ്ടെങ്കിലും പഴക്കമുള്ള കേസരിയുടെ നിരീക്ഷണത്തിൽനിന്ന് ആരംഭിക്കുന്നതിന്റെ സാംഗത്യവും മറ്റൊന്നല്ല.


Related Articles